Quantcast

'കാണ്ഡഹാർ' വെബ് സീരീസ്: നെറ്റ്ഫ്‌ളിക്‌സ് കണ്ടെന്റ് മേധാവിയെ വിളിപ്പിച്ച് കേന്ദ്ര സർക്കാർ

'ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്' വെബ് സീരീസിനും സംവിധായകൻ അനുഭവ് സിൻഹയ്ക്കുമെതിരെ കങ്കണ റണാവത്ത്, അമിത് മാളവ്യ ഉൾപ്പെടെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    2 Sep 2024 9:35 AM GMT

കാണ്ഡഹാർ വെബ് സീരീസ്: നെറ്റ്ഫ്‌ളിക്‌സ് കണ്ടെന്റ് മേധാവിയെ വിളിപ്പിച്ച് കേന്ദ്ര സർക്കാർ
X

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സിന്റെ കണ്ടെന്റ് മേധാവിയെ വിളിപ്പിച്ച് കേന്ദ്ര സർക്കാർ. കാണ്ഡഹാർ വിമാനറാഞ്ചൽ ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ വെബ് സീരീസുമായി ബന്ധപ്പെട്ടാണു വിളിപ്പിച്ചതെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. നാളെ ഹാജരാകാനാണ് കേന്ദ്ര വാർത്താ-പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

'ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്' എന്ന വെബ് സീരീസിനെ ചൊല്ലി സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ വിമർശനമുയർത്തിയിരുന്നു. സീരീസിൽ വിമാനം റാഞ്ചിയ അഞ്ചു ഭീകരർക്ക് രഹസ്യനാമങ്ങളാണു നൽകിയിരുന്നത്. ഇവരുടെ മുസ്‌ലിം പേരുകൾ ബോധപൂർവം ഒളിപ്പിച്ചെന്നാണ് ഉയരുന്ന ആരോപണം. ബിജെപി ഐടി സെൽ മേധാവി അ്മിത് മാളവ്യ ഉൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

തങ്ങളുടെ മുസ്‌ലിം സ്വത്വം മറച്ചുവയ്ക്കാൻ വേണ്ടിയാണ് ഭീകരർ രഹസ്യനാമങ്ങൾ ഉപയോഗിച്ചതെന്നും ഇതിനു ന്യായീകരണം നൽകുകയാണ് സീരീസിലൂടെ സംവിധായകൻ അനുഭവ് സിൻഹയെന്നും അമിത് മാളവ്യ ആരോപിച്ചു. ഹിന്ദുക്കളാണ് വിമാന റാഞ്ചലിനു പിന്നിലെന്നു ജനങ്ങൾ തെറ്റിദ്ധരിക്കും. മുസ്‌ലിംകളായ പാകിസ്താൻ ഭീകരന്മാരെ വെള്ളപ്പൂശൽ ഇടതുപക്ഷത്തിന്റെ അജണ്ടയാണെന്നും സിനിമാ മേഖലയിൽ കാലങ്ങളായി ഇതു നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും മാളവ്യ ആരോപിച്ചു.

മാളവ്യയെ പിന്തുണച്ച് ബിജെപി എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്തും രംഗത്തെത്തി. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സങ്കൽപിക്കാനാകുന്നതിനും അപ്പുറത്ത് ആക്രമണങ്ങളും നഗ്നതയും പ്രദർശിപ്പിക്കപ്പെടുന്നുണ്ടെന്ന് കങ്കണ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഒരു നടപടിയും സെൻസർഷിപ്പുകളുമുണ്ടാകുന്നില്ല. തങ്ങളുടെ രാഷ്ട്രീയമായ സ്വാർഥതാൽപര്യങ്ങൾക്കു വേണ്ടി യഥാർഥ സംഭവങ്ങളെ വളച്ചൊടിക്കുന്ന രീതി വരെയുണ്ട്. ലോകത്തെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകൾക്കും ഇടതുപക്ഷക്കാർക്കും അത്തരം ദേശദ്രോഹ ആവിഷ്‌ക്കാരങ്ങൾക്കുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ, ഭാരതത്തിന്റെ അഖണ്ഡത പ്രമേയമായുള്ള ചിത്രങ്ങൾ ചെയ്യാൻ നമ്മളെപ്പോലുള്ള ദേശീയവാദികളെ ഒടിടി പ്ലാറ്റ്‌ഫോമുകൾ അനുവദിക്കുന്നുമില്ലെന്നും കങ്കണ ആരോപിച്ചു.

29 ആഗസ്റ്റിനാണ് 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിനെ ആസ്പദമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത 'ഐ.സി 814: ദി കാണ്ഡഹാർ ഹൈജാക്ക്' വെബ് സീരീസ് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്. ബോളിവുഡ് താരം വിജയ് വർമയാണു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 1999ൽ, ഐ.സി 814 എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ എയർലൈൻസ് 814 വിമാനം റാഞ്ചിയ ഭീകരസംഘാംഗങ്ങളുടെ പേരുമാറ്റിയെന്നാണ് ഇപ്പോൾ ആരോപണമുയരുന്നത്. പാകിസ്താൻ സ്വദേശികളായ ഇബ്രാഹിം അത്ഹർ, ഷാഹിദ് അക്തർ, സണ്ണി അഹ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവർ ചേർന്നാണ് വിമാനം റാഞ്ചിയത്. വെബ് സീരീസിൽ ബോല, ശങ്കർ, ഡോക്ടർ, ബർഗർ, ചീഫ് എന്നിങ്ങനെ ഇവരുടെ രഹസ്യനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

വിമാനം റാഞ്ചിയ ഭീകരവാദികൾ പരസ്പരം വിളിച്ചിരുന്ന രഹസ്യനാമങ്ങളാണ് വെബ് സീരീസിലും ഉപയോഗിച്ചിരിക്കുന്നതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈർ വിശദീകരിക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയം വെബ്‌സൈറ്റിലെ സ്‌ക്രീൻഷോട്ടും സുബൈർ പങ്കുവച്ചു.

ഇതേകാര്യം വിശദീകരിച്ച് വെബ് സീരീസിലെ കാസ്റ്റിങ് ഡയരക്ടർ മുകേഷ് ഛബ്രയും രംഗത്തെത്തി. വിമാനം റാഞ്ചിയവരുടെ പേരുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകൾ കാണാനിടയായി. കൃത്യമായ ഗവേഷണം നടത്തിയിട്ടുണ്ട് ഞങ്ങൾ. അപരനാമമെന്നോ വ്യാജ നാമമെന്നോ എന്തു തന്നെ നിങ്ങൾ വിളിച്ചാലും വേണ്ടില്ല, ഇതേ പേരിലായിരുന്നു അവർ പരസ്പരം അഭിസംബോധന ചെയ്തിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായായിലും സീരീസിലെ കാസ്റ്റിങ്ങിനെ മൊത്തത്തിൽ ഇഷ്ടപ്പെട്ടതിന് എല്ലാവരോടും നന്ദിയുണ്ട്. കൂടുതൽ പര്യവേക്ഷണം ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകിയ അനുഭവ് സിൻഹയ്ക്ക് പ്രത്യേകം നന്ദി പറയുന്നുവെന്നും മുകേഷ് എക്‌സ് പോസ്റ്റിൽ കുറിച്ചു.

വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്റ്റൻ ദേവിശരണും ശ്രിഞ്‌ജോയ് ചൗധരിയും ചേർന്നു രചിച്ച 'ഫ്‌ളൈറ്റ് ഇൻടു ഫിയർ' എന്ന പുസ്തകം ആധാരമാക്കിയാണ് അനുഭവ് സിൻഹ വെബ് സീരീസ് ഒരുക്കിയത്. വിജയ് വർമയ്ക്കു പുറമെ നസീറുദ്ദീൻ ഷാഹ്, പങ്കജ് കപൂർ, അരവിന്ദ് സ്വാമി, ദിയ മിർസ, പൂജ ഗോർ, പത്രലേഖ, അമൃത പുരി, കുമുദ് മിശ്ര, മനോജ് പഹ്വ, അനുപം ത്രിപാഠി, കവൽജീത് സിങ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary: I&B Ministry summons Netflix content head over IC 814 - The Kandahar Hijack web series row

TAGS :

Next Story