Quantcast

രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂ, ഫാഷിസവും വെറുപ്പും ആരോപിക്കുന്നത് അന്യായം: കങ്കണ റണാവത്ത്

'ഈ രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂ. ചില നേരങ്ങളില്‍ ഖാന്മാരെ മാത്രം സ്നേഹിക്കുന്നു. മുസ്‍ലിം നടിമാരോട് പ്രത്യേക അഭിനിവേശമുണ്ട്'

MediaOne Logo

Web Desk

  • Updated:

    2023-01-29 12:05:41.0

Published:

29 Jan 2023 11:17 AM GMT

khan kangana ranaut pathaan
X

കങ്കണ റണാവത്ത്

മുംബൈ: രാജ്യം ഖാന്മാരെ എന്നും സ്നേഹിച്ചിട്ടേയുള്ളൂവെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. മാത്രമല്ല പ്രേക്ഷകര്‍ക്ക് മുസ്‍ലിം നടിമാരോട് അഭിനിവേശമുണ്ട്. അതിനാല്‍ രാജ്യത്തിനു മേല്‍ ഫാഷിസവും വെറുപ്പും ആരോപിക്കുന്നത് അന്യായമാണെന്നും കങ്കണ റണാവത്ത് ട്വീറ്റ് ചെയ്തു. പഠാന്‍ സിനിമയുടെ വിജയത്തെ കുറിച്ചുള്ള ഒരു വിശകലനം പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം.

പഠാന്‍റെ വിജയത്തെ കുറിച്ചുള്ള ബോളിവുഡ് സിനിമാ നിര്‍മാതാവ് പ്രിയ ഗുപ്തയുടെ വിശകലനം ഇങ്ങനെയാണ്- "പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുകോണിനും ആശംസകള്‍. ഇതില്‍ നിന്ന് വ്യക്തമാകുന്നത്- 1. ഹിന്ദുക്കളും മുസ്‍ലിംകളും ഒരുപോലെ ഷാരൂഖിനെ സ്നേഹിക്കുന്നു 2. ബഹിഷ്കരണ ആഹ്വാനങ്ങള്‍‌ സിനിമയെ ദോഷകരമായി ബാധിച്ചില്ല, പകരം ഗുണം ചെയ്തു. 3. ഇറോട്ടിക് രംഗങ്ങളും നല്ല സംഗീതവും 4. ഇന്ത്യ മതേതര രാജ്യമാണ്".

ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ റണാവത്ത് ട്വീറ്റ് ചെയ്തതിങ്ങനെ- "വളരെ നല്ല വിശകലനം. ഈ രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂ. ചില നേരങ്ങളില്‍ ഖാന്മാരെ മാത്രം സ്നേഹിക്കുന്നു. കൂടാതെ മുസ്‍ലിം നടിമാരോട് പ്രത്യേക അഭിനിവേശമുണ്ട്. അതിനാല്‍ വെറുപ്പിന്‍റെയും ഫാഷിസത്തിന്‍റെയും പേരുപറഞ്ഞ് രാജ്യത്തെ കുറ്റപ്പെടുത്തുന്നത് അന്യായമാണ്. ഭാരതം പോലൊരു രാജ്യം ലോകത്തില്ല".

പഠാന്‍‌ പോലുള്ള സിനിമകള്‍ വിജയിക്കണമെന്ന് നേരത്തെ കങ്കണ പ്രതികരിക്കുകയുണ്ടായി- "പഠാൻ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകൾ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ശ്രമിക്കുന്നത്".

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമൊപ്പം ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തിയ സിനിമയാണ് പഠാന്‍. സിദ്ധാർഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. യഷ് രാജ് ഫിലിംസാണ് നിർമാണം. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്ക്രീനില്‍ തിരിച്ചെത്തിയ സിനിമയാണിത്. ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. നാലു ദിവസം കൊണ്ട് സിനിമ 400 കോടി ക്ലബ്ബില്‍ കടന്നു.

Summary- Kangana Ranaut about Khans and Pathaan movie

TAGS :

Next Story