ജയിൽമോചിതനായതിന് പിന്നാലെ വീട്ടിൽ ആഘോഷം: അല്ലു അർജുനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം
തിയേറ്ററിലെ അപകടത്തിൽ മരിച്ച രേവതിയുടെ മകൻ ഇപ്പോഴും അത്യാസന്ന നിലയിൽ ആശുപത്രിയിൽ തുടരുകയാണ്
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം. ജയിൽമോചിതനായതിന് പിന്നാലെ തെലുങ്ക് സിനിമ രംഗത്ത് നിന്നുൾപ്പെടെ നിരവധി പ്രമുഖർ നടനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇതിന്റെ ഭാഗമായുണ്ടായ ആഘോഷങ്ങളാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലായിരുന്നു അല്ലു അർജുൻ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിലെത്തി ഹൈദരാബാദ് ചിക്കട്‌പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും ഒരു രാത്രി അല്ലു ജയിലിൽ ചെലവഴിച്ചിരുന്നു. ഇന്നലെ രാവിലെയോടെ മടങ്ങിയെത്തിയ അല്ലു അർജുനെ വളരെ വൈകാരികമായാണ് കുടുംബാംഗങ്ങൾ വരവേറ്റത്. പിന്നാലെയാണ് തെലുങ്ക് സിനിമ- വ്യവസായ രംഗത്തെ പ്രമുഖർ അല്ലു അർജുനെ വീട്ടിലെത്തി സന്ദർശിച്ചത്. റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, സുരേഖ, സംവിധായകൻ സുകുമാർ തുടങ്ങി നിരവധി പേരാണ് നടനെ കാണാനായി വസതിയിൽ എത്തിയത്.
ഇതിന്റെ ചിത്രങ്ങൾ വൻ തോതിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പിന്നാലെയാണ് ആഘോഷങ്ങൾ സംബന്ധിച്ച് വിമർശങ്ങൾ ഉയർന്നത്. തിയേറ്ററിൽ ഉണ്ടായ അപകടത്തിൽ മരിച്ച രേവതിയുടെ മകൻ ഇപ്പോഴും അത്യാസന്ന നിലയിൽ ആശുപത്രിയിൽ തുടരുകയാണ്. അതിനാൽ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഈയവസരം ആഘോഷത്തിന്റേതല്ല, ആത്മപരിശോധനയുടേതാണ്. ഇത്തരം ആഘോഷങ്ങൾ വിഷയത്തിൽ രേവന്ത് റെഡ്ഢി സർക്കാരിന് പിന്തുണ കൂട്ടുമെന്നും ഒരു ഉപയോക്താവ് സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. എല്ലാം ഒരു പിആർ സ്റ്റണ്ട് ആയിരുന്നുവെന്നാണ് തോന്നുന്നതെന്ന് മറ്റൊരു ഉപയോക്താവും പോസ്റ്റിൽ പറയുന്നു. തുടർച്ചയായി പിന്തുണ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അല്ലു അർജുൻ ഒരിക്കൽ പോലും മരിച്ച സ്ത്രീയുടെ കുടുംബത്തെ സന്ദർശിച്ചില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു രാത്രി ജയിലിൽ ചിലവഴിച്ച് മടങ്ങിയ സൂപ്പർ താരത്തെ യുദ്ധത്തിൽ നിന്ന് മടങ്ങിയെത്തുന്ന യോദ്ധാവിനെപ്പോലെയാണ് എല്ലാവരും പരിഗണിക്കുന്നതെന്ന് ഒരു എക്സ് ഉപയോക്താവ് പരിഹസിച്ചു.
Adjust Story Font
16