അംബേദ്കറുടെ ജീവിതം ഹോളിവുഡിലേക്ക്; എവാ ഡുവെർനെ സംവിധായിക
സിനിമയില്‍ അംബേദ്കറുടെ വേഷം അഭിനയിക്കാന്‍ യോജ്യരായ ആളുകളെ തേടി കാസ്റ്റിങ് കാള്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍
ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയും നിയമ മന്ത്രിയുമായിരുന്ന ഡോ. ഭീംറാവു അംബേദ്‌കറിന്‍റെ ജീവിതം ഹോളിവുഡ് സിനിമയാകുന്നു. അംബേദ്ക്കറൈറ്റ് മാധ്യമമായ 'റൗണ്ട് ടേബിള്‍ ഇന്ത്യ'യാണ് സിനിമയൊരുങ്ങുന്ന കാര്യം അറിയിച്ചത്. സിനിമയില്‍ അംബേദ്കറുടെ വേഷം അഭിനയിക്കാന്‍ യോജ്യരായ ആളുകളെ തേടി കാസ്റ്റിങ് കാള്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ള പുരുഷനെയാണ് അണിയറ പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി അംബേദ്കറുടെ 24നും 40നും മധ്യേയുള്ള ജീവിത കാലഘട്ടമായിരിക്കും വെള്ളിത്തിരയിലെത്തിക്കേണ്ടത്. ജാതി, വർഗ്ഗ, വംശം കേന്ദ്രീകരിച്ച് അമേരിക്കയില്‍ അംബേദ്കര്‍ നടത്തിയ പഠനങ്ങളും തുടര്‍ന്ന് ഭരണഘടന നിര്‍മിക്കുന്നതിലേക്ക് എത്തിചേരുന്നതുമെല്ലാം സിനിമയുടെ പ്രമേയത്തില്‍ ഉള്‍പ്പെടുമെന്നാണ് പുറത്തുവന്ന കാസ്റ്റിങ് കാള്‍ കുറിപ്പ് നല്‍കുന്ന സൂചന. അംബേദ്കർ സമുദായത്തില്‍ നിന്നും വരുന്ന അഭിനേതാക്കള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും കാസ്റ്റിങ് ഏജന്‍സി വ്യക്തമാക്കുന്നു. ഒമ്പത് വയസ്സ് പ്രായമുള്ള കുട്ടിയെയും സിനിമക്കായി അന്വേഷിക്കുന്നുണ്ട്. ഈ വരുന്ന ഡിസംബറില്‍ അഭിനേതാക്കള്‍ ലഭ്യമായിരിക്കണമെന്നും കുറിപ്പ് അറിയിക്കുന്നു. അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ഫോട്ടോ, റെസ്യൂമി, അഡ്രസ് എന്നിവയടക്കം castingopencalls@gmail.com എന്ന മെയിലിലേക്ക് അയക്കാനും ആവശ്യപ്പെടുന്നുണ്ട്.
സെല്‍മ, 13 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എവാ ഡുവെർനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1989ല്‍ അമേരിക്കയിലെ മാന്‍ഹാട്ടന്‍ സെന്‍ട്രല്‍ പാര്‍ക്കിലെ പീഡനത്തെ തുടര്‍ന്ന് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'വെന്‍ ദേ സീ അസ്' എന്ന വെബ് സീരീസ് ഒരുക്കിയതും എവാ ഡുവെർനെയാണ്. 1989 സെന്‍ട്രല്‍ പാര്‍ക്ക് ജോഗര്‍ കേസില്‍ ഉള്‍പ്പെട്ട കറുത്ത വംശജരുടെ നിരപരാധിത്വം അടയാളപ്പെടുത്തുന്നതായിരുന്നു 'വെന്‍ ദേ സീ അസ്' എന്ന വെബ് സീരീസ്. വൈറ്റ് ടൈഗര്‍ എന്ന ചിത്രവും എവാ ഡുവെർനെ നിര്‍മിച്ചിട്ടുണ്ട്.
1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ഹോളിവുഡ് ചിത്രത്തിലാണ് ഇതിന് മുമ്പ് അംബേദ്കറെ സ്ക്രീനില്‍ കാണിച്ചത്. സിനിമയില്‍ അംബേദ്കറെ അപ്രധാന വേഷത്തില്‍ ഒതുക്കിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗാന്ധിയുടെ ഏറ്റവും വലിയ എതിരാളിയായിരുന്ന അംബേദ്കറെ പരാമര്‍ശിക്കാതെ 'ഗാന്ധി' സിനിമയെടുക്കുന്നത് ചരിത്രത്തെ വികലമാക്കുന്നതിന് തുല്യമാണെന്നായിരുന്നു ചരിത്രകാരന്‍മാരുടെ അഭിപ്രായം. ഇതിനിടയിലാണ് ഹോളിവുഡില്‍ നിന്നും അംബേദ്കറെ പ്രധാന കഥാപാത്രമാക്കി പുതിയ സിനിമ ഒരുങ്ങുന്നത്.
മമ്മൂട്ടി അംബേദ്കറെ അവതരിപ്പിച്ച 'ഡോ. ബാബാസാഹെബ് അംബേദ്കര്‍' ആണ് ഇന്ത്യന്‍ സിനിമയില്‍ അംബേദ്കറുടേതായി പുറത്തിറങ്ങിയ ശക്തമായ ചിത്രം. ജബ്ബാര്‍ പട്ടേലായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം താരത്തിന് വലിയ പ്രശംസകള്‍ നേടികൊടുത്തിരുന്നു.
Adjust Story Font
16