ഇളയരാജയെ ക്ഷേത്രത്തില്‍നിന്ന് ഇറക്കിവിട്ടോ? വിശദീകരണവുമായി ഭാരവാഹികളും സംഗീതജ്ഞനും
എവിടെയാണെങ്കിലും ആത്മാഭിമാനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇളയരാജ പ്രതികരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽനിന്ന് ഇറക്കിവിട്ടെന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി സംഗീതജ്ഞൻ ഇളയരാജയും ഭാരവാഹികളും. ശ്രീകോവിലിൽ പൂജാരിമാർക്കും മഠാധിപതികൾക്കും മാത്രമാണു പ്രവേശനമുള്ളതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ചു. എവിടെയാണെങ്കിലും ആത്മാഭിമാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും ഇളയരാജ ആരാധകരോട് ആവശ്യപ്പെട്ടു.
ചിലർ തന്നെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് ഇളയരാജ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. എവിടെയാണെങ്കിലും ആത്മാഭിമാനത്തിന്റെ കാര്യത്തിൽ ഞാൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. നടക്കാത്ത കാര്യങ്ങളാണു നടന്നു എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. ആരാധകരും പൊതുജനങ്ങളും ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആണ്ടാൾ, രംഗമന്നാർ, ഗരുഡൽവാർ എന്നീ ക്ഷേത്രത്തിലെ മൂർത്തികൾ കുടികൊള്ളുന്ന അർദ്ധമണ്ഡപവും ശ്രീകോവിലിന്റെ ഭാഗമാണെന്നാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ എസ്. ശക്കരയമ്മാൾ വിശദീകരിച്ചത്. പൂജാരിമാരും മഠാധിപതികളുമല്ലാത്ത ആർക്കും ഇങ്ങോട്ട് പ്രവേശനമില്ല. മഠാധിപതികൾക്കൊപ്പമാണ് ഇളയരാജ അർദ്ധമണ്ഡപത്തിലെത്തിയത്. ഇവിടെയുള്ള നിയന്ത്രണങ്ങളെ കുറിച്ച് പൂജാരി ഉണർത്തിയ ഉടൻ തന്നെ അദ്ദേഹം അവിടെനിന്ന് ഇറങ്ങിയെന്നും ശക്കരയമ്മാൾ വിശദീകരിച്ചു. വിഐപികൾക്കും അർദ്ധമണ്ഡപത്തിലേക്ക് പ്രവേശനമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ വിരുദുനഗർ ശ്രീവല്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലായിരുന്നു വിവാദമായ സംഭവം. ആണ്ടാൾ ജീയർ മഠത്തിലെ സദഗോപ രാമാനുജ ജീയർക്കും സദഗോപ രാമാനുജ അയ്യർക്കുമൊപ്പമായിരുന്നു ഇളയരാജ ഇവിടെയെത്തിയത്. 'ദിവ്യ പാസുരം' എന്ന പുതിയ സംഗീത ആൽബത്തിന്റെ പ്രകാശനത്തിനായി സ്ഥലത്തെത്തിയതായിരുന്നു അദ്ദേഹം. ക്ഷേത്രത്തിൽ പ്രവേശിച്ച അദ്ദേഹം മഠാധിപതികൾക്കൊപ്പം ശ്രീകോവിലിനകത്തും കടന്നു. ഇതോടെ ഇളയരാജയോട് ഇവിടെനിന്ന് ഇറങ്ങാൻ പൂജാരിമാർ നിർദേശിച്ചെന്നാണു വിവരം.
ആൾക്കൂട്ടം ഇളയരാജയെ ക്ഷേത്രത്തിനകത്തേക്ക് ഉന്തിയിട്ടതാണെന്നാണു മറ്റൊരു ക്ഷേത്രം ഭാരവാഹി വിശദീകരിച്ചത്. ശ്രീകോവിലിനു പുറത്തെ കുലശേഖര പടിയിൽ ഇരുന്നു ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനിടയിൽ പിന്നിൽനിന്നുള്ള ശക്തമായ ഉന്തിലും തള്ളിലും അകത്തേക്ക് അറിയാതെ പ്രവേശിക്കുകയായിരുന്നു. ഭക്തന്മാർക്ക് അകത്തേക്കു പ്രവേശനമില്ലാത്തതിനാൽ അദ്ദേഹത്തോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
ശ്രീകോവിലിന്റെ കവാടത്തിൽനിന്നു പുഷ്പാർച്ചന നടത്തിയും തൊഴുതുമാണ് ഇളയരാജ മടങ്ങിയത്. 'ദിവ്യ പാസുരം' ആൽബം പുറത്തിറക്കാൻ ഇതിലും നല്ലൊരു സ്ഥലമില്ലെന്ന് തുടർന്നു നടന്ന പ്രകാശനചടങ്ങിൽ അദ്ദേഹം പറഞ്ഞു. ചെറിയ പ്രായം തൊട്ടേ ഇവിടെ പ്രാർഥനയ്ക്കായി വരാറുണ്ടെന്നു പറഞ്ഞ അദ്ദേഹം ആണ്ടാൾ ക്ഷണിക്കാതെ ഒരാൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ പറ്റില്ലെന്നും പറഞ്ഞു. സംഭവം പിന്നീട് വലിയ വിവാദമായതോടെയാണ് സോഷ്യൽ മീഡിയയിൽ വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തത്.
സംഭവത്തിൽ ജില്ലാ കലക്ടർ ഇടപെട്ടിട്ടുണ്ട്. കലക്ടർ ഡോ. വി.പി ജയശീലൻ ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് വകുപ്പ്(എച്ച്ആർ ആൻഡ് സിഇ) ജോയിന്റ് കമ്മിഷണർ മധുരൈ കെ. ചെല്ലദുരൈയോട് റിപ്പോർട്ട് തേടിയതായാണു വിവരം. വിവാദത്തിൽ ചെല്ലദുരൈ നേരത്തെ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ക്ഷേത്രം ഭാരവാഹികളുടെ വാദം ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.
ക്ഷേത്രനടപടിയിൽ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമുയർന്നിരുന്നു. ഇളയരാജ ക്ഷേത്രത്തിൽ നേരിട്ടത് ജാതിവിവേചനമാണെന്നായിരുന്നു പ്രധാന വിമർശനം. ആചാരങ്ങൾ ലംഘിക്കാൻ ആർക്കുമാകില്ലെന്ന തരത്തിൽ ക്ഷേത്രം ഭാരവാഹികളെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി.
Summary: Musician Ilaiyaraaja reacts on Tamil Nadu temple controversy
Adjust Story Font
16