Quantcast

ഉപ്പ മരിച്ചു 40 തികയും മുൻപ് നിങ്ങളെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒരൊമ്പതാം ക്ലാസുകാരനുണ്ട്; ഹൃദയം തൊടുന്ന കുറിപ്പുമായി ഇര്‍ഷാദ്

ഉപ്പ മരിച്ചതൊന്നും ജൂബിലി പ്രോഡക്ഷൻസിനു അറിഞ്ഞു കൂടല്ലോ

MediaOne Logo

Web Desk

  • Published:

    7 Sep 2023 7:52 AM GMT

Mammootty with Irshad
X

മമ്മൂട്ടിയും ഇര്‍ഷാദും

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ഇന്ന് 72-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സുഹൃത്തുക്കളും ആരാധകരും താരത്തെ ആശംസകള്‍ കൊണ്ടു പൊതിയുകയാണ്. പലര്‍ക്കും പല ഓര്‍മകളാണ് മമ്മൂട്ടിയെക്കുറിച്ച്...നടന്‍ ഇര്‍ഷാദ് മമ്മൂട്ടിയെക്കുറിച്ച് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഉപ്പ മരിച്ച നാല്‍പത് കഴിയുന്നതിനു മുന്‍പ് നിറക്കൂട്ട് എന്ന ചിത്രം കാണാന്‍ പോയ കഥയാണ് ഇര്‍ഷാദ് പങ്കുവച്ചത്.

ഇര്‍ഷാദിന്‍റെ കുറിപ്പ്

ഉപ്പ മരിച്ച ഓർമ്മ പോലും ഒരു സിനിമാക്കഥയായാണ് എപ്പോഴും തികട്ടി വരിക. പൂവച്ചൽ ഖാദറിന്‍റെ ‘പൂമാനമേ ഒരു രാഗമേഘം താ’ എന്ന പാട്ട് കേൾക്കുമ്പോൾ എനിക്കതോർമ്മ വരും. അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റ്‌ പടമായിരുന്നു. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയിൽ ജോഷിയെടുത്ത മമ്മൂക്കയുടെ ‘നിറക്കൂട്ട് ’. അന്നത്തെ എന്‍റെ ഭ്രാന്തുകളിൽ ഒന്നാമതാണ് മമ്മൂക്ക. ഫാനെന്നൊന്നും പറഞ്ഞാൽ പോര, മമ്മൂട്ടി എന്റെ രക്തത്തിൽ അലിഞ്ഞ കാലമാണത്.

ഉപ്പ മരിച്ചതൊന്നും ജൂബിലി പ്രോഡക്ഷൻസിനു അറിഞ്ഞു കൂടല്ലോ. നിറക്കൂട്ട് റിലീസായി, നാൽപ്പത് കഴിയാതെ എങ്ങോട്ടും തിരിയാൻ പറ്റില്ല. മകനാണ്, നാൽപ്പത് വലിയ ചടങ്ങാണ്. എത്ര സ്വയം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും മമ്മൂക്ക ഉള്ളിൽ നിന്ന് വിളിച്ചുകൊണ്ടേയിരുന്നു, ‘ നിനക്കെന്നെ കാണണ്ടേ? ഒന്ന് വന്നേച്ചും പോടാ. ഉപ്പയ്ക് അതൊക്കെ മനസിലാവും ’. നാൽപ്പത് വിളിക്കാൻ കുടുംബ വീടുകളിൽ പോകണം. മുതിർന്നവർ ഉണ്ടെങ്കിലും, ചില സ്ഥലങ്ങളിൽ പറയാനുള്ള ജോലി വാശിപിടിച്ചു വാങ്ങി പുറത്ത് ചാടി. അങ്ങനെ പോയാണ് നിറക്കൂട്ട് കാണുന്നത്.

ഒരുപാടു കൊല്ലങ്ങൾക്കിപ്പുറം ഉമ്മ മരിച്ച ദിവസം ഞാനതൊക്കെ വീണ്ടുമോർത്തു. ഉമ്മയ്ക് കാൻസറായിരുന്നു. അത് തിരിച്ചറിഞ്ഞ ദിവസം ഞാനെടുത്ത ഒരു പടമുണ്ട്. ഇപ്പോഴും എപ്പോഴും എന്നേക്കും എന്നെ കരയിക്കുന്ന പടം. ഉമ്മ പോയി, നാലു മണിക്കാണ് മയ്യത്തെടുത്തത്. ഖബറടക്കം കഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് മമ്മൂക്ക വന്നത്. ആന്‍റോ ജോസഫും മമ്മൂക്കയും. സിനിമാക്കാർ പലരും അന്നവിടെ ഉണ്ട്. പക്ഷെ മമ്മൂക്കയുടെ വരവ് അങ്ങനെയല്ല. അതൊരു ചരിത്ര ദൗത്യമാണ്. എനിക്ക് പറയണമെന്നുണ്ടായിരുന്നു, “മമ്മൂക്കാ, ഉപ്പ മരിച്ചു നാൽപ്പത് തികയും മുൻപ് നിങ്ങളെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒരൊമ്പതാം ക്ലാസുകാരനുണ്ട്. അവന്‍റെയുമ്മയുടെ മയ്യത്തടക്കിയ നേരത്ത് നിങ്ങൾ വരാതെങ്ങനെയാണ് !‘ എന്ന്. പ്രിയപ്പെട്ട മമ്മൂക്കാക്ക് ഒരായിരം ജന്മദിനാശംസകൾ

TAGS :

Next Story