നിഗൂഢതകൾ നിറഞ്ഞ 'പിശാചിന്റെ അടുക്കള'; മഞ്ഞുമ്മൽ ബോയ്സിലെ ഗുണ കേവ്സിന്റെ കഥ
ഇരുട്ട് നിറഞ്ഞ ഗുഹയ്ക്കുള്ളില്‍ എത്ര അറകളുണ്ടെന്ന് കൃത്യമായ കണക്കില്ല. പലപ്പോഴായി നിരവധിപേർ ഈ ഗുഹയ്ക്കുള്ളിലേക്ക് വീണ് മരിച്ചിട്ടുണ്ട്.
ഭീമാകാരമായ പാറകൾക്കിടയിൽ ഒരു നിലവറ പോലെ തോന്നിക്കുന്ന ഗുഹ. സമുദ്ര നിരപ്പിൽ നിന്ന് 2230 മീറ്റർ ഉയരം. പ്രവേശനഭാഗത്ത് സ്തംഭാകൃതിയിൽ കിഴുക്കാംതൂക്കായി നിൽക്കുന്ന രണ്ട് പാറകൾ. നിറയെ മരങ്ങളും പുല്ലുകളും നീണ്ട വേരുകളും നിറഞ്ഞ ഭൂഭാഗം. വവ്വാലുകളുടെ ഭീതിപ്പെടുത്തുന്ന ചിറകടിയൊച്ച. കണ്ണെത്താദൂരം ഇരുട്ട് പരന്ന, അകപ്പെട്ടാൽ തിരിച്ചുവരാനാകാത്ത അഗാധമായ അറകൾ.. ഇത് സഞ്ചാരികളുടെ പറുദീസയായ കൊടൈക്കനാലിൽ പ്രശസ്തമായ 'ഡെവിൾസ് കിച്ചൻ' അഥവാ 'പിശാചിന്റെ അടുക്കള'. റിലീസിന് തയ്യാറെടുക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന മലയാള ചിത്രത്തിന്റെ ട്രൈയ്‍ലർ പുറത്തിറങ്ങിയതോടെയാണ് പിശാചിന്റെ ഈ അടുക്കള വീണ്ടും ചർച്ചയാകുന്നത്.
1992 ൽ റിലീസ് ചെയ്ത കമൽഹാസൻ ചിത്രം 'ഗുണ'യും അതിലെ ''കണ്മണി അൻപോട് കാതലൻ'' എന്ന ഗാനവും സംഗീതാസ്വാദകർ മറന്നുകാണാനിടയില്ല. ആ ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഈ ഗുഹയ്ക്കകത്താണ്. ഗുണ റിലീസ് ചെയ്തതിനു ശേഷം ഈ ഗുഹയുടെ പ്രശസ്തി വർധിക്കുകയും സഞ്ചാരികൾ ഒഴുകിയെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഗുഹയ്ക്ക് 'ഗുണ കേവ്സ്' എന്ന പേരുകിട്ടിയത്.
സായിപ്പ് കണ്ടെത്തിയ നിഗൂഢതകളുടെ അടുക്കള
കൊടൈക്കനാൽ ടൗണിനു പുറത്തായി സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഈ ഗുഹ 1821ൽ ഇംഗ്ലീഷ് ഓഫീസർ ആയിരുന്ന ബി.എസ് വാർഡാണ് കണ്ടെത്തിയത്. അന്ന് കൊടൈക്കനാൽ സന്ദര്‍ശിക്കാനെത്തിയ സായിപ്പ് കാടുമൂടിക്കിടന്ന ഈ പ്രദേശത്ത് നിന്ന് ദുരൂഹമായ ചില ശബ്ദം കേട്ടു. തുടർന്ന് അദ്ദേഹവും സംഘവും കാട് വെട്ടിതെളിച്ചപ്പോഴാണ് ഈ ഗുഹ കാണാനായത്. ഒരാൾക്ക് മാത്രം കഷ്ടിച്ച് കടക്കാവുന്ന ഇടനാഴിയിലൂടെ വീണ്ടും മുന്നോട്ട് പോയപ്പോൾ കൂടുതൽ ആഴമേറിയ ഭാഗങ്ങൾ അവർക്ക് ദൃശ്യമായി. സമുദ്ര നിരപ്പിൽ നിന്നും 2230 മീറ്റർ ഉയരത്തിലായതിനാൽ കൊടും തണുപ്പാണ് ഗുഹാ പരിസരത്ത്. മുന്നോട്ട് പോകുന്തോറും ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്നതായും സായിപ്പ് തിരിച്ചറിഞ്ഞു. ശ്വസതടസം കാരണം അവർക്ക് കൂടുതൽ മുന്നോട്ട് പോകാനായില്ല.
ഇരുള്‍ നിറഞ്ഞ ഗുഹയ്ക്കുള്ളില്‍ എത്ര അറകളുണ്ടെന്ന് കൃത്യമായ കണക്കില്ല. പലപ്പോഴായി നിരവധിപേർ ഈ ഗുഹയ്ക്കുള്ളിലേക്ക് വീണ് മരിച്ചിട്ടുണ്ട്. ഗുഹയ്ക്കുള്ളില്‍ ആരും ഇതുവരെ ചെന്നെത്താത്ത ഏറ്റവും ആഴമേറിയ ഭാഗമാണ് 'ഡെവിള്‍സ് കിച്ചണ്‍' എന്ന പേരില്‍ അറിയപ്പെടുന്നത്. പുരാണവുമായി ബന്ധപ്പെട്ട ഒരു കഥയും ഈ ഗുഹയ്ക്ക് പറയാനുണ്ട്. അജ്ഞാതവാസക്കാലത്ത് പാണ്ഡവർ ഇവിടെയും വന്നു താമസിച്ചിട്ടുണ്ടെന്നതാണ് ആ കഥ.
'ഗുണ'ക്കൊപ്പം ഹിറ്റായ ഗുഹ
1990-91 കാലം വരെ വളരെ വിരളമായിമാത്രം സഞ്ചാരികളെത്തിക്കൊണ്ടിരുന്ന പ്രദേശമായിരുന്നു ഇത്. എന്നാൽ, കമൽഹാസന്റെ ഗുണ റിലീസിനു ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ അധികൃതരുടെ നിര്‍ദേശങ്ങൾ ലംഘിക്കപ്പെടുന്ന സംഭവങ്ങളും ധാരാളമുണ്ടായി. ചിലർ ആഴങ്ങളിലേക്ക് വീണ് പിന്നീട് തിരിച്ചുവരാനാകാതെ മരണത്തിന് കീഴടങ്ങി. ചിലർ ഇവിടെയെത്തി ജീവനൊടുക്കുന്നതും പതിവായി. ഇതോടെ ഗുഹയിലെ ഏറ്റവും ആഴമേറിയ ഭാഗം പൊതുജങ്ങൾക്കു മുമ്പിൽ എന്നന്നേക്കുമായി അടക്കപ്പെട്ടു.
പത്ത് വര്‍ഷത്തോളമാണ് ഗുഹ സഞ്ചാരികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടന്നത്. പിന്നീട് സഞ്ചാരികളുടെ നിരന്തരമായ ആവശ്യപ്രകാരം വിലക്ക് നീക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കടുത്ത നിയന്ത്രണങ്ങളോട് ഗുണ കേവ്സില്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ആഴമേറിയ ഭാഗങ്ങളിലേക്കുള്ള പ്രവേശന കവാടം കമ്പിവേലികെട്ടി സംരക്ഷിച്ചതിനാൽ ആർക്കും അകത്തേക്ക് പ്രവേശിക്കാനാകില്ല. ഗുഹയ്ക്ക് സമീപം വാച്ച് ടവര്‍, വ്യൂ പോയിന്റ് എന്നീ സൗകര്യങ്ങളുമുണ്ട്. കൊടൈക്കനാലിന്റെ മനോഹരമായ കാലാവസ്ഥ ആസ്വദിക്കാൻ ഏറ്റവുമുചിതമായ സ്ഥലമാണ് ഈ വാച്ച് ടവർ.
ചുരുളഴിയാത്ത രഹസ്യങ്ങൾ
ചുരുളഴിയാത്ത നിരവധി രഹസ്യങ്ങളാണ് പിശാചിന്റെ അടുക്കള കാത്തുസൂക്ഷിക്കുന്നത്. നിഗൂഢതകൾ മാറ്റിനിർത്തിയാൽ ഇവിടുത്തെ പ്രകൃതി സൗന്ദര്യം വർണനകൾക്ക് അതീതവും കണ്ണിന് അതിമനോഹരമായ വിരുന്നുമാണ്. ഈ ഗുഹ പശ്ചാത്തലമാക്കി സര്‍വൈവര്‍ ത്രില്ലര്‍ ജോണറിലാണ് 'മഞ്ഞുമ്മല്‍ ബോയ്സ്' പ്രേക്ഷകരിലെത്തുന്നത്. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ 'ജാൻ എ മൻ'ന് ശേഷം ചിദംബരമാണ് ചിത്രത്തിന്റെ സംവിധാനം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലുവര്‍ഗീസ് ഗണപതി, ജീന്‍ പോള്‍ ലാല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.
യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് മഞ്ഞുമ്മൽ ബോയ്സ് ഒരുങ്ങുന്നത്. ട്രെയ്‍ലറിൽ ഡെവിൾസ് കിച്ചൻ കൂടി പ്രത്യക്ഷപ്പെട്ടതോടെ ആരാധകരുടെ പ്രതീക്ഷകളും ഇരട്ടിക്കുകയാണ്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.
Adjust Story Font
16