Quantcast

വിജയ് - ലോകേഷ് ചിത്രം 'ലിയോ'യുടെ കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ കേരളത്തിലെ വൻ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്റെ അടുത്ത ചിത്രം 'ലിയോ' ആകാനുള്ള സാധ്യതകൾ ഏറെയാണ്.

MediaOne Logo

Web Desk

  • Updated:

    2023-07-05 14:40:50.0

Published:

5 July 2023 2:22 PM GMT

gokulam gopalan
X

കൊച്ചി: ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ. തുടക്കം മുതൽ തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതൽ തുകയുമായി വിതരണാവകാശം ഗോകുലം ഗോപാലൻ സ്വന്തമാക്കി.

കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന "ലിയോ" എന്ന ചിത്രത്തിന് വൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും. കമൽ ഹാസനെ നായകനാക്കി 'വിക്രം' എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വിജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'ലിയോ' ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നു. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ കേരളത്തിലെ വൻ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്റെ അടുത്ത ചിത്രം 'ലിയോ' ആകാനുള്ള സാധ്യതകൾ ഏറെയാണ്. അന്യ ഭാഷയിലെ പ്രമുഖ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. മറ്റ് അന്യഭാഷയിൽ നിർമാതാക്കൾക്ക് കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസിന്റെ നൽകാൻ പ്രത്യേക താല്പര്യവുമുണ്ട്. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളാണുള്ളത്.

കേരളത്തിൽ വിതരണാവകാശം ഏറ്റെടുക്കുമ്പോൾ പോലും ചിത്രത്തിന് കേരളത്തിൽ വമ്പൻ പ്രൊമോഷനാണ് നൽകുന്നത്. ഇത് താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും സന്തോഷം നൽകുന്ന കാര്യം കൂടിയാണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷൻ പരിപാടികൾ ആദ്യം തുടങ്ങിയത് കേരളത്തിൽ നിന്നായിരുന്നു. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകർക്കും നൽകിയ വരവേൽപ്പ് തമിഴ്നാട്ടിൽ പോലും ചർച്ചയായിരുന്നു.

ശ്രീ ഗോകുലം മൂവീസിനെ വിതരണം ഏൽപ്പിക്കുവാൻ അന്യഭാഷാ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം സാമ്പത്തിക കാര്യങ്ങളിലുളള കൄത്യനിഷ്ഠയാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലൻന്റെ ശ്രീ ഗോകുലം മൂവീസാണ്. അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹാസൻ ചിത്രം ഇൻഡ്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത.

ശക്തമായ ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കും ഊർജ്ജസ്വലരായ ടീമുമാണ് ശ്രീ ഗോകുലം മൂവീസിൻറ്റെ പിൻബലം. വരും നാളുകളിൽ മലയാളത്തിൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പുറമേ നിരവധി അന്യഭാഷ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളും ഗോകുലം ഗോപാലൻ കേരളത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

TAGS :

Next Story