ജയിലറിലെ പ്രധാന സീനുകൾ സ്റ്റാറ്റസും റീൽസും; എന്തുതരം ആനന്ദമാണ് ലഭിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പ്
'സിനിമ കാണുമ്പോൾ തന്നെ പലരും ഫോണുകളിൽ പ്രധാന രംഗങ്ങൾ കൃത്യമായി പകർത്തുന്നുണ്ടായിരുന്നു. സിനിമ കാണാനിരിക്കുന്ന ആളുകളുടെ ആകാംക്ഷ നശിപ്പിക്കുന്ന ഒരു പ്രവണത തന്നെയാണിത്'
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം തിയേറ്ററുകൾ ഇളക്കിമറിക്കുകയാണ്. മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പമെത്തിയപ്പോൾ 'ജയിലർ' ആരാധകർക്ക് നൽകുന്ന അനുഭവം വിവരണാതീതമാവുകയാണ്. വിജയ് നായകനായ ബീസ്റ്റിന് വന്ന നെഗറ്റീവ് പ്രതികരണങ്ങൾക്ക് ശേഷം സംവിധായകൻ നെൽസന്റെ തിരിച്ചുവരവ് കൂടിയാണ് ജയിലർ അടയാളപ്പെടുത്തുന്നത്.
കാമിയോ റോളിൽ എത്തിയ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മോഹൻലാൽ ആരാധകന് സംതൃപ്തി നൽകുന്ന എല്ലാം തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം നൽകിയിട്ടുണ്ടെന്ന അഭിപ്രായമാണ് ഉയരുന്നത്. എന്നാൽ, സിനിമയിലെ പ്രധാനപെട്ട രംഗങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസായും ഇൻസ്റ്റഗ്രാമിൽ റീൽസായും സ്റ്റോറിയായും പ്രചരിക്കുന്നത് ദുഃഖകരമാണെന്നും ആരാധകർ പറയുന്നു.
ഇങ്ങനെ ചെയ്യുമ്പോൾ എന്തുതരം ആനന്ദമാണ് ഇവർക്കൊക്കെ കിട്ടുന്നതെന്നാണ് ഫേസ്ബുക്കിലെ ഒരു പ്രമുഖ സിനിമാ പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. 'സിനിമ കാണുമ്പോൾ തന്നെ പലരും ഫോണുകളിൽ പ്രധാന രംഗങ്ങൾ കൃത്യമായി പകർത്തുന്നുണ്ടായിരുന്നു. സിനിമ കാണാനിരിക്കുന്ന ആളുകളുടെ ആകാംക്ഷ നശിപ്പിക്കുന്ന ഒരു പ്രവണത തന്നെയാണിത്. ഞാൻ വെളുപ്പിനെ തന്നെ ഈ സിനിമ കണ്ട്, എന്റെ സ്റ്റാറ്റസ് വഴി, എന്റെ റീൽസ് വഴി വേണം എല്ലാവരും സിനിമയുടെ പ്രധാനഭാഗം കാണേണ്ടത് എന്നൊരു വാശി. ഒരുതരം അറ്റൻഷൻ പലരും ആഗ്രഹിക്കുന്നു'- രാഗീത് ആർ.ബാലൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
എന്റെ കാശ്, എന്റെ സമയം, എന്റെ സ്വകാര്യത, അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം തന്നെ സമ്മതിക്കുന്നു. ആദ്യ ദിവസം ആദ്യ ഷോ കാണുന്ന നമ്മൾ മാത്രമല്ല സിനിമകൾ കാണുന്നത് എന്ന് കൂടി ഓർക്കുക. നമ്മുടെ ഇഷ്ടതാരങ്ങളെ സ്‌ക്രീനിൽ കാണുമ്പോൾ അതൊക്കെ കണ്ട് കയ്യടിച്ച്, സിനിമയോടൊപ്പമല്ലേ സഞ്ചരിക്കേണ്ടതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
രാഗീത് ആർ.ബാലന്റെ കുറിപ്പിന്റെ പൂർണരൂപം
മോഹൻലാൽ അഭിനയിച്ച തമിഴ് സിനിമകൾ 7 എണ്ണം ആണ്.. അതിൽ ഇരുവർ എന്നൊരു സിനിമക്ക് മുകളിൽ നിൽക്കുന്ന ഒരു പെർഫോമൻസ് മറ്റു സിനിമകളിൽ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.. ജില്ല എന്ന സിനിമയും കാപ്പാൻ എന്ന സിനിമയും ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാൻ പ്രേരിപ്പിച്ചത് മോഹൻലാൽ ഉള്ളത് കൊണ്ട് മാത്രം ആയിരുന്നു.. എന്നാൽ എനിക്ക് നിരാശയാണ് ആ രണ്ട് സിനിമകളും നല്കിയത്. പക്ഷെ ഇന്ന് വെളുപിനെ ജയിലർ 6മണിയുടെ ഷോ കാണാൻ പോകുമ്പോൾ വീണ്ടും ഒരു പ്രതീക്ഷയും ഉള്ളിൽ കരുതി ആണ് സിനിമക്ക് കയറിയത് എന്നാൽ ഉള്ളിൽ ഒരു പേടിയും ഉണ്ടായിരുന്നു. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം..ഒരു മോഹൻലാൽ ആരാധകന് സംതൃപ്തി നല്കുന്ന എല്ലാം തന്നെ ചുരുങ്ങിയ സമയത്തെ സ്ക്രീൻ പ്രസന്റേഷനിലൂടെ അദ്ദേഹം നൽകിയിട്ടുണ്ട്.. നെൽസൺ അതിസമർത്ഥമായി അതിനെ place ചെയ്തിട്ടുമുണ്ട്..മാത്യു എന്നൊരു കഥാപാത്രത്തെ വലിയ ഒരു ക്യാൻവാസിൽ കാണുവാൻ ആഗ്രഹമുണ്ട്..
എന്നാൽ ഏറ്റവും ദുഃഖരമായ ഒന്ന് സിനിമയിലെ പ്രധാനപെട്ട രംഗങ്ങൾ എല്ലാം തന്നെ പലരുടെയും വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയും ഇൻസ്റ്റാഗ്രാം റീൽസ് ആയും കറങ്ങി നടക്കുന്നുണ്ട്.. സിനിമ കാണുമ്പോൾ തന്നെ പലരും അവരരുടെ ഫോണുകളിൽ അതെല്ലാം കൃത്യമായി പകർത്തുന്നും ഉണ്ടായിരുന്നു.. സിനിമ കാണാൻ ആയി ഇരിക്കുന്ന ആളുകളുടെ exicitement നശിപ്പിക്കുന്ന ഒരു പ്രവണത തന്നെ ആണ് അത്.. ഞാൻ വെളുപിനെ തന്നെ ഈ സിനിമ കണ്ട്.. എന്റെ സ്റ്റാറ്റസ് വഴി എന്റെ റീൽസ് വഴി വേണം എല്ലാരും സിനിമയുടെ പ്രധാന ഭാഗം കാണേണ്ടത് എന്നൊരു വാശി എന്നതാ പറയുക ഒരു തരം അറ്റെൻഷൻ പലരും ആഗ്രഹിക്കുന്നു.. ഇങ്ങനെ ചെയ്യുമ്പോൾ എന്ത് തരം ആനന്ദമാണോ ഇവർക്കൊക്കെ കിട്ടുന്നത്..നമ്മുടെ ഇഷ്ട താരങ്ങളെ സ്‌ക്രീനിൽ കാണുമ്പോൾ അതൊക്കെ കണ്ട് കയ്യടിച്ചു സിനിമയോടൊപ്പം അല്ലെ സഞ്ചരിക്കേണ്ടത്..
എന്റെ കാശു എന്റെ സമയം എന്റെ സ്വകാര്യം ശെരിയാണ്. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം തന്നെ സമ്മതിക്കുന്നു.. ആദ്യ ദിവസം ആദ്യ ഷോ കാണുന്ന നമ്മൾ മാത്രമല്ല സിനിമകൾ കാണുന്നത് എന്ന് കൂടി ഓർക്കുക
Adjust Story Font
16