Quantcast

'ലൈഫാകുമ്പോൾ പ്രശ്‌നങ്ങളുണ്ടാകും, പക്ഷേ തളരാണ്ട് കട്ടയ്ക്ക് നിൽക്കണം'; പ്രിയയ്ക്ക് ഉപദേശം നൽകി ചാൾസ്- ഹോമിലെ ഡിലീറ്റഡ് രംഗം

ആഗസ്ത് 19ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

MediaOne Logo

Web Desk

  • Published:

    25 Aug 2021 11:29 AM GMT

ലൈഫാകുമ്പോൾ പ്രശ്‌നങ്ങളുണ്ടാകും, പക്ഷേ തളരാണ്ട് കട്ടയ്ക്ക് നിൽക്കണം; പ്രിയയ്ക്ക് ഉപദേശം നൽകി ചാൾസ്- ഹോമിലെ ഡിലീറ്റഡ് രംഗം
X

പ്രേക്ഷക, നിരൂപക ശ്രദ്ധ ഒരുപോലെ ലഭിച്ച ചിത്രമാണ് റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം. ഇന്ദ്രൻസ്, മഞ്ജുപിള്ള, നസ്ലിൻ, ശ്രീനാഥ് ഭാസി, ദീപ തോമസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഒടിടി വഴിയാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോൾ സിനിമയിലെ ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നസ്ലിൻ അവതരിപ്പിച്ച ചാൾസ് എന്ന കഥാപാത്രം ദീപ തോമസ് അവതരിപ്പിച്ച പ്രിയ എന്ന കഥാപത്രത്തോട് സംസാരിക്കുന്ന രംഗമാണിത്.

ജീവിതത്തെ കുറിച്ചുള്ള ഉപദേശമാണ് നസ്ലിൻ കൈമാറുന്നത്. 'ലൈഫാകുമ്പോൾ പ്രശ്‌നങ്ങളുണ്ടാകും, പക്ഷേ തളരാണ്ട് കട്ടയ്ക്ക് നിൽക്കണം. ജീവിതം ആദ്യം സപ്ലി തന്ന് എന്നെ തളർത്താൻ നോക്കി. എന്നിട്ട് ഞാൻ തളർന്നോ? പോടാ പുല്ലേ, എന്നെക്കൊണ്ടൊന്നും പറ്റില്ല. അതായിരുന്നു എന്റെ ആറ്റിറ്റ്യൂഡ്. പിന്നെ, യൂട്യൂബ് ചാനൽ തുടങ്ങിയപ്പോ എത്രയെത്ര വ്‌ളോഗ്‌സ് ഞാനിട്ടു. എല്ലാം പൊട്ടി. അവസാനം ടെറസിന്റെ മണ്ടേല് കൃഷി ചെയ്യുന്ന വീഡിയോ ഞാനിട്ടപ്പോ വെറും 75 സബ്‌സ്‌ക്രൈബേഴ്‌സിരുന്ന എന്റെ ചാനൽ ഒറ്റക്കുതിപ്പാണ്. 750 സബ്‌സ്‌ക്രൈബേഴ്‌സ്. ഞാൻ ഹാപ്പിയായി. ഗ്രോത്തുണ്ടല്ലോ, എനിക്കതു മതി. ഞാനിപ്പോ ഇതൊക്കെ എന്തിനാണ് ചേച്ചിനോട് പറയുന്നത് എന്ന് വിചാരിക്കുന്നുണ്ടാകും. ചുമ്മാ ഒരു മോട്ടിവേഷൻ...' - നസ്ലിൻ പറയുന്നു.

ആഗസ്ത് 19ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. റോജിൻ തോമസിന്‍റേത് തന്നെയാണ് ചിത്രത്തിന്റെ കഥ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം. വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത, അജു വർഗീസ്, പ്രിയങ്ക നായർ, മിനോൺ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

TAGS :

Next Story