സിനിമയ്ക്ക് മോശം അഭിപ്രായം വരുമ്പോൾ വിഷമം തോന്നാറുണ്ട്, അത് ഗുണം ചെയ്തിട്ടുമുണ്ട്: വിനീത് ശ്രീനിവാസൻ
കാശ് കൊടുത്ത് സിനിമയ്ക്ക് പോകുന്ന ആളുകൾക്ക് വിമർശിക്കാമെന്നും വിനീത് ശ്രീനിവാസൻ
സിനിമയ്ക്ക് മോശം അഭിപ്രായം വരുമ്പോൾ വിഷമം തോന്നാറുണ്ടെന്നും പിന്നീട് അത് ഗുണം ചെയ്തിട്ടുണ്ടെന്നും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. എന്നാൽ എല്ലാവർക്കും വ്യത്യസ്ത കാഴ്ച്ചപ്പാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്ക് ലാഗുണ്ട് എന്ന് പറയുന്നവർ എഡിറ്റിങ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്ന സംവിധായിക അഞ്ജലി മേനോന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിനീത്.
ഹൃദയം എന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് ചില വിമർശനങ്ങൾ കണ്ടപ്പോൾ പ്രേക്ഷകർ പറഞ്ഞത് ശരിയാണല്ലോ എന്നാണു തോന്നിയത്. ഇക്കാര്യത്തിൽ ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ചപ്പാടാണ്. സോഷ്യൽ മീഡിയയിലെ ചർച്ചകൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും പുതിയ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ അത്തരം ചർച്ചകൾ ഒരുപാട് സഹായിക്കാറുണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
''ഹൃദയം എന്ന എന്റെ സിനിമയിൽ രണ്ടാം പകുതി കഴിയുമ്പോൾ നായക കഥാപാത്രത്തിന് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് വീണ്ടും ഉണ്ടാകുന്നുണ്ട്. അതിനെ ചോദ്യം ചെയ്ത് കുറെ കുട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. പത്തിരുപത്തിയെട്ട് വയസ്സിൽ ഇയാൾക്ക് വീണ്ടും ഒരാളെ കാണുമ്പോൾത്തന്നെ പ്രേമം ഉണ്ടാകുന്നോ എന്നായിരുന്നു അവരുടെ വിമർശനം. അതു കേട്ടപ്പോൾ ഞാനും അത്തരത്തിൽ ചിന്തിച്ചു. ഇരുപത്തിയെട്ടു വയസ്സായ ഒരാൾ അങ്ങനെ ചിന്തിക്കുന്നതിൽ ഒരു പ്രശ്‌നമുണ്ടെന്ന് എനിക്കും തോന്നി. സോഷ്യൽ മീഡിയ ചർച്ചകൾ ശ്രദ്ധിക്കുന്നതുകൊണ്ട് എനിക്ക് അങ്ങനെ ഒരുപാടു ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്.''- വിനീത് ശ്രീനിവാസൻ പറഞ്ഞു. കാശ് കൊടുത്ത് സിനിമയ്ക്ക് പോകുന്ന ആളുകൾക്ക് വിമർശിക്കാമെന്നും താൻ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിനവ് സുന്ദർ നായകിന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നായകനായെത്തിയ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ജായ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന. അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായി വിനീത് ശ്രീനിവാസൻ നിറഞ്ഞാടുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Adjust Story Font
16