'രേവതിയുടെ മരണത്തിൽ ഹൃദയം തകർന്നു, കുടുംബത്തിൻ്റെ കൂടെയുണ്ടാകും': അല്ലു അർജുൻ
കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അല്ലു പറഞ്ഞു
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. സന്ധ്യ തീയറ്ററിലുണ്ടായ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നെന്ന് താരം പറഞ്ഞു. രേവതിയുടെ മരണത്തിൽ അല്ലു അനുശോചനം രേഖപ്പെടുത്തി. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും അല്ലു വാഗ്ദാനം ചെയ്തു.
'ഈ വേദനയിൽ അവർ തനിച്ചല്ല, കുടുംബത്തെ നേരിട്ടു കാണും. എന്തൊക്കെയായാലും നഷ്ടം നികത്താനാവില്ല. അവർക്ക് ആവശ്യമായ സാധ്യമായ എല്ലാ സഹായവും നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.'- അല്ലു എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. തീയറ്ററുകളിലേക്ക് പോകുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അല്ലു വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയറ്ററില്‍ പുഷ്പ രണ്ടാം ഭാഗത്തിൻ്റെ പ്രീമിയർ ഷോയ്ക്കിടെയായിരുന്നു അപകടം. ദിൽസുഖ് നഗറിലെ രേവതിയാണ് (39) മരിച്ചത്. ഭര്‍ത്താവ് ഭാസ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി സിനിമ കാണാനെത്തിയത്. അല്ലു അര്‍ജുനെ കാണാന്‍ ആളുകള്‍ ഉന്തും തള്ളുമുണ്ടാക്കിയതോടെ രേവതിയും മകനും ഇതിനിടയില്‍ പെടുകയായിരുന്നു. പൊലീസും അടുത്തുണ്ടായിരുന്നവരും ഉടന്‍ തന്നെ യുവതിക്കും മകനും സിപിആര്‍ നല്‍കുകയും തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.
സംഭവത്തിൽ അല്ലുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. താരം തീയറ്ററിൽ എത്തുന്ന വിവരം പൊലീസിനെ വളരെ വൈകിയാണ് തീയേറ്റർ ഉടമകൾ അറിയിച്ചതെന്ന് ഹൈദരാബാദ് ഡിസിപി വ്യക്തമാക്കി. തീയറ്റർ ഉടമ ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Adjust Story Font
16