'പൊലീസ് സ്റ്റേഷനില്‍ ഞാന്‍ മരിച്ചാല്‍ അതൊരു കൊലപാതകമായിരിക്കും'; അറസ്റ്റിന് പിന്നാലെ കുറിപ്പുമായി കമാല്‍ ആര്‍. ഖാന്‍
ദുബൈയിലേക്കുള്ള യാത്രാമധ്യേ മുംബൈ വിമാനത്താവളത്തിലാണ് താരം അറസ്റ്റിലായത്
മുംബൈ: നടനും നിർമാതാവുമായ കമാൽ ആർ. ഖാൻ എന്ന കെ.ആർ.കെ അറസ്റ്റിലായി. 2016ല്‍ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം. ദുബൈയിലേക്കുള്ള യാത്രാമധ്യേ മുംബൈ വിമാനത്താവളത്തിലാണ് താരം അറസ്റ്റിലായത്. കെ.ആർ.കെ തന്നെയാണ് വിവരം സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. 'ടൈഗർ 3' എന്ന ചിത്രം പരാജയപ്പെടാൻ കാരണം താനാണെന്നാണ് സൽമാൻ ഖാൻ പറയുന്നതെന്നും ഏതെങ്കിലും സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിലോ ജയിലിലോ താൻ മരിക്കാനിടയായാൽ അതൊരു കൊലപാതകമായിരിക്കുമെന്നും ആരാണ് അതിന് ഉത്തരവാദിയെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമെന്നും താരം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
'കഴിഞ്ഞ ഒരു വർഷമായി ഞാൻ മുംബൈയിലാണ്. കോടതിയിൽ എനിക്ക് പോകേണ്ട എല്ലാ തീയതികളിലും എത്തുന്നുണ്ട്. പുതുവർഷത്തിന് മുന്നോടിയായി ദുബൈയിലേക്ക് പോകുമ്പോൾ ഇന്ന് മുംബൈ പൊലീസ് വിമാനത്താവളത്തിൽ വെച്ച് എന്നെ അറസ്റ്റ് ചെയ്തു. 2016ലെ ഒരു കേസിൽ തിരയുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. ടൈഗർ 3 എന്ന ചിത്രം പരാജയപ്പെട്ടത് ഞാൻ കാരണമാണെന്നാണ് സൽമാൻ ഖാൻ പറയുന്നത്. ഞാൻ ഏതെങ്കിലും സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിലോ ജയിലിലോ മരിച്ചാൽ അത് കൊലപാതകമാണെന്ന് നിങ്ങൾ എല്ലാവരും അറിയണം. ആരാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം!'. അദ്ദേഹം കുറിച്ചു.
സിനിമാ താരങ്ങൾക്കെതിരായ അധിക്ഷേപ പരാമർശങ്ങളിലൂടെയാണ് കമാൽ ആർ. ഖാൻ വാർത്തകളിൽ ഇടംപിടിക്കുന്നത്. 2022ൽ രണ്ടുതവണ അദ്ദേഹം അറസ്റ്റിലായിരുന്നു. നടന്മാരായ ഇർഫാനും റിഷി കപൂറിനുമെതിരായ ട്വീറ്റിനെ തുടർന്നായിരുന്നു ആദ്യ അറസ്റ്റ്. പിന്നീട് ഫിറ്റ്‌നസ് ട്രെയിനർക്കെതിരായ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രണ്ടാം തവണയും അറസ്റ്റിലായി. നിരവധി ഹിന്ദി, ബോജ്പുരി സിനിമകളിൽ വേഷമിട്ട കെ.ആർ.കെ ബിഗ് ബോസ് മൂന്നാം സീസണിലും എത്തിയിരുന്നു
Adjust Story Font
16