'ഇനി ഉത്തരം' പ്രേക്ഷകര്‍ പറയും; ദേശീയ പുരസ്കാര നേട്ടത്തിന് ശേഷമുള്ള ആദ്യ ചിത്രവുമായി അപര്‍ണ
അപർണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലർ സിനിമയാണെന്ന പ്രത്യേകതയും 'ഇനി ഉത്തരം' സിനിമക്കുണ്ട്
ദേശീയ പുരസ്കാര ജേതാവ് അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന 'ഇനി ഉത്തരം' റിലീസിന് ഒരുങ്ങുന്നു. ചിത്രം ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും. സംവിധായകൻ ജീത്തു ജോസഫിന്‍റെ ഹിറ്റ് ചിത്രങ്ങളില്‍ അസോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം'. അപർണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലർ സിനിമയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് 'ഇനി ഉത്തരത്തിന്‍റെ' ടാഗ് ലൈൻ.
ഫാമിലി ത്രില്ലർ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സിനിമയുടെ വിശേഷങ്ങൾ പങ്ക് വെച്ച് അഭിനേതാക്കൾ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടു.
സിനിമയുടെ സാങ്കേതിക വിഭാഗം വളരെ മികച്ചതാണെന്നു നായിക അപർണ ബാലമുരളി പറഞ്ഞു. സസ്പെൻസ് നിലനിർത്താൻ സിനിമയിൽ ഉടനീളം കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ത്രില്ലർ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേർക്ക് അടുപ്പം തോന്നുന്ന പശ്ചാത്തലമാണ് ചിത്രത്തിനെന്നും സിനിമയുടെ കഥയാണ് തനിക്ക് പ്രചോദനമായതെന്നും അപർണ പറഞ്ഞു. ദേശീയ പുരസ്കാരം ലഭിച്ചതിന് ശേഷമുള്ള ആദ്യ റിലീസ് ചിത്രമായതില്‍ വലിയ ടെന്‍ഷനുണ്ട്. കരിയറിൽ വളരെ സന്തോഷമുള്ള സമയമാണെന്നും 'സുരറൈ പോട്ര്' നൽകിയ അനുഭവങ്ങൾ സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അപർണ കൂട്ടിച്ചേർത്തു. സിനിമ പൊലീസ് സ്റ്റോറി മാത്രമല്ലെന്ന് സംവിധായകന്‍ സുധീഷ് രാമചന്ദ്രന്‍ പറഞ്ഞു. ജാനകി എന്ന കഥാപാത്രത്തിന്‍റെ യാത്രയാണ് സിനിമയെന്നും ഒരുപാട് വികാരനിര്‍ഭര അനുഭവങ്ങള്‍ സിനിമക്ക് നല്‍കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16