"കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതും പശുവിന്‍റെ പേരില്‍ മുസ്‍ലിംകളെ കൊല്ലുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?": സായ് പല്ലവി
'BoycottSaiPallavi' എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സായ് പല്ലവിക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം
ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതും പശുവിന്‍റെ പേരില്‍ മുസ്‍ലിംകളെ കൊല്ലുന്നതും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് നടി സായ് പല്ലവി. അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണമെന്നും സായ് പല്ലവി പറഞ്ഞു. ഗ്രേയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം.
"കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിച്ചത്. കുറച്ചു നാള്‍ മുന്നേ കോവിഡ് ലോക്ക്ഡൗൺ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ച ഒരു മുസ്‍ലിമിനെ ജയ് ശ്രീറാം വിളിച്ചാണ് കൊലപ്പെടുത്തിയത്. മതത്തിന്‍റെ പേരിലുള്ള ആക്രമണങ്ങളാണ് ഇതെല്ലാം. ഇതു രണ്ടും തമ്മില്‍ എവിടെയാണ് വ്യത്യാസമുള്ളത്"; സായ് പല്ലവി ചോദിച്ചു.
'എന്നെ സംബന്ധിച്ച് അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്. എന്‍റേത് ഒരു നിഷ്പക്ഷ കുടുംബമാണ്. അവര്‍ എന്നെ ഒരു നല്ല മനുഷ്യനാകാനാണ് പഠിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണം. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെങ്കില്‍ ഒരു ഭാഗം മാത്രം ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നില്ല', സായ് പല്ലവി അഭിമുഖത്തില്‍ പറഞ്ഞു.
അതെ സമയം സായ് പല്ലവിയുടെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. 'BoycottSaiPallavi' എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. സായി പല്ലവി ആദ്യം സ്വന്തം ആളുകളുടെ ചരിത്രം വായിക്കണമെന്നും അപ്പോൾ കശ്മീരി പണ്ഡിറ്റുകളുടെ വേദന അറിയാമെന്നും വേലായുധം എന്ന ഐഡിയില്‍ നിന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. സായ് പല്ലവിയുടെ ബഡഗ വേരുകള്‍ ചൂണ്ടിക്കാണിച്ചാണ് താരത്തിനെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്തത്.
Adjust Story Font
16