എആർ റഹ്മാന്റെ ഫാനായ 90's കിഡ്, പാട്ടിലെ പുതിയ പരീക്ഷണങ്ങൾ: ഡോൺ വിൻസെന്റ് സംസാരിക്കുന്നു
എആർ റഹ്മാന്റെ കട്ട ഫാനായ, ക്രോണിക് ബാച്ചിലർ സിനിമയിൽ ദീപക് ദേവിന്റെ സംഗീതം കേട്ട് അത്ഭുതപ്പെട്ട് വാ പൊളിച്ചിരുന്ന, വിദ്യാസാഗറിനെ മനസിൽ കൊണ്ടുനടക്കുന്ന 90's കിഡ്.. എൺപതുകളിൽ ഇറങ്ങിയ കാതോട് കാതോരത്തിലെ 'ദേവദൂതർ പാടി..' എന്ന പാട്ട് ന്യൂജെൻ കുട്ടികളെ കൊണ്ട് വീണ്ടും വീണ്ടും പാടിച്ച വ്യക്തി. സംഗീത സംവിധായകനും സൗണ്ട് ഡിസൈനറുമായ ഡോൺ വിൻസെന്റിനെ കുറിച്ച് പറഞ്ഞാൽ വിശേഷണങ്ങൾ തീരില്ല. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' തിയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകരെ കാത്ത് ഡോൺ വിൻസന്റ് ഒരുക്കിയ ഒരുപിടി ഹിറ്റ് ലിസ്റ്റുമുണ്ട്.
സിനിമയ്ക്ക് മുമ്പേ പുറത്തിറങ്ങിയ പാട്ടുകൾ നേരത്തെ തന്നെ മലയാളികൾ ഏറ്റെടുത്തു.
'ന്നാ താൻ കേസ് കൊട്' മുതൽ പ്രേക്ഷകർ 'ആയിരം കണ്ണുമായി കാത്തിരി'പ്പിലാണ് സുരേശന്റെയും സുമലതയുടെയും പ്രണയകഥയ്ക്ക് വേണ്ടി. സുരേശന്റെയും സുമലതയുടെ പ്രണയവും വൈബുമെല്ലാം പാട്ടുകളിൽ കൊണ്ടുവരാൻ പുതിയ പരീക്ഷണങ്ങൾ തന്നെയാണ് ഡോൺ നടത്തിയത്.
സിവിൽ എൻജിനിയർമാരുടെ കുടുംബത്തിൽ നിന്ന് വന്ന് ഡോൺ എൻജിനിയറിങ് കൈ വിട്ടില്ല. പക്ഷേ, ചെറിയൊരു ട്വിസ്റ്റ് ഉണ്ടായിരുന്നു. സൗണ്ട് എൻജിനിയറിങ് ചെയ്ത് സൗണ്ട് ഡിസൈനർ ആവുകയാണ് ചെയ്തത്. പാട്ടുകളെ കുറിച്ചും സംഗീത വഴിയെ കുറിച്ചും ഡോൺ മീഡിയവണ്ണിനോട് സംസാരിക്കുന്നു.
ചിലപ്പോൾ ഓടിക്കും
ന്നാ താൻ കേസ് കൊട് സിനിമയുടെ സ്പിൻ ഓഫ് ചിത്രത്തിന്റെ വൺ ലൈൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. 3 പാട്ടുകളിൽ നിന്നാണ് ചർച്ച തുടങ്ങിയത്. പ്രണയകഥയുടെ സ്ക്രിപ്റ്റ് തയ്യാറായി വന്നപ്പോൾ പാട്ടുകൾ കൂടി. 6 ഒറിജിനൽ സോങ്സും ആയിരം കണ്ണുമായി ഉൾപ്പടെ 3 എക്സിസ്റ്റിങ് സോങ്സുമായി പടത്തിൽ മുഴുവൻ പാട്ടായി.
'ന്നാ താൻ കേസ് കൊടി'ൽ കണ്ട സുരേശന്റെയും സുമലതയുടെയും വൈബിൽ നിന്ന് വ്യത്യസ്തമായൊരു അനുഭവം ഹൃദയഹാരിയായ പ്രണയകഥയിൽ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഫാന്റസി എലമെന്റുമായി വരുന്ന ചിത്രത്തിൽ സുരേശന്റെയും സുമലതയുടെയും ലോകവും കഥാപാത്രത്തിന്റെ ബാക്ക്ഗ്രൗണ്ടും എല്ലാം ഹൃദയഹാരിയായ പ്രണയകഥയിലാണ് കാണിക്കുന്നത്. ന്നാ താൻ കേസ് കൊട് സിനിമയ്ക്ക് ശേഷം രതീഷേട്ടന്റെ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ) കൂടെയുള്ള മൂന്നാമത്തെ പടമാണ് ഇത്. ആൺഡ്രോയ്ഡ് കുഞ്ഞപ്പനിൽ ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റായിട്ടാണ് പോയത്. ആ സിനിമയിൽ അഡീഷണൽ സ്കോറും മറ്റും ചെയ്തു. അങ്ങനെയാണ് ന്നാ താൻ കേസ് കൊട് സിനിമയിൽ എത്തുന്നത്. രതീഷേട്ടൻ അപ്‍ഡേറ്റഡ് ആണ്, പ്രെഡിക്ടബിളാണ്. പക്ഷേ, അത് ബ്രേക്ക് ചെയ്യും. ആളെ അറിയാം എന്ന് വിചാരിച്ച് ഒരു സാധനം കൊടുത്താൽ ഓടിക്കും.
ടൈം ട്രാവൽ കോമഡിക്കുള്ള ട്രീറ്റ്മെന്റ്
മ്യൂസിക്കിന്റെ കാര്യത്തിൽ വ്യത്യസ്തമായ ട്രീറ്റ്മെന്റാണ് നൽകിയത്. ഡയലോഗ് സ്വീകൻസിൽ മ്യൂസിക് കൊണ്ടുവന്നത് അത്തരമൊരു ട്രീറ്റ്മെന്റിന്റെ ഭാഗമായാണ്. ലാ ലാ ലാൻഡ്, ഡിസ്നിയുടെ മോണ തുടങ്ങിയ സിനിമകളിൽ കണ്ടത് പോലെയുള്ള മ്യൂസിക്-ഡയലോഗ് ട്രീറ്റ്മെന്റ് ഹൃദയഹാരിയായ പ്രണയകഥയിൽ പ്രതീക്ഷിക്കാം.
ടൈം ട്രാവൽ കോമഡി സിനിമയായ ഹൃദയഹാരിയായ പ്രണയകഥ 90, 60, 2023 കാലഘട്ടത്തിൽ കൂടിയാണ് കടന്നു പോകുന്നത്. കാലഘട്ടങ്ങളെ കൊണ്ടുവരാൻ മനഃപൂർവമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. ചങ്കുരിച്ചാല് വേറൊരു സ്വീകൻസിന് വേണ്ടി എഴുതിയ പാട്ടായിരുന്നു, പക്ഷേ കംപോസ് ചെയ്ത് വന്നപ്പോൾ സാഡായി പോയി. അലോഷിയാണ് അത് പാടിയിരിക്കുന്നത്. അലോഷിയുടെ ശബ്ദം ലൈവിലായിരിക്കും എല്ലാവരും കേട്ടിട്ടുണ്ടാകുക, റെക്കോർഡിങ്ങിൽ അധികം കേട്ടിട്ടുണ്ടാകില്ല. കുറച്ച് കൂടി പഴയൊരു ശബ്ദമാണ്. രതീഷേട്ടനാണ് അലോഷിയെ കൊണ്ട് പാടിക്കാം എന്ന് പറഞ്ഞതും. സുഷിൻ ശ്യാമും വിദ്യാധരൻ മാഷും സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. വളരെ സീനിയറായ കംപോസറും വളരെ യങ് ആയ കംപോസറും ഇതിൽ പാടിയിട്ടുണ്ട്. സ്ക്രിപ്റ്റ് ഓറിയന്റഡ് ആയ പാട്ടുകളാണ് ചെയ്യുന്നത്.
ഒരു റഫറൻസും ഇല്ലാതെയാണ് സിനിമയിൽ പാട്ടുകൾ ചെയ്യുന്നത്. വരികൾ എഴുതിയ ശേഷമാണ് പാട്ടുകൾ കംപോസ് ചെയ്യുന്നത്. ചിലപ്പോൾ പാട്ടുകൾ ഒറ്റയടിക്ക് ശരിയാകും, ചിലപ്പോൾ കുറേയധികം പരിശ്രമിച്ചാൽ മാത്രമായിരിക്കും ശരിയാകുക. വൈശാഖ് സുഗുണനാണ് പാട്ടിന് വരികൾ എഴുതിയത്. ട്യൂൺ ആദ്യം കൊടുക്കുമ്പോൾ അയ്യോ എന്ന് പറയാറുണ്ടെങ്കിലും പെട്ടന്ന് പെട്ടന്ന് ലിറിക്സ് വരാറുണ്ട്. അതെങ്ങനെയെന്ന് അറിയില്ല.
പാട്ടുകളുടെ വരികളിലുമുണ്ട് പ്രത്യേകത. ദിവസവും കേട്ടിട്ടുള്ളതും എന്നാൽ പാട്ടുകളിൽ അധികം ഉപയോഗിക്കാത്തതുമായി വാക്കുകളാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ചങ്കുരിച്ചാല്, ആടലോടകം, ചൂണ്ടലാണ്, പ്രേമലോല, എന്നിങ്ങനെ പാട്ടുകളിൽ അധികം കേട്ടിട്ടില്ലാത്ത വാക്കുകൾ കേൾക്കാം.
മിക്സിങ്ങിലാണ് ഗുസ്തി
സൗണ്ട് ഡിസൈനിങ്ങും കംപോസിങ്ങും ഒരു സിനിമയുടെ സൗണ്ട് ട്രാക്കിന്റെ ഭാഗമാണ്. ഈ രണ്ട് മേഖലയുടെയും ഭാഗമായത് കൊണ്ട് ചർച്ച ചെയ്ത് ചെയ്യാൻ പറ്റും. പാട്ട് കംപോസ് ചെയ്യുമ്പോൾ സൗണ്ടിനെയും ഡയലോഗിനെയും ശല്യപ്പെടുത്താതെ ചെയ്യണം, തിരിച്ചും അങ്ങനെ. അല്ലെങ്കിൽ ബഹളമാക്കൽ മാത്രമാകും. ഏറ്റവും അവസാനം മിക്സിങ്ങിൽ ആണ് ആ ഗുസ്തി വരുന്നത്. എന്റെ സീനിയറായ അനിൽ രാധാകൃഷ്ണൻ ആണ് ഇതിൽ സൗണ്ട് ഡിസൈനിങ് ചെയ്തിരിക്കുന്നത്.
തുടക്കത്തിൽ സൗണ്ട് ഡിസൈനിങ്ങും കംപോസിങ്ങും ഒരുപോലെ ചെയ്യുന്ന ആളുകളെ
മലയാള സിനിമയിൽ ആരും തന്നെയുണ്ടാകില്ല. പക്ഷേ, ഇപ്പോൾ രണ്ടും ചെയ്യുന്ന കൂടുതൽ കുട്ടികൾ വരുന്നുണ്ട്.
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറുമൂടും ഒന്നിക്കുന്ന ഗ്‌ർർർ, രാജേഷ് മാധവൻ
ആദ്യമായി സംവിധാനം ചെയുന്ന പെണ്ണും പൊറാട്ടും റോഹിത് വിഎസിന്റെ ടികി ടാകയുമാണ് പുതിയ പ്രോജക്ടുകൾ.
Adjust Story Font
16