Quantcast

ബോളിവുഡിന് കഷ്‌ടകാലം; ബോക്‌സ്‌ഓഫീസിൽ വാണത് 'മല്ലു'വുഡ്, ഇരട്ടി നേട്ടം

ഡബ്ബ് ചെയ്‌ത സിനിമകൾ ഒഴികെ യഥാർത്ഥ ഹിന്ദി ഭാഷാ ചിത്രങ്ങളുടെ കളക്ഷനിൽ 37% ആണ് കുറവ്

MediaOne Logo

Web Desk

  • Published:

    13 Jan 2025 7:09 AM GMT

boxoffice collection
X

ഇന്ത്യൻ ബോക്‌സ്‌ഓഫീസിന് അത്ര നല്ല വർഷമായിരുന്നോ 2024? പുഷ്‌പ 2: ദി റൂൾ, കൽക്കി 2898 എഡി എന്നിവയടക്കം വന്‍ ഹിറ്റുകളായ ദക്ഷിണേന്ത്യൻ സിനിമകൾ ഇന്ത്യന്‍ ബോക്സോഫീസില്‍ ഒന്നാമത് എത്തി. ലോ ബജറ്റ് ചിത്രങ്ങളുമായി കഴിഞ്ഞ വർഷവും ഞെട്ടിച്ചത് മോളിവുഡ് തന്നെയാണ്. ആടുജീവിതം, മഞ്ഞുമ്മൽ ബോയ്‌സ്‌ ഇങ്ങനെ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ചിത്രങ്ങൾ ഓവർ ഹൈപ്പില്ലാതെ കൊണ്ടുവന്ന് വിജയിപ്പിച്ച ചരിത്രം മലയാള സിനിമ ആവർത്തിച്ചു.

ഇന്ത്യൻ ബോക്‌സ്‌ ഓഫീസിന് ഒരു സമ്മിശ്ര വർഷമായിരുന്നു 2024. വിജയിക്കുകയും പ്രേക്ഷകരുടെ എല്ലാ കാലത്തെയും പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്‌തതിൽ പ്രാദേശിക സിനിമകൾ ഹോളിവുഡിനെയും മറികടന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബോളിവുഡിന് വെല്ലുവിളി നിറഞ്ഞ വർഷം തന്നെയായിരുന്നു കടന്നുപോയത്.

ഒർമാക്‌സ്‌ മീഡിയ ബോക്‌സ്‌ ഓഫീസ് റിപ്പോർട്ട് അനുസരിച്ച് 2024ൽ ഇന്ത്യൻ സിനിമയുടെ മൊത്ത ബോക്‌സ്‌ ഓഫീസ് കളക്ഷൻ 11,833 കോടി രൂപയായിരുന്നു. 2023നേക്കാൾ 3% ഇടിവാണ് സംഭവിച്ചത്. അന്ന് നേടിയ റെക്കോർഡ് 12,000 കോടി രൂപയായിരുന്നു. 2023ൽ നേടിയ മൊത്ത കളക്ഷനിൽ 13 ശതമാനം ആണ് ബോളിവുഡിന് ഇടിവ് സംഭവിച്ചത്. 2023ൽ ഇത് 5,380 കോടി ആയിരുന്നുവെങ്കിൽ ഇത്തവണ 4,679 കോടി രൂപയായി കുറഞ്ഞു.

ഈ കളക്ഷനുകളിൽ 31 ശതമാനവും ദക്ഷിണേന്ത്യൻ സിനിമകളുടെ ഡബ്ബ് ചെയ്‌ത പതിപ്പുകളിൽ നിന്നാണ് ലഭിച്ചത്. ഡബ്ബ് ചെയ്‌ത സിനിമകൾ ഒഴികെ യഥാർത്ഥ ഹിന്ദി ഭാഷാ ചിത്രങ്ങളുടെ കളക്ഷനിൽ 37% ആണ് കുറവ്. ഹോളിവുഡ് സിനിമകൾക്കും ഇന്ത്യൻ വിപണിയിൽ 17% ഇടിവ് സംഭവിച്ചു. 2023ൽ നേടിയ 1,139 കോടി രൂപയിൽ നിന്ന് 2024 ആയപ്പോഴേക്കും 941 കോടി രൂപയായി മൊത്ത കളക്ഷൻ കുറഞ്ഞു.

ഡിസ്‌നി ചിത്രം മുഫാസ: ദി ലയൺ കിംഗ് ഹോളിവുഡിലെ ഏറ്റവും മികച്ച സിനിമയായിരുന്നു. 172 കോടി രൂപ സമാഹരിച്ച ചിത്രം മൊത്തത്തിലുള്ള ബോക്‌സ്‌ ഓഫീസ് റാങ്കിംഗിൽ 11ആം സ്ഥാനം നേടുകയും ചെയ്‌തു.

തെലുങ്ക് ആക്ഷൻ ത്രില്ലറായ പുഷ്‌പ 2 ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഉയർന്നുവന്നു. ആഗോളതലത്തിൽ 1,403 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. ഡബ്ബ് ചെയ്‌ത പതിപ്പ് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി.

സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമായ കൽക്കി 2898 എഡി (747 കോടി രൂപ), ഹിന്ദി ഹൊറർ-കോമഡി സീക്വൽസ് സ്ട്രീ 2 (674 കോടി രൂപ) എന്നിവയാണ് മറ്റ് പ്രധാന ഹിറ്റുകൾ. തമിഴ് ആക്ഷൻ ത്രില്ലറായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, തെലുങ്ക് ആക്ഷൻ ഡ്രാമയായ ദേവര - പാർട്ട് 1, ഹിന്ദി ഹൊറർ-കോമഡി ചിത്രം ഭൂൽ ഭുലയ്യ 3 എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ചു, ഓരോന്നും 300 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്.

ഏറ്റവും കൂടുതൽ ഞെട്ടിച്ചത് മോളിവുഡാണ്. മലയാള സിനിമ ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റവും വളര്‍ന്ന വര്‍ഷമാണ് 2024. ചരിത്രത്തില്‍ ആദ്യമായാണ് മലയാള സിനിമ ഇന്ത്യന്‍ ബോക്സോഫീസില്‍ 10 ശതമാനം വിപണി വിഹിതം നേടുന്നത്. 2023ൽ 5 ശതമാനം ആയിരുന്നത് ഇരട്ടിയാക്കിയാണ് നേട്ടം. ആദ്യമായി മലയാളം ഒറ്റയ്ക്ക് ബോക്സോഫീസില്‍ നിന്നും 1000 കോടി കളക്ഷന്‍ എന്ന നേട്ടവും ഉണ്ടാക്കി. സർവൈവൽ ത്രില്ലർ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സ് ആഗോളതലത്തിൽ 164 കോടി നേടി മുൻപന്തിയിൽ എത്തി.

തമിഴ്, തെലുങ്ക് സിനിമകൾ യഥാക്രമം 15, 20 ശതമാനം വിപണി വിഹിതവുമായി ശക്തമായ സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ ഗുജറാത്തി സിനിമ 66% വളർച്ച കൈവരിച്ച് 84 കോടി രൂപ സമാഹരിച്ചു.

TAGS :

Next Story