Quantcast

പൊളിട്രിക്സിന്റെ വാരനാടൻ വേർഷൻ! പൊറാട്ട് നാടകം രചയിതാവ് സുനീഷ് വാരനാട് അഭിമുഖം

ജയരാജ് വാര്യരുടെ പാത പിന്തുടർന്നു സ്റ്റാൻഡപ്പ് കോമഡിയിലെത്തി

MediaOne Logo

Web Desk

  • Published:

    14 Oct 2024 1:36 PM GMT

suneesh varanadu
X

'താത്ത്വികമായൊരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്...' പാർട്ടി ഓഫീസിൽ ഒരു ബീഡിയും പുകച്ച് ശങ്കരാടി വിഘടനവാദികളുടെയും പ്രതിക്രിയാവാദികളുടെയും സജീവമായ അന്തർധാരയെ കുറിച്ച് പറയുകയാണ്. സത്യൻ അന്തിക്കാട്-ശ്രീനിവാനസൻ കൂട്ടുക്കെട്ടിൽ പിറന്ന സന്ദേശത്തിലെ ഈ രം​ഗവും ഡയലോ​ഗും അറിയാത്ത മലയാളികളില്ല. മലയാളത്തിലെ എക്കാലത്തെയും ആക്ഷേപഹാസ്യ ചിത്രം, ഓരോ സീനും ചിരിക്കും ചിന്തയ്ക്കും വക നൽകി. അതുപോലെ ഒരിക്കൽ കൂടി രാഷ്ട്രീയം പറഞ്ഞ് മലയാളികളെ ചിരിപ്പിക്കാൻ എത്തുകയാണ് പൊറാട്ട് നാടകം എന്ന നൗഷാദ് സാഫ്രോൺ ചിത്രം. കാതലായ കഥ ചിരിയുടെ മേമ്പൊടു ചേർത്ത് തയ്യാറാക്കിയത് വാരനാടൻ കഥ പറച്ചിലുക്കാരൻ സുനീഷ് വാരനാടാണ് ആണ്. മിമിക്രിയിൽ നിന്ന് തുടങ്ങി പലവഴി കറങ്ങി സിനിമയിലെത്തിയ സുനീഷ് വാരനാട് പൊറാട്ട് നാടകത്തിന്റെയും മറ്റും വിശേഷങ്ങൾ മീഡിയവണുമായി പങ്കുവെക്കുകയാണ്.



സ്കൂൾ മുതൽ മിമിക്രിയിൽ സജീവമായിരുന്നു. ജില്ലാതലത്തിലും മറ്റും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. പഠനത്തിലും ഒട്ടും പിന്നില്ലല്ലായിരുന്നു. പത്താം ക്ലാസിലൊക്കെ നല്ല മാർക്കുണ്ടായിരുന്നു. ചേർത്തല എൻഎസ്എസ് കൊളജിൽ ബി.എസ്.സി ഫിസിക്സിന് പഠിക്കുന്ന കാലത്ത് യൂണിവേഴ്സിറ്റി ലെവലിൽ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. സ്കിറ്റ്, മൈം, നാടകം അങ്ങനെ എല്ലാത്തിലുമുണ്ടാകും. ആ സമയത്ത് തന്നെയാണ് പ്രൊഫഷണൽ മിമിക്രിയിലേക്ക് വരുന്നത്.

ജയരാജ് വാര്യരുടെ സ്റ്റാൻഡപ്പ് കോമഡി കാരിക്കേച്ചർ കത്തി നിൽക്കുന്ന കാലമാണ്. ആ പാത പിന്തുടർന്നു കൊണ്ടാണ് ഞാനും കാരിക്കേച്ചർ ഷോകൾ അവതരിപ്പിക്കാൻ തുടങ്ങിയത്. 1997 ആ​ഗസ്റ്റ് 15ന് ആദ്യത്തെ ഇൻഡിപെൻഡന്റ് ഷോ. ചേർത്തലയ്ക്കടുത്ത് ഒരു സ്കൂളിൽ ഒരു മണിക്കൂർ നീണ്ടു നിന്ന വൺമാൻ ഷോ. ഇപ്പോൾ 25 വർഷങ്ങൾ കഴിയുമ്പോൾ 3000 ഷോകൾ എങ്കിലും ചെയ്തിട്ടുണ്ടാകും. അമേരിക്ക, കാനഡ, ഉ​ഗാണ്ട എന്നിവിടെയെല്ലാം ഷോകൾ ചെയ്തിട്ടുണ്ട്.

ലാലേട്ടന്റെ (മോഹൻലാൽ) കൂടെയെല്ലാം വിദേശ ഷോകൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഡി​ഗ്രി കഴിഞ്ഞപ്പോൾ കേരള പ്രസ് അക്കാദമയിൽ ജേണലിസം പൂർത്തിയാക്കി. പിന്നെ മാധ്യമപ്രവർത്തനമായിരിന്നു കുറേ കാലം. കേരള കൗമുദി, മാതൃഭൂമി, ഇന്ത്യാവിഷൻ എന്നിവിടങ്ങളിലെല്ലാം പ്രവർത്തിക്കാൻ സാധിച്ചു. ഇന്ത്യാവിഷനിൽ നിൽക്കുമ്പോഴാണ് പൊളിട്രിക്സ് എന്ന പേരിൽ പൊളിറ്റിക്കൽ സറ്റയർ ചെയ്യുന്നത്. പക്ഷേ, മിമിക്രി ഒഴിവാക്കിയിരുന്നില്ല, അപ്പോഴും വേദികളിൽ സജീവമായിരുന്നു. നടനും മിമിക്രി ആർട്ടിസ്റ്റുമായി അബിക്കയുടെ (അബി) കൂടെ നിരവധി സ്റ്റേജുകളിൽ പ്രോ​​ഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യാവിഷനിൽ നിന്നാണ് ഏഷ്യാനെറ്റിന്റെ ബഡായി ബം​ഗ്ലാവിലേക്ക് വരുന്നത്, സ്ക്രിപ്റ്റ് എഴുതാനായി.

ബഡായി ബം​ഗ്ലാവിലുണ്ടായിരുന്ന ഞങ്ങളുടെ ​ഗ്രൂപ്പ് ബിപിൻ ജോർജ്, രമേഷ് പിഷാരടി അങ്ങനെ പലരും സിനിമയിലേക്ക് എത്തി തുടങ്ങി. ആ സമയത്ത് തന്നെ മോഹൻലാൽ എന്ന സിനിമയിലൂടെ ഞാനും സിനിമയിലെത്തി. എന്റെ വീടിന്റെ അടുത്തുണ്ടായിരുന്ന, എന്നിക്കറിയാവുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് സിനിമയാക്കിയത്. മഞ്ജു വാര്യരാണ് അതിൽ അഭിനയിച്ചത്.

ജയസൂര്യയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളായി നാദിർഷ സംവിധാനം ചെയ്ത ഈശോ. വ്യത്യസ്തമായ തീമുകളിൽ സിനിമ ചെയ്യണമെന്ന ആ​ഗ്രഹമാണ് മോഹൻലാലിന് ശേഷം ഈശോ ത്രില്ലർ ചിത്രം ചെയ്യാൻ പ്രേരണയായത്. ഈശോ സ്വന്തം അനുഭവത്തിൽ നിന്നുണ്ടായ കഥ കൂടിയാണ്. ഒരിക്കൽ നല്ല മഴയുള്ള രാത്രി ഒരു എടിഎം കൗണ്ടറിൽ ഞാനെത്തിപ്പെട്ടിരുന്നു. സെക്യൂരിറ്റിയായിട്ട് പാവമൊരു മനുഷ്യനാണ് നിന്നിരുന്നത്. അയ്യാളുമായുള്ള സംസാരത്തിൽ നിന്നാണ് ഈശോ എന്ന സിനിമയുടെ കഥയുണ്ടാകുന്നത്. പെൺകുട്ടികളുള്ള അച്ഛന്മാർക്കുണ്ടാകുന്ന മനസംഘർഷം കൂടിയാണ് ആ സിനിമ പറയുന്നത്.


വാരനാടൻ കഥകൾ വന്നവഴി

ഈശോ ഒക്കെ ചെയ്തിരിക്കുന്ന സമയം, കോവിഡ് കാലം. ആ സമയത്താണ് തൊണ്ടയെ ബാധിക്കുന്ന ഒരു അസുഖം എന്റെ കണ്ണിനെ ബാധിച്ചു തുടങ്ങുന്നത്. കോട്ടയം മെഡിക്കൽ കൊളജും വീടുമായി കഴിയുകയാണ്. വണ്ടിയോടിക്കാനും സിനിമ കാണാനും വായിക്കാനും ഒന്നിനും പറ്റുന്നില്ല. ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നുപോയ ഒരു കാലം കൂടിയാണ് അത്. അന്നേരം മനസ് റെഡിയായിരിക്കാൻ എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വാരനാടൻ കഥകൾ എഴുതി തുടങ്ങുന്നത്. എന്റെ നാട്ടിലെ ആളുകൾ പരസ്പരം പറഞ്ഞു ചിരിക്കുന്ന കഥകളായിരുന്നു അത്. ഫെയ്സ്ബുക്കിൽ എഴുതിയ ഈ തമാശ കഥകൾ പിന്നീട് കളം എന്ന ഓൺലൈൻ പോർട്ടലിലുമെത്തി. അവിടെ നിന്ന് നേരെ പുസ്തകമായി. ആ പുസ്തകത്തിനാണ് ഇക്കൊലത്തെ കേരള സാഹിത്യ അക്കാദമി അവാർഡ്. ഇപ്പോൾ അതിന്റെ രണ്ടാം ഭാ​ഗം എഴുതാനുള്ള ഒരുക്കത്തിലാണ്.




കരുവന്നൂരിനും മുമ്പേ

സിദ്ദീഖ് സാറിന്റെ (സംവിധായകൻ സിദ്ദിഖ്) വലിയൊരു കൈയ്യൊപ്പ് ഉള്ള സിനിമയാണ് പൊറാട്ട് നാടകം. അബിക്കയുടെ കാലത്ത് തന്നെ സിദ്ദിഖ് സാറിനെ അറിയാം. വനിതാ അവാർഡ്, അമ്മയുടെ പരിപാടികൾ എന്നിവയുടെ എല്ലാം ഇവന്റ് റൈറ്റർ ആയിരുന്നു. ആ വഴിക്കെല്ലാം സിദ്ദിഖ് സാറിനെ അറിയാമായിരുന്നു. അങ്ങനെയാണ് പൊറാട്ട് നാടകം സിനിമയിലേക്ക് എത്തുന്നത്. കരുവന്നൂർ സംഭവമൊക്കെ നടക്കുന്നതിനും മുമ്പേയാണ് ഈ കഥയുണ്ടാകുന്നത്. ഒരു ഹിന്ദി സിനിമയായി എടുക്കാം എന്ന തരത്തിലാണ് കഥ പറയുന്നത്. മലയാളത്തിൽ കഥ ആദ്യം ചെയ്യാമെന്നും ബോർഡർ ലൈനിൽ എഴുതാനും മറ്റും സിദ്ദീഖ് സാറാണ് പറയുന്നത്. ഒരു പശുവാണ് ഇതിലെ പ്രധാന കഥാപാത്രം. രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ചിത്രം. പിന്നീട് ചിത്രത്തിലേക്ക് നമ്മുടെ സുഹൃത്തുക്കൾ വന്നു. നിർമാണവേളയിൽ ചിത്രത്തിന്റെ മേൽനോട്ടം മുഴുവൻ സിദ്ദീഖ് സാറായിരുന്നു. ചിത്രത്തിന്റെ ഡബ്ബിങ് നടക്കുന്ന സമയത്താണ് സാർ നമ്മളെ വിട്ടുപോകുന്നത്.

മിമിക്രിയും പത്രപ്രവർത്തനവും ഫെയ്സ്ബുക്കിലെ കൗണ്ടറും

പൊറാട്ട് നാടകത്തിൽ നിരവധി മിമിക്രി ആർട്ടിസ്റ്റുകളുണ്ട്. മിമിക്രി രം​ഗത്ത് നിന്ന് വന്ന നമ്മൾ മിമിക്രി ആർട്ടിസ്റ്റുകൾക്ക് അവസരം കൊടുക്കണമെന്നത് സിദ്ദീഖ് സാർ പറഞ്ഞ ഒരു കാര്യമാണ്. സീരിയസ് റോളുകൾ ഏറ്റവും നന്നായി ചെയ്ത് ഫലിപ്പിക്കാൻ പറ്റുന്നത് മിമിക്രി താരങ്ങൾക്കാണ്. സലീം കുമാർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെല്ലാം അതിന് ഉദാഹരണമാണ്. ഇപ്പോൾ പുറത്തിറങ്ങിയ വാഴ എന്ന സിനിമയിൽ അച്ഛൻ കഥാപാത്രങ്ങൾ ചെയ്തതും മിമിക്രി താരങ്ങളാണ്.

പത്രപ്രവർത്തനത്തിൽ നിന്ന് തിരക്കഥാ എഴുത്തിലേക്ക് വന്നത് ഒരേ സമയം ​ഗുണവും ദോഷവും ചെയ്തിട്ടുണ്ട്. ആളുകളെ അടുത്തറിയാനും പല സംഭവങ്ങളും നേരിട്ടറിയാനും പത്രപ്രവർത്തനം സഹായിക്കും. എന്നാൽ പത്രഭാഷ, നമ്മുടെ മറ്റു എഴുത്തുകളിൽ വരാതിരിക്കാൻ അത്രയധികം ശ്രദ്ധിക്കണം. നമ്മുടെ ഉള്ളിലെ പത്രപ്രവർത്തകനെ കൊന്നതിന് ശേഷമേ മറ്റു എഴുത്തുകളിലേക്ക് നമ്മൾക്ക് കടക്കാൻ പറ്റുകയുള്ളൂ. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഓരോ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ വായിച്ചാൽ കാണാം, നന്നായി കൗണ്ടറുകൾ പറയുന്ന ആളുകളെ. പല കമന്റുകളും കണ്ട് ഞെട്ടിയിട്ടുണ്ട്. ഇവരുമായിട്ടാണ് നമ്മൾ മത്സരിക്കേണ്ടത്.

ഇനി പുതുതായി പിഷാരിടുമായി ചേർന്നൊരു സിനിമ ആലോചിക്കുന്നുണ്ട്. കൂടാതെ ഞാൻ തന്നെ ഒരു സിനിമ സംവിധാനം ചെയ്യാൻ നോക്കുന്നുണ്ട്. വാരനാടൻ കഥകളിലെ രണ്ട് കഥകൾ സിനിമയാക്കാനും ആലോചനയുണ്ട്.

TAGS :

Next Story