ഞാൻ വലതുപക്ഷ വിരുദ്ധൻ; ഇടതുപക്ഷത്തും ഫാസിസമുണ്ട്-മുരളി ഗോപി
'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ലെ പ്രധാന കഥാപാത്രം പിണറായി വിജയനെ മനസിൽ കണ്ടു നിർമിച്ചതാണെന്ന വിമര്‍ശനത്തോടും മുരളി ഗോപി പ്രതികരിച്ചു
മുരളി ഗോപി
കോഴിക്കോട്: താൻ എപ്പോഴും വലതുപക്ഷ വിരുദ്ധനാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. എന്നാൽ, നിലവിലെ മുഖ്യധാരാ ഇടതുപക്ഷം വലതുപക്ഷമായി മാറുകയാണെന്നും അതിനെ വിമർശിക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള വിമർശനമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റുകളെയും വലതുപക്ഷത്തെയും പുച്ഛിച്ചു തള്ളിയതുകൊണ്ടാണ് അവർ ഇപ്പോഴത്തെ നിലയിൽ വലിയ ശക്തിയായി വളർന്നതെന്നും മുരളി ഗോപി പറഞ്ഞു.
'ന്യൂ ഇന്ത്യൻ എക്‌സ്പ്രസി'നു നൽകിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, ഈ അടുത്ത കാലത്ത് ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഈ ചിത്രങ്ങളൊന്നും ഇടതുപക്ഷ വിരുദ്ധമല്ലെന്നും വലതുപക്ഷത്തെ താൻ ഒരുപാട് ചിത്രങ്ങളിൽ വിമർശിച്ചിട്ടുണ്ടെന്നും അതെല്ലാം സൗകര്യപൂർവം വിസ്മരിക്കുകയാണെന്നും മുരളി കുറ്റപ്പെടുത്തി.
'വലതുപക്ഷത്തിന്റെ കുത്തകയല്ല ഫാസിസം. ഇടതുപക്ഷത്തും ഫാസിസ്റ്റ് എലമന്റുകളുണ്ട്. ഇന്ത്യയിൽ ഇടതുപക്ഷമില്ല എന്നാണ് പറയുന്നത്. ഇവിടെ ഇടതുപക്ഷമില്ലെന്നാണ് എന്റെ അഭിപ്രായം. ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷം വലതുപക്ഷത്തിന്റെ എല്ലാ പ്രവണതകളും കാണിക്കുന്ന സോകോൾഡ് ഇടതുപക്ഷം മാത്രമാണ്'-ഇടതുപക്ഷ വിരുദ്ധനാണെന്ന വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരു ഇടതുപക്ഷ ചിത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ഇടതുപക്ഷം വിമർശനത്തിന് അതീതമല്ല. മുഖ്യധാരാ ഇടതുപക്ഷത്തെ വിമർശിക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള വിമർശനവുമാകില്ല. അതോടൊപ്പം 'ടിയാൻ' വലതുപക്ഷ രാഷ്ട്രീയത്തിനെതിരായ ചിത്രമാണ്. അങ്ങനെ വലതുപക്ഷത്തിനെതിരെ നന്നായി പറഞ്ഞ ചിത്രങ്ങൾ താൻ ചെയ്തിട്ടുണ്ട്. അത് ആരും കാണുന്നില്ല എന്നതാണ് പ്രശ്‌നം. സെലക്ടീവായ നിരൂപണമാണിവിടെ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
'ഈ അടുത്ത കാലത്ത്' എന്ന ചിത്രത്തിൽ ആർ.എസ്.എസിനെയും ശാഖയെയും നല്ല രീതിയിൽ താങ്കൾ അവതരിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് മുരളി ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ആർ.എസ്.എസ് ശാഖ ഞാൻ വളർന്ന സ്ഥലങ്ങളിലുണ്ട്. എന്നാൽ, ഒറ്റ സിനിമയിലും ആർ.എസ്.എസ് ശാഖ ഞാൻ കണ്ടിട്ടില്ല. അവർ ഈ സമൂഹത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടാണോ അത്? ഞാൻ ആർ.എസ്.എസ് ശാഖ കണ്ടിട്ടുണ്ട്. അത് എന്റെ സിനിമയിൽ കാണിക്കുകയും ചെയ്യും.''
''ഫാസിസത്തെയും വലതുപക്ഷത്തെയും ഭീകരവൽക്കരിക്കാൻ നോക്കുമ്പോഴാണ് അതു ശക്തിപ്രാപിക്കുന്നത്. ശാഖ കാണുമ്പോഴുള്ള ഭയത്തെയാണ് ചിത്രത്തിൽ കാണിക്കുന്നത്. അതിന്റെ രണ്ടു വശവും ഞാൻ കാണിക്കുന്നുണ്ട്. അവരെ നേരിടണമെങ്കിൽ ആദ്യം അവരെ അഭിമുഖീകരിക്കാൻ തയാറാകണം. എന്നിട്ടാണ് നേരിടേണ്ടത്. അവരെ നിസ്സാരരാക്കി വിട്ടുകളഞ്ഞാൽ ഇപ്പോൾ സംഭവിച്ച പോലെ വലിയ ശക്തിയായി വരും. ഇപ്പോൾ നമ്മൾ നിസ്സഹായരാണ്. മതേതര കാഴ്ചപ്പാടിൽ ഇവരെ എങ്ങനെ നേരിടേണ്ടതെന്ന ഒരു ആശയക്കുഴപ്പം ഇപ്പോൾ നിലനിൽക്കുന്നുണ്ട്.''
കമ്മ്യൂണിസ്റ്റുകൾ ആദ്യം ഫാസിസത്തെ പുച്ഛിച്ചുതള്ളി. പിന്നീടാണ് വിഷയം ഉയർത്തിക്കൊണ്ടുവരുന്നത്. ഇതെല്ലാം അവർക്ക് ഇന്ധനമാണ്. ഞാൻ ഒരു തരത്തിലുമുള്ള വലതുപക്ഷ ആഭിമുഖ്യമുള്ളയാളല്ല. വലതുപക്ഷത്തിന് എതിരാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ പ്രധാന കഥാപാത്രം പിണറായി വിജയനെ മനസിൽ കണ്ടുകൊണ്ട് നിർമിച്ചതാണോ എന്ന ചോദ്യത്തോട് മറുപടി ഇങ്ങനെയായിരുന്നു: ''നമ്മുടെ സമകാലികമായ സംഭവങ്ങളുടെ അനുരണങ്ങൾ അതിനകത്തുണ്ടാകും. എന്നാൽ, പൂർണമായും ഏതെങ്കിലുമൊരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി നിർമിച്ച കഥാപാത്രമല്ല. ആ കഥാപാത്രത്തിൽ ലെനിന്റെയും സ്റ്റാലിന്റെയും എലമെന്റുകളുണ്ട്. മുഖ്യധാരാ ഇടതുപക്ഷത്തിൽ എങ്ങനെയാണ് വ്യക്തിപൂജ വളരുന്നതെന്ന് കാണിക്കുകയാണ് അതിലൂടെ.''
ഇടതുപക്ഷം എന്നു പറയുന്നതു തന്നെ കൾട്ട്‌വൽക്കരണത്തിനെതിരാണ്. വ്യക്തിപൂജ ഇടതുപക്ഷരംഗം കൈയടക്കുന്ന നിമിഷം അത് വലതുപക്ഷമായി മാറും. അതുകൊണ്ടുതന്നെ ആനുകാലികമായ താരാരാധനകളെക്കുറിച്ച് സിനിമ ചർച്ച ചെയ്യുമ്പോൾ ഇത്തരം അനുരണനങ്ങൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. ഇടതുപക്ഷത്തിന്റെ ചരിത്രത്തിൽ എല്ലാ സ്ഥലത്തും ഈയൊരു ദ്വന്ദ്വമുണ്ട്. പിതാവ് ഭരത് ഗോപി ബി.ജെ.പിയിൽ ചേർന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും സ്വീകരിക്കുന്നില്ലെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു.
Summary: I am anti-right wing. But I will criticise mainstream left: Murali Gopy
Adjust Story Font
16