ഒടിടിയ്ക്കു വേണ്ടി സിനിമ നിര്‍മിച്ചാല്‍ അത് സിനിമയുടെ അന്ത്യം; അടൂര്‍ ഗോപാലകൃഷ്ണന്‍
ഒടിടി റിലീസുകള്‍ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കുമെന്നും മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ നിലവില്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്നും അടൂര്‍ പറയുന്നു
ഒടിടിയ്ക്ക് വേണ്ടി സിനിമ നിര്‍മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒടിടി റിലീസുകള്‍ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കുമെന്നും മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ നിലവില്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്നും അടൂര്‍ പറയുന്നു. സന്‍സാദ് ടിവിക്കുവേണ്ടി ശശി തരൂര്‍ എംപി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
അടൂര്‍ ഗോപാലകൃഷ്ണന്‍റെ വാക്കുകള്‍;
'ചെറു സ്‌ക്രീനുകളില്‍ സിനിമ കാണുക എന്നത് എന്നെ സംബന്ധിച്ച് സങ്കടകരമാണ്. സിനിമ തിയറ്ററില്‍ കാണാനുള്ളതാണ്. ആ അനുഭവം ഒരു മൊബൈല്‍ സ്‌ക്രീനില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ കിട്ടില്ല. ഓരോ ഫ്രെയ്മും ഒരു നിശ്ചിത സെക്കന്‍ഡ് സമയത്തേക്കാണ് പ്രേക്ഷകരുടെ കണ്‍മുന്നില്‍ നില്‍ക്കുക. ബിഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ അതു കാണാന്‍ ആവശ്യമായ സമയം കാണിക്ക് ലഭിക്കും. ഒരു ചെറിയ സ്‌ക്രീനില്‍ നിങ്ങള്‍ ശരിക്കും സിനിമ കാണുന്നുതന്നെയില്ല!
കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ മാത്രമാണ് സാധിക്കുക. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേതുപോലെ സ്‌ക്രീനിലെ ചലനങ്ങളും നിങ്ങള്‍ കാണുന്നു. ആ കാഴ്ചാനുഭവത്തില്‍ മറ്റൊന്നും ഇല്ല. എന്‍റെ സിനിമ മൊബൈല്‍ ഫോണിലാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, യഥാര്‍ഥ അര്‍ഥത്തില്‍ നിങ്ങളാ ചിത്രം കാണുന്നില്ല. അങ്ങനെ കാണുന്നപക്ഷം എന്‍റെ വര്‍ക്കിനോട് നിങ്ങള്‍ വലിയ അനീതിയാണ് കാട്ടുന്നതെന്നും ഞാന്‍ പറയും.
മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നതിലൂടെ പ്രേക്ഷകരില്‍ നിന്ന് സിനിമാനുഭവത്തെ എടുത്തുമാറ്റുകയുമാണ് അവര്‍. ഒടിടി റിലീസ് മുന്നില്‍ക്കണ്ട് സിനിമ നിര്‍മ്മിക്കുന്നത് നിരാശാജനകമാണ്. അത് സിനിമയുടെ അന്ത്യമായിരിക്കും. ഒരു സിനിമ ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് തിയറ്ററിലാണ് കാണേണ്ടത്. ആ സാമൂഹിക അനുഭവം കൂടിയാണ് ഒടിടി എടുത്തുകളയുന്നത്.'
Adjust Story Font
16