'അത് തെറ്റായിരുന്നു'; 'ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റര്‍' സിനിമയിൽ ഖേദം പ്രകടിപ്പിച്ച് ഹൻസൽ മേത്ത, വിമർശിച്ച് അനുപം ഖേർ
മാധ്യമപ്രവർത്തകനായ വീർ സാങ്‌വിയുടെ ഒരു എക്‌സ് പോസ്റ്റിനു പിന്നാലെയായിരുന്നു ഹൻസൽ മേത്തയും അനുപം ഖേറും തമ്മിലുള്ള പോര്
മുംബൈ: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ജീവിതം ആസ്പദമായുള്ള 'ദ ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററി'നെ തള്ളിപ്പറഞ്ഞ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയരക്ടറും ബോളിവുഡ് സംവിധായകനുമായ ഹൻസൽ മേത്ത. ചിത്രം ഒരു തെറ്റായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. അതേസമയം, മേത്തയുടെ തുറന്നുപറച്ചിലിനെതിരെ സിനിമയിൽ മൻമോഹൻ സിങ്ങിനെ അവതരിപ്പിച്ച നടൻ അനുപം ഖേറും രംഗത്തെത്തിയിട്ടുണ്ട്. കപടനാണ് ഹൻസൽ മേത്തയെന്നും ചിത്രീകരണത്തിലുടനീളം ഒപ്പമുണ്ടാകുകയും ക്രിയാത്മകമായ നിർദേശങ്ങൾ നൽകുകയും ചെയ്തയാളാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്നും അനുപം ഖേർ വിമർശിച്ചു.
മാധ്യമപ്രവർത്തകനായ വീർ സാങ്‌വിയുടെ ഒരു എക്‌സ് പോസ്റ്റിനു പിന്നാലെയായിരുന്നു ഹൻസൽ മേത്തയും അനുപം ഖേറും തമ്മിലുള്ള പോര് ആരംഭിച്ചത്. മൻമോഹൻ സിങ്ങിനെ കുറിച്ചു പറയപ്പെട്ട കള്ളങ്ങൾ ഓർക്കണമെന്നുണ്ടെങ്കിൽ 'ദ ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ' ഒന്നുകൂടെ കണ്ടാൽ മതിയെന്നായിരുന്നു സാങ്‌വിയുടെ പോസ്റ്റ്. ഏറ്റവും മോശം ഹിന്ദി സിനിമയാണെന്നു മാത്രമല്ല, നല്ലൊരു മനുഷ്യനെ താറടിച്ചുകാണിക്കാൻ എങ്ങനെയാണ് മാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടത് എന്നതിന്റെ ഉദാഹരണം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറുശതമാനം ശരി എന്നു പറഞ്ഞ് ഹൻസൽ മേത്ത ഈ പോസ്റ്റ് പങ്കുവച്ചു. ഇതിനു പിന്നാലെയാണ് അനുപം ഖേർ വിമർശനവുമായി രംഗത്തെത്തിയത്. ''വീർ സാങ്‌വിയല്ല ഇതിലെ കപടൻ. അദ്ദേഹത്തിന് ആ സിനിമ ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഹൻസൽ മേത്ത 'ആക്‌സിഡന്റൽ പ്രൈംമിനിസ്റ്ററി'ന്റെ ക്രിയേറ്റീവ് ഡയരക്ടറാണ്. ഇംഗ്ലണ്ടിൽ സിനിമയുടെ ചിത്രീകരണഘട്ടത്തിലുടനീളം ക്രിയാത്മകമായ നിർദേശങ്ങളുമായി അദ്ദേഹവും അവിടെയുണ്ടായിരുന്നു. അതിനു പണം വാങ്ങുകയും ചെയ്തിട്ടുണ്ടാകണം. അങ്ങനെയൊരാൾ വീർ സാങ്‌വിയുടെ കമന്റിനെ കുറിച്ച് 100 ശതമാനം ശരി എന്നു പറയുന്നത് ഇരട്ടത്താപ്പാണ്.''-അനുപം ഖേർ വിമർശിച്ചു.
സിങ്‌വി പറയുന്നത് ഞാൻ അംഗീകരിക്കുന്നൊന്നുമില്ലെങ്കിലും നമ്മളെല്ലാം മോശം കാര്യങ്ങൾ ചെയ്യാനിടയുള്ളവരാണ്. പക്ഷേ, അത് ഏറ്റെടുക്കണമെന്നും ചില വിഭാഗങ്ങളിൽനിന്ന് എന്തെങ്കിലും കാര്യലാഭത്തിനു വേണ്ടി ഹൻസൽ മേത്ത ചെയ്ത പോലെ ചെയ്യരുതെന്നും അദ്ദേഹം തുടർന്നു. കുറച്ചൊക്കെ നിലവാരം കാണിക്കണമെന്നും അന്നത്തെ ഷൂട്ടിങ്ങിന്റെ ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും കൈയിലുണ്ടെന്നും അനുപം ഖേർ ചൂണ്ടിക്കാട്ടി.
തന്റെ തെറ്റുകൾ ഏറ്റെടുക്കുന്നുവെന്നായിരുന്നു ഇതിനോട് ഹൻസൽ മേത്തയുടെ മറുപടി. ചെയ്ത തെറ്റുകൾ ഞാൻ സമ്മതിക്കും. പ്രൊഫഷനലെന്ന നിലയ്ക്കാണ് ആ ജോലി ഞാൻ ചെയ്തത്. അക്കാര്യം നിഷേധിക്കാൻ കഴിയുമോ? എന്നുകരുതി ആ ചിത്രത്തെ എപ്പോഴും പിന്തുണയ്ക്കണമെന്ന് അതിനർഥമില്ല. എന്റെ വിലയിരുത്തലിലെ പിഴവിന്റെ പേരിലുള്ള നിഷ്പക്ഷത കൈവിടണമെന്നോ അർഥമില്ല. സ്വയം വിലയിരുത്തുന്ന മാപിനി ഉപയോഗിച്ചു തന്നെയാണു മറ്റുള്ളവരെയും വിലയിരുത്തുന്നതെന്നാണ് കാപട്യത്തെ കുറിച്ചും കാര്യലാഭത്തെ കുറിച്ചും പറഞ്ഞതിനോടുള്ള പ്രതികരണമെന്നും മേത്ത വിമർശിച്ചു.
'ദ ആക്‌സിഡന്റൽ പ്രൈംമിനിസ്റ്റർ' എന്ന പേരിലുള്ള സഞ്ജയ് ബാരുവിന്റെ പുസ്തകം ആസ്പദമായാണ് ചിത്രം തയാറാക്കിയത്. വിജയ് ഗുട്ടെ സംവിധാനം ചെയ്ത ചിത്രത്തിൽ അനുപം ഖേറിനു പുറമെ അക്ഷയ് ഖന്ന, സൂസൻ ബെർനെർട്ട്, ആഹാന കുംറ, ദിവ്യ സേത്ത്, ഹൻസൽ മേത്ത തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തി. 2019ൽ പുറത്തിറങ്ങിയ ചിത്രത്തിലെ വസ്തുതാ പിശകുകൾ ചൂണ്ടിക്കാട്ടി മൻമോഹൻ സിങ്ങിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
Summary: Hansal Mehta hits back at Anupam Kher for calling him a hypocrite for criticising Manmohan Singh biopic ‘The Accidental Prime Minister’
Adjust Story Font
16