Quantcast

പദ്മരാജൻ കണ്ടെത്തി, സിദ്ദീഖ് പഠിപ്പിച്ചു; പൊറാട്ട് നാടകത്തിന്റെ സംവിധായകൻ നൗഷാദ് സാഫ്രോൺ അഭിമുഖം

പ്രതിഭകളെ കണ്ടെത്താൻ പദ്മരാജൻ നടത്തിയ ടാലന്റ് ഹണ്ടാണ് സിനിമയിലേക്ക് വഴി തുറന്നത്

MediaOne Logo

Web Desk

  • Published:

    14 Oct 2024 5:27 AM GMT

പദ്മരാജൻ കണ്ടെത്തി, സിദ്ദീഖ് പഠിപ്പിച്ചു; പൊറാട്ട് നാടകത്തിന്റെ സംവിധായകൻ നൗഷാദ് സാഫ്രോൺ അഭിമുഖം
X

സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന എട്ടാംക്ലാസുകാരനെ ടാലന്റ് ​ഹണ്ടിലൂടെ കണ്ടെത്തി ക്യാമറയ്ക്ക് മുന്നിലെത്തിച്ചത് പദ്മരാജൻ. പിന്നീട് ടിവി സ്ക്രീനിലും അഭിനയ പ്രതിഭ തെളിയിച്ചെങ്കിലും വഴി മറ്റൊന്നാണെന്ന തിരിച്ചറിവ് കൊണ്ടെത്തിച്ചത് സംവിധായകൻ സിദ്ദീഖിന്റെ മുന്നിൽ. സിദ്ദീഖിന്റെ ശിഷ്യനിൽ നിന്ന് പൊറാട്ട് നാടകം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയിരിക്കുകയാണ് നൗഷാദ് സാഫ്രോൺ. കേരള-കർണാടക അതിർത്തിയിലെ ഒരു ​ഗ്രാമത്തിൽ 21 ദിവസം നടക്കുന്ന സംഭവങ്ങളാണ് സിനിമ. സമൂഹത്തിലെ സമീപകാല സംഭവവികാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച പൊറാട്ട് നാടകം ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് ലഭിക്കുന്ന ആക്ഷേപഹാസ്യ ചിത്രം കൂടിയാണ്.

സിനിമാ ജീവിതത്തേയും പൊറാട്ട് നാടകത്തേയും പറ്റിയുള്ള വിശേഷങ്ങൾ മീഡിയവണുമായി പങ്കുവെക്കുകയാണ് നൗഷാദ് സാഫ്രോൺ.

അഭിനയത്തിൽ തുടങ്ങി സംവിധാനത്തിന്റെ വഴിയെ

ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. നൊമ്പരത്തിപ്പൂവ് എന്ന ചിത്രത്തിൽ സ്ക്രീനിലേക്കുള്ള ആദ്യത്തെ എൻട്രി മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു. പ്രതിഭകളെ കണ്ടെത്താൻ പദ്മരാജൻ നടത്തിയ ടാലന്റ് ഹണ്ടാണ് സിനിമയിലേക്ക് വഴി തുറന്നത്. അറുനൂറു കുട്ടികളെങ്കിലും ടാലന്റ് ഹണ്ടിൽ പങ്കെടുത്തിരുന്നു. നൊമ്പരത്തിപ്പൂവ് എന്ന ചിത്രത്തിൽ മദനൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കൗമാരപ്രായമെത്തുമ്പോൾ റീലോഞ്ച് ചെയ്യാമെന്നും പുതിയ പ്രൊജക്ടുകൾ ചെയ്യണ്ടെന്നും പദ്മരാജൻ സാർ പറഞ്ഞിരുന്നു. അതുകൊണ്ട് മറ്റു സിനിമകൾ നോക്കിയില്ല. പക്ഷേ, അതിനിടയിലാണ് സാറിന്റെ മരണം.

അങ്ങനെ മുതിർന്നപ്പോൾ ടെലിസ്ക്രീനിലേക്ക് ചുവടുമാറ്റി. ദൂരദർശനിൽ ബൈജു തോമസിന്റെ സീരിയലുകൾ നിറഞ്ഞ് നിന്ന് കാലം. എട്ട് സീരിയലുകളിൽ അന്ന് അഭിനയിച്ചിരുന്നു. അതിനിടയിൽ 'വിരൽത്തുമ്പിൽ ആരോ' എന്ന സിനിമയിൽ പ്രധാനകഥാപാത്രമായി അവസരം കിട്ടി. ഷീലാമ്മ (ഷീല) തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു അത്. ആ ചിത്രം പക്ഷേ, തിയേറ്ററിലെത്തിയില്ല. പിന്നീട് പ്രവർത്തിക്കേണ്ട മേഖല മറ്റൊന്നാണെന്ന തിരിച്ചറവിൽ അഭിനയത്തിൽ നിന്ന് പതിയെ പിന്മാറി.

സിദ്ദീഖ് സാറിന്റെ സ്കൂളിലെ വിദ്യാർഥി

സിദ്ദീഖ് സാർ (സംവിധായകൻ സിദ്ദീഖ്) സിനിമയിലെത്തുന്നതിനും മുമ്പ് എറണാകുളത്തെ ഒരു സ്കൂളിൽ ക്ലാർക്കായി ജോലി ചെയ്തിരുന്നു. ആ സ്കൂളിലെ വിദ്യാർഥിയായിരുന്നു ഞാൻ. പിന്നെ സാറിന്റെ അയൽവാസിയും. സ്ക്രിപ്റ്റും സബ്ജറ്റുകളും എഴുതുന്ന സമയങ്ങളിൽ സിദ്ദീഖ് സാറിനോട് ചർച്ച ചെയ്യാൻ പോകുമായിരുന്നു. എഴുതിയതിനെ പറ്റിയെല്ലാം സാർ അഭിപ്രായം പറയുകയും ചെയ്യും. ഒരിക്കൽ മുന്നിലേക്കു പോയത് സ്വന്തമായി പടം പിടിക്കണമെന്ന ആ​ഗ്രഹവുമായിട്ടാണ്. കുറച്ചുകാലം കൂടെ വർക്ക് ചെയ്തിട്ട് സ്വതന്ത്രമായി സിനിമ ചെയ്താൽ മതിയെന്ന നിർദേശം ഇരുക്കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഫുക്രിയിലും ഭാസ്കർ ദി റാസ്കലിലും സംവിധാന സഹായിയായി. ഒരു പുരുഷായുസ്സ് കൊണ്ടുണ്ടാക്കിയ പേരാണ് സിദ്ദീഖ്. ക്രിയേറ്റിവിറ്റിയിലും പേഴ്സണാലിറ്റിയിലും അത് നമ്മൾക്ക് കാണാൻ സാധിക്കും. ക്ഷമയോട് കൂടി കാര്യങ്ങൾ അവതരിപ്പിക്കുകയും ചിരിച്ചു കൊണ്ട് സന്ദർഭങ്ങളെ സമീപിക്കുന്ന രീതിയും കണ്ടുപഠിക്കേണ്ടതാണ്. അതിന്റെ ചെറിയൊരു അംശം കിട്ടിയെന്ന് തോന്നുന്നു.

ശിഷ്യൻ തെളിഞ്ഞുവെന്ന് തോന്നിയപ്പോൾ അടുത്ത നിർദേശമെത്തി, ഇനി സ്വതന്ത്രനായിക്കൊള്ളാനും അടുത്ത പ്രൊജക്ട് ഡിസൈൻ ചെയ്ത് തരാമെന്നും. അങ്ങനെയാണ് പൊറാട്ട് നാടകം എന്ന സിനിമയുണ്ടാകുന്നത്.


ഒരു ശിഷ്യനും കിട്ടാത്ത ഭാ​ഗ്യം; കഥ ആദ്യം കേൾക്കുന്നതും സിദ്ദീഖ്

പൊറാട്ട് നാടകം എന്ന ചിത്രത്തിന് വേണ്ടി ആദ്യാവസാനം വരെ സിദ്ദീഖ് സാറിന്റെ പിന്തുണ ലഭിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള കഥ തെരഞ്ഞെടുക്കാനും എഴുത്തുക്കാരനെ കണ്ടെത്താനും ആർട്ടിസ്റ്റുകളെ നിർദേശിക്കാനും നിർമാതാവിനെ കണ്ടെത്താനും സിദ്ദീഖ് സാർ കൂടെയുണ്ടായിരുന്നു. അതൊരു ഭാ​ഗ്യമായാണ് കരുതുന്നത്.

ആദ്യം സിദ്ദീഖ് സാറിന്റെ സ്വന്തം കഥയായിരുന്നു സിനിമയാക്കാൻ ഉദ്ദേശിച്ചിരുന്നത്. എഴുതാൻ സമയമില്ലാത്തതും മറ്റും കാരണം മാറ്റിവെച്ചു. അങ്ങനെയാണ് സുനീഷ് വാരനാടിലേക്ക് എത്തുന്നത്. സീൻ ഓർഡറിൽ ചെയ്തുവെച്ച ഒരു കഥ സുനീഷിന്റെ കൈയിലുണ്ടായിരുന്നു. അത് ആദ്യം കേൾക്കുന്നത് സിദ്ദീഖ് സാറാണ്. ഇഷ്ടപ്പെട്ടപ്പോൾ എന്നെ വിളിച്ചുവരുത്തി. സീൻ ഓർഡർ മാറ്റിയും ഹ്യൂമർ ലെവലിൽ വർക്ക് ഔട്ട് ചെയ്തും നിർദേശങ്ങൾ‌ പറഞ്ഞും സ്ക്രിപ്റ്റ് മിനുക്കി പണിതു.

ദുബൈയിൽ മറ്റൊരു പ്രൊജക്ടിന്റെ ആവശ്യത്തിനായി പോകേണ്ടി വന്നിരുന്നതിനാൽ ഷൂട്ടിങ് ലൊക്കേഷനിൽ മൂന്ന് ദിവസമേ അദ്ദേഹം വന്നുള്ളൂ. പക്ഷേ, ദുബൈയിൽ നിന്ന് ദിവസവും രാത്രിയും രാവിലെയും വിളിച്ച് ഷൂട്ടിങ് വിവരങ്ങൾ തിരക്കും.

കേരളത്തിന്റെയും കർണാടകയുടെയും ഒരു അതിർത്തി ​ഗ്രാമത്തിൽ 21 ദിവസം നടക്കുന്ന കഥയാണ് പൊറാട്ട് നാടകം. ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളാണ് പൊറോട്ട നാടകം എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. മലബാറിൽ കാലങ്ങളായി നിലനിൽക്കുന്ന കലാരൂപം കൂടിയാണ് പൊറാട്ട് നാടകം. പൊറാട്ട് നാടകത്തിലൂടെ ഒരു കഥ പറയാൻ ശ്രമിക്കുകയാണ് ചിത്രത്തിൽ. സിനിമയുടെ പേര് നിർദേശിച്ചതും സിദ്ദീഖ് സാറാണ്.

40 ദിവസമായിരുന്നു സിനിമ ഷെഡ്യൂൾ ചെയ്തത്. 27 ദിവസം കൊണ്ടു തന്നെ പൂർത്തിയാക്കാൻ സാധിച്ചു. ധർമജൻ ബോൾ​ഗാട്ടി, രമേഷ് പിഷാരാടി, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളെല്ലാം ഉള്ളതുകൊണ്ട് ലൊക്കേഷനിലെ അനുഭവങ്ങൾ രസകരമായിരുന്നു.




അഭിനയിക്കാൻ അറിയുന്ന പശു

സിനിമയിൽ മണിക്കുട്ടി എന്ന പശു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി കിടാവായിരുന്ന സമയത്ത് വാങ്ങിയതാണ്. ലൊക്കേഷനിൽ പാൽ വരെ തരുന്നത് ഈ പശുവായിരുന്നു. ലൊക്കേഷനിൽ എല്ലാവരുടെയും അരുമ. പശു ചാണകമിടുകയും മറ്റും ചെയ്യുന്ന കുറച്ച് സ്വീകൻസുകൾ സിനിമയ്ക്ക് വേണം. പക്ഷേ, മനുഷ്യൻമാരോട് അഭിനയിക്കാൻ പറയുന്നത് പോലെ പശുവിനോട് പറയാൻ പറ്റില്ലല്ലോ? മണിക്കുട്ടി ചാണകമിടുന്ന ക്ലോസ് ഷോട്ട് എടുക്കാൻ വേണ്ടി ക്യാമറാമാൻ നൗഷാദിനോട് പറഞ്ഞു. മണിക്കുട്ടിയോട് ചാണകമിടാൻ പറഞ്ഞപ്പോൾ അത് തലകുലുക്കി. ക്യാമറ വെച്ച് കുറേ നേരം കാത്തിരുന്നു, ഒടുവിൽ ഫ്രെയിം മാറ്റാൻ വേണ്ടി ക്യാമറ തിരിക്കുമ്പോഴെക്കും മണിക്കുട്ടി ചാണകമിട്ടു. അന്നേരം എല്ലാവരും ഭയങ്കര ചിരിയായിരുന്നു. ലൊക്കേഷൻ മാർക്ക് ചെയ്ത് അവിടെ നിൽക്കാൻ പറഞ്ഞാൽ, കൃത്യ സ്ഥലത്ത് നിൽക്കും.

മണിക്കുട്ടിയും സൈജുവും കൂടെയുള്ള ഒരു പാട്ട് സീനുണ്ട്. സീനിൽ സൈജു കിടക്കുമ്പോൾ പശു വന്ന് ഉമ്മവെക്കുന്നുണ്ട്. ഇതൊക്കെ നടക്കുമോയെന്ന് സൈജു സംശയം പറഞ്ഞതാണ്. പക്ഷേ, നമ്മൾ പറഞ്ഞത് പോലെ തന്നെ പശു ചെയ്തു. അങ്ങനെ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് ഒരു പ്രയാസം മാത്രമാണുള്ളത്. സിനിമയെ പറ്റി പലരും നല്ല അഭിപ്രായം പറയുമ്പോൾ, അത് കേൾക്കേണ്ട സിദ്ദീഖ് സാർ കൂടെയില്ലാതെ പോയി.

ഇപ്പോൾ, പുതിയൊരു പ്രൊജക്ടിന്റെ പണിപ്പുരയിലാണ്. ഡിസംബർ അവസാനത്തിൽ ആരംഭിക്കാനിരിക്കുന്ന ചിത്രം ഒരു സൈബർ ക്രൈം സ്റ്റോറിയാണ് പറയുന്നത്.

TAGS :

Next Story