മലയാള സിനിയിൽ ഒരു യുഗാന്ത്യം; പറഞ്ഞു തീരാത്ത കഥകളും ജീവൻ നൽകാത്ത കഥാപാത്രങ്ങളും ബാക്കിയാക്കി ഇന്നച്ചൻ മറഞ്ഞു
എണ്‍പതുകളുടെ ഒടുക്കവും തൊണ്ണൂറുകള്‍ മുഴുവനായും പിന്നീടിങ്ങോട്ടും ഇന്നസെന്റ് നിറഞ്ഞുകത്തിയ മലയാള സിനിമാ ചരിത്രം.
പൊട്ടിപ്പൊളിഞ്ഞ തീപ്പെട്ടിക്കമ്പനി മുതലാളിയില്‍ നിന്നും സിനിമാ നിർമാതാവിലേക്കും പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയിലേക്കുമുള്ള ഒരു ഇരിങ്ങാലക്കുടക്കാരന്റെ യാത്രയുടെ പേരാണ് ഇന്നസെന്റ്. ചെറിയൊരു വേഷത്തിന് വേണ്ടി കോടമ്പാക്കത്ത് അലഞ്ഞുതിരിഞ്ഞ ഇന്നസെന്റ് താരസംഘടനയായ അമ്മയുടെ അമരക്കാരനായതും ചാലക്കുടിക്കാരുടെ എംപിയായതുമൊക്കെ അതിശയക്കഥ. ചിരിയുടെ തോരാമഴ പെയ്ത ഇന്നലെകള്‍ക്കൊടുക്കം ഇന്നസെന്റ് വിടപറയുമ്പോള്‍ ഒരു യുഗാന്ത്യം കൂടിയാണ് മലയാള സിനിമയില്‍ സംഭവിക്കുന്നത്.
ഒരു നാള്‍ വലിയൊരു നടനാകുമെന്ന് മുന്‍കൂട്ടി തീരുമാനിക്കപ്പട്ടതിനാലാകണം തെക്കേതല വറീതിന്റെയും മാര്‍ഗരറ്റിന്റേയും മകന്‍ ഇന്നസെന്റിന് എട്ടാം ക്ലാസില്‍ പഠിപ്പ് നിർത്തേണ്ടി വന്നതും ഏറ്റെടുത്ത കച്ചടവടങ്ങളെല്ലാം തകർന്നതും. തീപ്പെട്ടി കമ്പനിയും സിമെന്റ് ഏജന്‍സിയുമൊക്കെ പൊളിഞ്ഞപ്പോഴും ഉള്ളില്‍ അണയാതെ കിടന്ന സിനിമാ മോഹം തെളിഞ്ഞു കത്തിയത് 1972ല്‍ പുറത്തിറങ്ങിയ നൃത്ത ശാലയിലൂടെ.
എണ്‍പതുകളുടെ ഒടുക്കവും തൊണ്ണൂറുകള്‍ മുഴുവനായും പിന്നീടിങ്ങോട്ടും ഇന്നസെന്റ് നിറഞ്ഞുകത്തിയ മലയാള സിനിമാ ചരിത്രം. സ്വാഭാവിക നർമവും ഹാസ്യവും തന്റേത് മാത്രമായ ശരീരഭാഷയും ചേഷ്ടകളും ഇന്നസെന്റിനെ ജനപ്രിയ ചിത്രങ്ങളുടെ അവിഭാജ്യഘടകമാക്കി.
നാടോടിക്കാറ്റിലെ ഡ്രൈവർ ബാലനും ഡോ. പശുപതിയിലെ മൃഗഡോക്ടറും റാംജി റാവ് സ്പീക്കിങ്ങിലെ മാന്നാർ മത്തായിയും കിലുക്കത്തിലെ കിട്ടുണ്ണിയും മണിച്ചിത്രത്താഴിലെ ഉണ്ണിത്താനും വിയറ്റ്നാം കോളനിയിലെ ജോസഫും കല്യാണരാമനിലെ പോഞ്ഞിക്കരയും മനസിനക്കരെയിലെ ചാക്കോ മാപ്ലയും തലമുറകളെ ചിരിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്തു. ദേവാസുരത്തിലെ വാര്യരും ചിന്താവിഷ്ടയായ ശ്യാമളയിലെ അച്യുതൻ നായരും മഴവില്‍ കാവടിയിലെ ശങ്കരൻകുട്ടി മേനോനും ഗജകേസരി യോഗത്തിലെ അയ്യപ്പന്‍ നായരുമുള്‍പ്പെടെ അഭിനയമുഹൂര്‍ത്തങ്ങളിലൂടെ അനശ്വരമാക്കിയ അച്ചന്‍ സീരിയസ് വേഷങ്ങള്‍ വേറെയും.
പ്രേക്ഷക പ്രീതിയും ഇഷ്ടവും പ്രായമേറിയിട്ടും ഇന്നസെന്റിനെ നായക വേഷങ്ങളിലേക്കും കൈപിടിച്ചാനയിച്ചു. അങ്ങനെ ഡോ. പശുപതിയും ശ്രീമാൻ ചാത്തുണ്ണയും ഐഎ ഐവാച്ചനും മോളിവുഡിന്റെ ഇന്നലെകളെ സമ്പന്നമാക്കി. സത്യൻ അന്തിക്കാടും പ്രിയദര്‍ശനുമടങ്ങുന്ന മുന്‍ നിര സംവിധായകര്‍ ഇന്നസെന്റിന്റെ ഡേറ്റിനായി കാത്തുനിന്ന കാലങ്ങളായിരുന്നു അത്. കമ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്ന ഇന്നസെന്റ് കോൺഗ്രസ് പിന്തുണയിലൂടെ കൗൺസിലറായതും പിന്നീട് 2014ല്‍ സിപിഎം ടിക്കറ്റിലൂടെ എംപിയായതും രാഷ്ട്രീയ ചരിത്രം. മലയാളത്തിൽ പ്രസംഗിച്ച് പാർലമെന്റിന്റെ സഭാരേഖകളിലും ഇന്നസെന്റ് പേരെഴുതിച്ചേർത്തു.
ഒരു കംപ്ലീറ്റ് എന്റര്‍ടെയിന്‍മെന്റ് സിനിമ പോലെയുള്ള ജീവിതത്തില്‍ വില്ലനായി കാന്‍സര്‍ രോഗമെത്തിയത് 2013ൽ. രോഗത്തോട് പോരാടി പലകുറി അസാമാന്യമായ തിരിച്ചുവരവിലൂടെ സിനിമയിൽ സജീവമായി. ചികിത്സയ്ക്കിടെയുണ്ടായ അനുഭവങ്ങൾ പ്രമേയമായ കാൻസർ വാർഡിലെ ചിരി, ഞാൻ ഇന്നസെന്റുൾപ്പെടെ അഞ്ച് പുസ്തകങ്ങളുടെ രചയിതാവ്. 1989ല്‍ സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങളും. പ്രായഭേദമന്യെ താരങ്ങളുമായുള്ള ബന്ധവും അടുപ്പവും ഇന്നസെന്റിനെ താരങ്ങൾക്കിടയില്‍ അനിഷേധ്യനാക്കി.
അതിനാല്‍ തന്നെ താരങ്ങള്‍ക്കായൊരു സംഘടന രൂപീകൃതമായപ്പോള്‍ അതിന്റെ തലപ്പത്തേക്ക് മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ല മോളിവുഡിന്... രൂപീകരണം മുതല്‍ 12 വർഷം തുടർച്ചയായി അമ്മ സംഘടനയുടെ പ്രസിഡന്റ്. ഒടുക്കം ഒരു ട്രാജിക് മെലോഡ്രാമ പോലെ കാന്‍സറും ന്യൂമോണിയയും വീണ്ടും പിടിമുറുക്കിയപ്പോള്‍ ജീവിത സിനിമയിലെ വേഷങ്ങളെല്ലാം അഴിച്ചു വെച്ച് ഇന്നസെന്റ് തിരശ്ശീലയ്ക്ക് പിറകിലേക്ക് മറഞ്ഞു. എഴുതാത്ത വൈക്കം മുഹമ്മദ് ബഷീറാണ് ഇന്നസെന്റെന്ന് പറഞ്ഞത് സത്യൻ അന്തിക്കാടാണ്. ഇനിയും പറഞ്ഞു തീരാത്ത കഥകളും ജീവൻ നൽകാത്ത കഥാപാത്രങ്ങളും ബാക്കിയാക്കി ഇന്നസെന്റ് അരങ്ങൊഴിയുന്നു. നിറഞ്ഞ മന്ദഹാസത്തോടെ മാത്രം ഓർത്തുവെക്കാവുന്ന അനശ്വരതയായി ഇന്നസെന്റ് എക്കാലത്തും മലയാളികൾക്കിടയിൽ അവശേഷിക്കും.
Adjust Story Font
16