മാർക്കോ കാഴ്ച, കേൾവി പരിമിതിയുള്ളവർക്കും ആസ്വദിക്കാം, സിനിമയിലെ പരിമിതികൾ തച്ചുടച്ച് കിഷൻ മോഹൻ; അഭിമുഖം
ഒരുകാലത്ത് ആരാധനയോടെ കണ്ടിരുന്ന ആളുകളുടെ കൂടെ വർക്ക് ചെയ്യാൻ സാധിക്കുന്നത് ഏറ്റവും വലിയ ഫാൻബോയ് മൊമന്റും
- Published:
17 Dec 2024 5:00 AM GMT
മാർക്കോ... മലയാളത്തിൽ മോസ്റ്റ് വയലന്റ് മൂവി കാറ്റഗറിയിൽ ബെഞ്ച് മാർക്ക് സൃഷ്ടിക്കാൻ പോകുന്ന ഉണ്ണിമുകുന്ദൻ ചിത്രം. മാസ് ഡയലോഗുകൾ മാത്രമല്ല, മരണമാസ് ആക്ഷനും കൂടി ചേരുന്നതാണ് മാർക്കോ! മൂടികിടക്കുന്ന കോടയിൽ കൈയിൽ മെഷീൻ ഗണ്ണുമായി നിൽക്കുന്ന മാർക്കോ, ആരുടെയോ ദേഹത്ത് നിന്ന് ചിന്തിയ ചോരയിൽ കുളിച്ച ഒരു പ്രാവ്... ഇതെല്ലാം കാണികളിലുണ്ടാക്കുന്ന 'തിയേറ്റർ എക്സ്പീരിയൻസ്' പറഞ്ഞറിയിക്കാൻ പറ്റില്ല. ആ തിയേറ്റർ അനുഭവം ഇനി കാഴ്ച, കേൾവി പരിമിതിയുള്ളവർക്ക് അന്യമായിരിക്കില്ല. മാർക്കോയിലെ ഓരോ ഷോട്ടും പരമാവധി അതേ തീവ്രതയോടെ അവർക്കും അനുഭവിക്കാനും ആസ്വദിക്കാനും പറ്റും, അതും തിയേറ്ററിൽ. കാഴ്ച, കേൾവി പരിമിതിയുള്ളവർക്ക് സ്ക്രീൻ അനുഭവങ്ങളുടെ യവനിക ഉയർത്തുന്നത് മാർക്കോയുടെ സൗണ്ട് ഡിസൈനറായി കിഷൻ മോഹനാണ്. ഈ മാസം 20-ന് തിയേറ്ററിലെത്തുന്ന ചിത്രത്തെ കുറിച്ചും സൗണ്ട് ഡിസൈനിങ്ങിനെ കുറിച്ചും പങ്കുവെക്കുകയാണ് കിഷൻ മോഹൻ.
മ്യൂസിക് പ്രോഗ്രാമറായിട്ടാണ് കരിയറിന്റെ തുടക്കം. മ്യൂസിക്കായിരുന്നു എല്ലാ കാലത്തും പാഷൻ, പഠിച്ചതും അത് തന്നെ. മ്യുസീഷ്യനായി കുറച്ച് കഴിഞ്ഞപ്പോൾ അതിലെ വ്യത്യസ്ത മേഖലകൾ അന്വേഷിച്ചു തുടങ്ങി. അങ്ങനെയാണ് സൗണ്ട് ഡിസൈനിങ്ങിലെത്തുന്നത്. ബർക്ക്ലി കൊളജ് ഓഫ് മ്യൂസിക്കിലെ പഠനത്തിന് ശേഷം കുറച്ച് കാലം വിദേശത്ത് തന്നെ പ്രവർത്തിച്ചു. തിരിച്ച് വന്ന് എറണാകുളത്ത് സപ്ത റെക്കോഡ്സ് തുടങ്ങുന്നത് അവിടെ കണ്ടറിഞ്ഞ സാങ്കേതിക വിദ്യ നമ്മുടെ നാടിനും ലഭ്യമാക്കണം എന്ന ആഗ്രഹത്തോടെയാണ്. സൗണ്ട് ഡിസൈനർ എന്ന നിലയിൽ ആദ്യം പ്രവർത്തിക്കുന്നത് സുഡാനി ഫ്രം നൈജീരിയയ്ക്ക് വേണ്ടിയാണ്. സിനിമയുടെ നിർമാതാവ് സമീർ താഹിറാണ് സുഡാനിയിലേക്ക് വിളിക്കുന്നത്. പിന്നാലെ ഭൂതകാലം, കുറുപ്പ്, ഏബ്രഹാം ഒസ്‍ലർ തുടങ്ങി നിരവധി സിനിമകളുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചു. ഗോവിന്ത് വസന്ത അടക്കം നിരവധി പേർ ചെന്നൈയിൽ കൊളജ് സീനിയേഴ്സായിരുന്നു. സിനിമയിൽ ഒപ്പവും വഴിക്കാട്ടികളായും നിരവധി പേരുണ്ടായിരുന്നു.
മലയാളിക്ക് സൗണ്ട് ഡിസൈനിങ് എന്നാൽ റസൂൽ പൂക്കുട്ടിയാണ്. ഏറ്റവും മികച്ച സൗണ്ട് മിക്സിങ്ങിന് റസൂൽ പൂക്കുട്ടി ഓസ്കാർ വാങ്ങുമ്പോൾ കിഷൻ സ്കൂളിൽ പഠിക്കുകയാണ്. ഒരുകാലത്ത് ആരാധനയോടെ കണ്ടിരുന്ന
ആളുകളുടെ കൂടെ വർക്ക് ചെയ്യാൻ സാധിക്കുന്നത് ഏറ്റവും വലിയ ഫാൻബോയ് മൊമന്റും.
ബെഞ്ച് മാർക്കാകാൻ മാർക്കോ
മാർക്കോയുടെ എക്സ്പീരിയൻസ് എന്നു പറഞ്ഞാൽ, അത് ശരിക്കും ഗ്രെയ്റ്റ് ആൻഡ് വൈൽഡ് ആണ്. ഉണ്ണിമുകുന്ദന്റെയും ഷെരീഫിക്കയുടെയും ഹനീഫക്കയുടെയും (സംവിധായകൻ ഹനീഫ് അദേനി) ഒരു ഡ്രീം പ്രോജക്ടാണിത്. ആരും ചെയ്യാതൊരു സംഭവം ആദ്യം ചെയ്യുകയാണ്. അത് ചെയ്യാൻ ഒരു ഡയറക്ടറും നിർമാതാവും നടനും തയ്യാറാവുകയാണ് മാർക്കോയിൽ. ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ ചെയ്യണമെന്ന വാശിയോടെ വന്നവരാണ്. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ മുഴുവൻ കൊച്ചിയിലാണ് ചെയ്തത്. നമ്മൾ കൊടുത്തതിൽ കൂടുതൽ ഓഫറുകൾ കേരളത്തിന് പുറത്തുള്ള സ്റ്റുഡിയോകൾ കൊടുത്തിരുന്നു. അതെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു. വലിയൊരു ഉത്തരവാദിത്തമായിരുന്നു അത്.
സിനിമ കാണുമ്പോൾ നമ്മൾക്ക് തോന്നും ഇതിലെ എല്ലാവരും ക്രൂരന്മാരാണെന്ന്. പക്ഷേ, ഏറ്റവും പാവമായ പ്രൊഡ്യൂസറും ഡയറക്ടറും ഉണ്ണിച്ചേട്ടനെ പോലെ ഭയങ്കര ആത്മാർഥതയുള്ള നടനും. സിനിമയിൽ ക്രൂരതയുണ്ടെങ്കിലും ഇതിലുള്ളവർക്കൊപ്പം പ്രവർത്തിക്കുക രസമായിരുന്നു. അതിലെ എല്ലാവരും ഭയങ്കര പാഷനോടെയാണ് വർക്ക് ചെയ്തിരുന്നത്. സിനിമ റിലീസാവാനായി, അപ്പോഴും ചില സൗണ്ട് മിക്സിങ് നടക്കുന്നുണ്ട്. എന്നാലും സമ്മർദങ്ങളില്ലാതെ ചില്ലായി വർക്ക് ചെയ്യാൻ സാധിക്കുന്നുണ്ട്. കാഴ്ച, കേൾവി പരിമിതിയുള്ളവർക്ക് വേണ്ടി വയലൻസ് രംഗങ്ങളും മറ്റും അധിക എഫേർട്ട് കൊടുത്ത് വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്. ചില ഭാഗങ്ങൾക്ക് വേണ്ടി മാത്രം ഒന്നരമാസത്തോളം ചെലവഴിച്ചു. പക്ഷേ, സിനിമയ്ക്ക് എന്താണോ വേണ്ടത് അത് കൊടുക്കാൻ സാധിച്ചിട്ടുണ്ട്. ഭയങ്കര വയലന്റാണെങ്കിലും ഇതൊരു ബെഞ്ച് മാർക്ക് സിനിമയായിരിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം ഇത് കണ്ട് എല്ലാവരും കരച്ചിലും ആഹ്ലാദപ്രകടനവും മറ്റുമായിരുന്നു. ഉണ്ണിച്ചേട്ടൻ ചെയ്ത ചില ഭാഗങ്ങളൊക്കെയുണ്ട്, അസാധ്യമാണെന്ന് കാണുമ്പോൾ മനസിലാകും.
പാഷൻ തന്ന സപ്ത
മ്യൂസിക് പ്രോഗ്രമാറായിരുന്ന കാലത്ത് ഗൗതം വാസുദേവ് മേനോൻ, സന്തോഷ് നാരായണൻ, ധർബുക ശിവ തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക കംപോസർമാരുമായിട്ടും പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. ആ കാലത്താണ് നമ്മുടെ വർക്ക് ചെയ്യാൻ സ്വന്തമായി ഒരു സ്റ്റുഡിയോ വേണമെന്ന ചിന്തയുണ്ടാകുന്നതും സപ്ത റെക്കോർഡ്സിന് തുടക്കമിടുന്നതും. 2019ൽ സിംഗിൾ റൂമായി തുടങ്ങിയ സപ്തയിൽ ഇപ്പോൾ അയൽഭാഷ ചിത്രങ്ങളുടെ അടക്കം വർക്കുകൾ നടക്കുന്നുണ്ട്. കാന്താര തുടങ്ങി 350ഓളം ചിത്രങ്ങൾക്ക് സപ്ത, സ്വരമായി.
സിനിമാ ആസ്വാദനത്തിന് ഇനി പരിമിതികളില്ല
കാഴ്ച, കേൾവി പരിമിതിയുള്ളവർക്ക് സിനിമാ തിയേറ്ററുകളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെ കുറിച്ച് കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത് ഈ വർഷം തുടക്കത്തിലാണ്. ഇവർക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാർഗനിർദേശമുണ്ട്. അതിന് വേണ്ടിയുള്ള പ്രാരംഭ ശ്രമങ്ങൾ നടക്കുന്നേയുള്ളു. അതിനിടെയാണ് മാർക്കോ കാഴ്ച, കേൾവി സൗഹാർദമായി ഒരുക്കി കൂടേയെന്ന് നിർമാതാവ് ഷെരീഫ് മുഹമ്മദിനോട് ചോദിക്കുന്നത്. അടുത്ത വർഷം മുതൽ സെൻസർ ബോർഡ് ഇതാവശ്യപ്പെടും ഇപ്പോളേ ചെയ്ത് കൂടെയെന്ന ചോദ്യത്തിന്, എന്നാൽ അങ്ങനെ പിടിക്കാമെന്നായിരുന്നു ഷെരീഫേട്ടന്റെ മറുപടി.
മാർക്കോ ഇത്തരത്തിൽ ചെയ്തപ്പോൾ സെൻസർ ബോർഡ് അനുകൂലമായി പ്രതികരിച്ചു. ബാറോസ് അടക്കമുള്ള ചിത്രം കാഴ്ച, കേൾവി പരിമിതിയുള്ളവർക്ക് ആസ്വദിക്കുന്ന തരത്തിൽ മാറ്റാൻ സെൻസർബോർഡ് ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. വിഷ്വലി റിച്ചായ ബറോസ് അത്രയും ബുദ്ധിമുട്ടിയാണ് ചെയ്തത്. ആകാശവാണിയിലെ പഴയ ഗ്രേഡ് ആർട്ടിസ്റ്റിനെ കൊണ്ടുവന്നാണ് ശബ്ദരേഖ ചെയ്തത്.
ആകാശവാണി ചലച്ചിത്ര ശബ്ദരേഖയിലൂടെ ഒരുകാലത്ത് സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. എന്നാൽ കാഴ്ച, കേൾവി പരിമിതിയുള്ളവർ ആസ്വദിക്കുന്ന തരത്തിലേക്ക് സിനിമ സൃഷ്ടിക്കുന്നത് ഇതിലും സങ്കീർണമാണ്. ഒരു റേഡിയോ ഡ്രാമയിലേത് പോലെ എല്ലാം പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്. സിനിമയിലെ ഓരോ ഷോട്ടിന്റെയും ദൃശ്യവിവരണമുണ്ടാകും. രണ്ടു തരത്തിലാണ് മാർക്കോയുടെ ശബ്ദമിശ്രണം ചെയ്തത്. ആദ്യം സാധാരണ ഓഡിയൻസിന് വേണ്ടി. ഫൈനൽ എഡിറ്റിന് ശേഷം കാഴ്ച, കേൾവി പരിമിതിയുള്ളവർക്ക് വേണ്ടിയും.
ഡയലോഗുകളെയും മ്യൂസിക്കിനെയും ബാധിക്കാതെ ദൃശ്യവിവരണം സാധ്യമാക്കുക വെല്ലുവിളി നിറഞ്ഞ ജോലിയായിരുന്നു. കേൾവി പരിമിതിയുള്ളവർക്ക് വേണ്ടി ക്ലോസ് ക്യാപ്ഷനുകളും ഉപയോഗിച്ചു. നിലവിൽ മൂവി ബഫ്, ഗ്രെറ്റ പോലുള്ള ആപ്പുകൾ വഴിയാണ് ഈ സൗകര്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഹോട്ട് സ്റ്റാർ പോലുള്ള ആപ്പുകൾ നേരത്തെ തന്നെ ഇത്തരം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇത്രയും വിപുലമായിട്ട് ആദ്യമായിട്ടായിരിക്കും. അതുകൊണ്ട് തന്നെ വെല്ലുവിളികളും നിരവധിയായിരുന്നു. ഇതിനെ പറ്റി ആർക്കും വലിയ ധാരണ ഇല്ലാത്തതും വിഷയം സങ്കീർണമാക്കി. ഒരു റീലിന് എത്ര റൺ അടിച്ചെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. കാരണം എല്ലാം ട്രയൽ ആൻഡ് റൺ ആണ്. ഇതിന് വേണ്ടി മാത്രം ആളുകളെ കൊണ്ടുവന്നു, പുതിയ സോഫ്റ്റ് വെയറുകളും ഉപയോഗിച്ചു. സപ്തയിൽ ഇതിന് വേണ്ടി പ്രത്യേക വിഭാഗം തുടങ്ങി. പല ഭാഷകളിൽ ഡബ്ബ് ചെയ്യാൻ ആളുകളെ കൊച്ചിയിൽ നിന്ന് തന്നെ കണ്ടെത്തുകയാണ്. കുറേ കഷ്ടപ്പാടുണ്ടെങ്കിലും ഇത് പുറത്തു വന്നു കഴിഞ്ഞാൽ വലിയൊരു സംഭവമായിരിക്കും.
ഡൊമിനിക്കും അതിന് ശേഷമുള്ള മമ്മൂട്ടി കമ്പനിയുടെ പുതിയ പടങ്ങളുമാണ് ഇനി വരാനുള്ളത്.
Adjust Story Font
16