'അയാളുടെ വിശ്വാസമായിരുന്നു അത്, ഞാന്‍ ക്ഷമിച്ചാല്‍ മാത്രമേ അയാള്‍ക്ക് പുണ്യം ലഭിക്കുകയുള്ളൂ'; അമല പോള്‍
പണ്ടെപ്പോഴോ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നതായി യാത്രക്കാരനായ ഒരാള്‍ നേരിട്ട് വന്ന് പറഞ്ഞതായും അങ്ങനെ ചെയ്യാന്‍ കാരണം അയാളുടെ വിശ്വാസമായിരുന്നെന്നും അമല പോള്‍
ഫ്ലൈറ്റ് യാത്രക്കിടെ നേരിട്ട അപ്രതീക്ഷിത അനുഭവം പങ്കുവെച്ച് നടി അമല പോള്‍. പണ്ടെപ്പോഴോ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നതായി യാത്രക്കാരനായ ഒരാള്‍ നേരിട്ട് വന്ന് പറഞ്ഞതായും അങ്ങനെ ചെയ്യാന്‍ കാരണം അയാളുടെ വിശ്വാസമായിരുന്നെന്നും അമല പോള്‍ പറയുന്നു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല യാത്രക്കിടെ നേരിട്ട കൗതുകകരമായ അനുഭവം പങ്കുവെച്ചത്.
അമല പോളിന്‍റെ വാക്കുകള്‍:
കഴിഞ്ഞ ദിവസം ഞാന്‍ ഫ്ലൈറ്റില്‍ തിരിച്ച് നാട്ടിലേക്ക് വരുകയായിരുന്നു. കണ്ടാല്‍ ഒരു മുപ്പത് വയസൊക്കെ തോന്നുന്ന ഒരാള്‍ എന്‍റെ മുമ്പില്‍ വന്നു നിന്നു. എന്നിട്ട് ചോദിച്ചു, അമല പോളല്ലേയെന്ന്. ആദ്യം ഞാന്‍ ഞെട്ടിപ്പോയി. ആ സമയം ആയാള്‍ എന്‍റെ കയ്യിലേക്ക് ഒരു പേപ്പര്‍ തന്നു. അത് എന്‍റെ കയ്യില്‍ തന്നിട്ട് പറഞ്ഞു, ഇതൊന്ന് വായിക്കണമെന്ന്. അങ്ങനത്തെ ഒരു അനുഭവം എനിക്ക് ആദ്യമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അത്ഭുതവും തോന്നി. ഞാന്‍ പതിയെ ആ എഴുത്ത് വായിച്ച് നോക്കി.
പുള്ളിക്ക് പണ്ട് എന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടായിരുന്നു എന്നാണ് അതില്‍ എഴുതിയിരുന്നത്.അതായത്, പുള്ളി കോളേജില്‍ പഠിക്കുന്ന സമയം എന്നെക്കുറിച്ച് കുറേ റൂമര്‍ കേട്ടിരുന്നു. അതൊക്കെ അന്ന് പുള്ളിയും വിശ്വസിച്ചിരുന്നു. അതോടൊപ്പം ആ കഥകളൊക്കെ പുള്ളിയും പ്രചരിപ്പിച്ചു എന്നും അതില്‍ എഴുതിയിരുന്നു. എന്നാല്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്ന് കുറ്റബോധമുണ്ടെന്നും കത്തില്‍ പറഞ്ഞു. നിങ്ങള്‍ അതൊക്കെ മറക്കണമെന്നും അയാള്‍ എഴുതി.
പുള്ളിയുടെ മതത്തിന്‍റെ വിശ്വാസം അനുസരിച്ച്, ആരെയെങ്കിലും വേദനിപ്പിച്ചാല്‍ അവര്‍ ക്ഷമിച്ചാല്‍ മാത്രമേ പുണ്യം ലഭിക്കുകയുള്ളു. അതുകൊണ്ടാണ് ഇത് എഴുതിയത് എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ നിങ്ങള്‍ ക്ഷമിക്കണം, എന്ന് നിങ്ങളുടെ ബ്രദര്‍ എന്നായിരുന്നു ആ എഴുത്തിന്‍റെ അവസാനം. ഒപ്പം ടീച്ചര്‍ സിനിമക്ക് ആശംസകളും നല്‍കി.
അതിരന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന 'ടീച്ചര്‍' ആണ് അമല പോളിന്‍റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. മമ്മൂട്ടി നായകനായി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫറിലും' അമല പോള്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലും അമല നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്.
Adjust Story Font
16