"ഞാൻ ദുൽഖറിന്റെ ഫാൻബോയ്, ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്": മക്ബൂൽ സൽമാൻ
കുടുംബപ്പേര് താനൊരിക്കലും സിനിമയിൽ ഉപയോഗിച്ചിട്ടില്ല. എവിടെയെങ്കിലും പാളിപ്പോയാൽ അവർക്കൊരു പേരുദോഷം കേൾപ്പിക്കാതെ ഒരു വഴിക്ക് പോകാമല്ലോ എന്നാണ് തന്റെ ചിന്തയെന്നും മക്ബൂൽ
ഏറ്റവും കൂടുതൽ തന്നെ ഇൻസ്പയർ ചെയ്യുന്നത് മമ്മൂട്ടിയും ദുൽഖർ സൽമാനുമാണെന്ന് മക്ബൂൽ സൽമാൻ. 'കിർക്കൻ' സിനിമയുടെ വിശേഷങ്ങൾ മീഡിയവണുമായി പങ്കുവെക്കുകയായിരുന്നു മക്ബൂൽ.
"മൂത്താപ്പയുടെയും (മമ്മൂട്ടി) ദുൽഖറിനെയും ഫാൻ ബോയ് ആണ് ഞാൻ. അവരാണ് എന്നെ ഏറ്റവും കൂടുതൽ ഇൻസ്പയർ ചെയ്യുന്നത്. പേഴ്‌സണൽ ലൈഫ് അടക്കം അവരുടേത് പോലെ കൊണ്ടുപോകാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എല്ലാത്തിലും അവരെ റോൾ മോഡൽ ആക്കാനാണ് ആഗ്രഹം."; മക്ബൂൽ പറയുന്നു.
"ദുൽഖറിനും എനിക്കും പേരിട്ടത് മൂത്താപ്പയാണ്. പേരിലെ സാമ്യതകൾ ദുൽഖറും ഞാനും തമ്മിൽ എല്ലാ കാര്യത്തിലുമുണ്ട്. ഞങ്ങളുടെ പിറന്നാൾ ഒരുമിച്ചാണ്. ഒരു ഫാൻ ബോയ് ഉള്ളിൽ കിടക്കുന്നത് കൊണ്ടുതന്നെ ഞാൻ ഈ സാമ്യതകളെല്ലാം കണ്ടുപിടിക്കും. ഞങ്ങൾ സിനിമയിൽ വന്നത് ഒരേ വർഷമാണ്. മൂത്താപ്പാക്കും ദുൽഖറിനും കിട്ടുന്ന സ്നേഹം ആ കുടുംബത്തിൽ നിന്ന് വരുന്നതിനാൽ തന്നെ എനിക്കും കിട്ടുന്നുണ്ട്. ഞാനത് വളരെ ആസ്വദിക്കുന്നുണ്ട്."
"ഒരു സിനിമ വരുമ്പോൾ ചർച്ച ചെയ്യാൻ പോകുന്നത് മമ്മൂട്ടി എന്നൊരു മെഗാ സ്റ്റാറിന്റെ അടുത്തും ദുൽഖർ എന്നൊരു സൂപ്പർ സ്റ്റാറിന്റെയടുത്തുമാണ്. അവർ ചെയ്‌ത സിനിമകളുടെ ഗ്രാഫ് നോക്കുകയാണെങ്കിൽ ഞാൻ ചെയ്യുന്ന സിനിമകൾ പൊതുവെ ലോ ബജറ്റാണ്. മാറ്റിനിയൊക്കെ മൂത്താപ്പയുമായി തിയേറ്ററിൽ ഒരുമിച്ചിരുന്ന് കണ്ട സിനിമയാണ്. മൂത്താപ്പ കൊള്ളാം എന്ന് പറഞ്ഞാൽ വളരെ സന്തോഷമാണ്.
എന്നാൽ, കുടുംബപ്പേര് താനൊരിക്കലും സിനിമയിൽ ഉപയോഗിച്ചിട്ടില്ല. എവിടെയെങ്കിലും പാളിപ്പോയാൽ അവർക്കൊരു പേരുദോഷം കേൾപ്പിക്കാതെ ഒരു വഴിക്ക് പോകാമല്ലോ എന്നാണ് തന്റെ ചിന്തയെന്നും മക്ബൂൽ പറഞ്ഞു.
നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രമാണ് ‘കിര്‍ക്കന്‍’. അനാർക്കലി മരിക്കാരാണ് ചിത്രത്തിലെ നായിക. മക്ബൂലിനെ കൂടാതെ സലിംകുമാര്‍, ജോണി ആന്റണി, അപ്പാനി ശരത്ത്,വിജയരാഘവന്‍, കനി കുസൃതി, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. പൊലീസ് ഉദ്യോഗസ്ഥനായ മാത്തനായാണ് മക്ബൂൽ എത്തുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രത്തിന്റെ നിർമാണം.
Adjust Story Font
16