Quantcast

'താങ്കള്‍ എന്തെങ്കിലും പറയൂ, എങ്കില്‍ ബോളിവുഡ് ബഹിഷ്കരണം അവസാനിപ്പിക്കാനാവും': യോഗി ആദിത്യനാഥിനോട് സുനില്‍ ഷെട്ടി

താങ്കൾ പറഞ്ഞാൽ ആളുകൾ കേൾക്കുമെന്ന് യോഗി ആദിത്യനാഥിനോട് സുനിൽ ഷെട്ടി

MediaOne Logo

Web Desk

  • Published:

    6 Jan 2023 7:27 AM GMT

താങ്കള്‍ എന്തെങ്കിലും പറയൂ, എങ്കില്‍ ബോളിവുഡ് ബഹിഷ്കരണം അവസാനിപ്പിക്കാനാവും: യോഗി ആദിത്യനാഥിനോട് സുനില്‍ ഷെട്ടി
X

മുംബൈ: ഹിന്ദി സിനിമാ വ്യവസായത്തിനെതിരായ വിദ്വേഷം ഇല്ലാതാക്കാന്‍ സംസാരിക്കണമെന്ന് ബോളിവുഡ് നടൻ സുനിൽ ഷെട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ചു. യോഗി ആദിത്യനാഥ് ബോളിവുഡ് സെലിബ്രിറ്റികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുനില്‍ ഷെട്ടി ഇക്കാര്യം പറഞ്ഞത്.

"സജീവമായ ഒരു ഹാഷ്‌ടാഗിനെ കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- 'ബോളിവുഡ് ബഹിഷ്‌കരിക്കുക' (ബോയ്കോട്ട് ബോളിവുഡ്). താങ്കള് ഇതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് അവസാനിപ്പിക്കാന്‍ കഴിയും. ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതിൽ സിനിമാവ്യവസായത്തിന് വലിയ പങ്കുണ്ട്. നമ്മൾ കൈകോർത്ത് 'ബോളിവുഡ് ബോയ്‌കോട്ട്' പ്രവണത അവസാനിപ്പിക്കണം. സിനിമാ വ്യവസായത്തിലെ ഭൂരിഭാഗം ആളുകളും നല്ലവരാണെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയും വേണം. ഞങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല. മറ്റുള്ളവരെ ദ്രോഹിക്കുന്നില്ല. താങ്കള്‍ സംസാരിച്ചാൽ ആളുകൾ കേൾക്കും"- സുനില്‍ ഷെട്ടി യോഗിയോട് പറഞ്ഞു.

ബോളിവുഡിന് ചുറ്റുമുള്ള കളങ്കം നീക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടണമെന്ന് സുനിൽ ഷെട്ടി യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ചു- "ഇവിടെയുള്ള 99 ശതമാനം ആളുകളും നല്ലവരാണ്. അതിനാൽ ദയവായി യോഗിജി, ഈ കളങ്കം മായ്‌ക്കുന്നതിനെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രിയോട് സംസാരിക്കുക".

തന്റെ ആദ്യകാലങ്ങളിൽ ഉത്തർപ്രദേശിൽ ജനങ്ങള്‍ തനിക്കു നേരെ ചൊരിഞ്ഞ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് സുനില്‍ ഷെട്ടി വിശദീകരിച്ചു- "ഉത്തർപ്രദേശിൽ നിന്നുള്ള ആളുകൾ കാരണമാണ് ഞാൻ ഇന്നത്തെ ഞാനായത്. അവർ തിയേറ്ററുകൾ നിറയ്ക്കുമ്പോൾ, ഞങ്ങളുടെ സിനിമകൾ എല്ലായിടത്തും നന്നായി ഓടുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. താങ്കള്‍ നേതൃത്വം നൽകിയാൽ ആളുകളുടെ ചിന്തയില്‍ മാറ്റം കൊണ്ടുവരാൻ കഴിയും"- സുനില്‍ ഷെട്ടി പറഞ്ഞു.

'ഉത്തര്‍പ്രദേശിലേക്ക് വരൂ'

സിനിമാ ചിത്രീകരണത്തിന് ബോളിവുഡ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി ചലച്ചിത്ര സൗഹൃദ സംസ്ഥാനമാണെന്ന് ബോളിവുഡ് താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

''നിങ്ങളുടെ സിനിമാ മേഖലയില്‍ നിന്ന് രണ്ടു പേരെ ഞങ്ങള്‍ എം.പിമാരാക്കി. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്നും എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങൾക്കറിയാം. സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിലും സിനിമ നിർണായക പങ്കുവഹിക്കുന്നു"- ബോളിവുഡ് താരങ്ങളും അണിയറ പ്രവര്‍ത്തകരുമായി മുംബൈയില്‍ സംവദിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു.

അടുത്ത മാസം ലഖ്‌നൗവിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയുടെ പ്രചാരണത്തിനായി മുംബൈയില്‍ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉയർന്നെന്നും ദേശീയ ചലച്ചിത്ര അവാർഡുകളിലും അന്താരാഷ്ട്ര ചലച്ചിത്രമേളയിലും (ഐഎഫ്എഫ്ഐ) അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സിനിമാ ഷൂട്ടിങ്ങിന് സുരക്ഷിതമായ അന്തരീക്ഷവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് വാഗ്ദാനം ചെയ്തു. തന്‍റെ സർക്കാരിന്റെ ചലച്ചിത്ര നയമനുസരിച്ച് യു.പിയിൽ ഒരു വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കിൽ 50 ശതമാനം സബ്‌സിഡി ലഭിക്കും. സ്റ്റുഡിയോകളും ഫിലിം ലാബുകളും സ്ഥാപിക്കുന്നതിന് 25 ശതമാനം സബ്‌സിഡി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നടൻ സുനിൽ ഷെട്ടിക്കു പുറമെ നിർമാതാവ് ബോണി കപൂർ, ഗോരഖ്പൂർ ലോക്സഭാ എംപിയും നടനുമായ രവി കിഷൻ, ഭോജ്പുരി നടൻ ദിനേഷ് ലാൽ നിർഹുവ, പിന്നണി ഗായകരായ സോനു നിഗം, കൈലാഷ് ഖേർ, സംവിധായകരായ ചന്ദ്രപ്രകാശ് ദ്വിവേദി, മധുര്‍ ഭണ്ഡാർക്കർ, രാജ്കുമാർ സന്തോഷി തുടങ്ങിയവര്‍ യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Summary- Bollywood actor Suniel Shetty on Thursday urged Uttar Pradesh Chief Minister Yogi Adityanath to help erase hatred against the Hindi film industry and get rid of the 'Boycott Bollywood' trend on social media

TAGS :

Next Story