ഗാന്ധിക്കും അംബേദ്കറിനുമിടയിലെ സംവാദങ്ങൾ വായിക്കുന്നത് ഇഷ്ടം: ജാൻവി കപൂർ
"ജാതി അടക്കമുള്ള വിഷയങ്ങളില്‍ അംബേദ്കറുടെ നിലപാടുകൾ വ്യക്തവും ശക്തവുമാണ്. ഗാന്ധിയുടെ വീക്ഷണങ്ങൾക്ക് പരിണാമം ഉണ്ടാകുന്നുണ്ട്"
മുംബൈ: ബിആർ അംബേദ്കറിനും മഹാത്മാഗാന്ധിക്കുമിടയിൽ നടന്ന സംവാദങ്ങൾ അതീവ താത്പര്യത്തോടെയാണ് വായിച്ചിരുന്നതെന്ന് ബോളിവുഡ് നടി ജാൻവി കപൂർ. ജാതി, തൊട്ടുകൂടായ്മ തുടങ്ങിയ വിഷയങ്ങളിൽ അംബേദ്കറിന്റെ നിലപാട് ദൃഢമായിരുന്നുവെന്നും ഗാന്ധിയുടേത് മാറ്റങ്ങൾക്ക് വിധേയമായിരുന്നുവെന്നും അവർ പറഞ്ഞു. പുതിയ ചിത്രം മിസ്റ്റർ ആന്റ് മിസിസ് മഹിയുടെ പ്രൊമോഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജാൻവി. ദ ലലൻടോപ് യൂട്യൂബ് ചാനലാണ് നടിയുമായി മുഖാമുഖം നടത്തിയത്.
ചരിത്രത്തിന്റെ ഏതു ഘട്ടമാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ താത്പര്യം തോന്നിയത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'സത്യം പറയണോ?. ഇതിന് മറുപടി നൽകിയാൽ നിങ്ങൾ കൂടുതൽ കാര്യങ്ങൾ ചോദിക്കില്ല. എന്റെ കാഴ്ചപ്പാടുകൾ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് എനിക്കറിയില്ല. എന്നാൽ അംബേദ്കറിനും ഗാന്ധിക്കുമിടയിൽ നടന്ന സംവാദങ്ങൾ വീക്ഷിക്കുന്നത് അങ്ങേയറ്റം താത്പര്യജനകമായിരുന്നു. അത് നമ്മുടെ സമൂഹത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. തൊട്ടുകൂടായ്മ, ജാതി തുടങ്ങിയ വിഷയങ്ങളിൽ ഇരുവരുടെയും വീക്ഷണങ്ങൾ ഭിന്നമാണ്. അത് നമ്മുടെ സമൂഹത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുമുണ്ട്. തുടക്കം മുതൽ തന്നെ ഇക്കാര്യങ്ങളിൽ അംബേദ്കറുടെ നിലപാടുകൾ വ്യക്തവും ശക്തവുമാണ്. ഗാന്ധിയുടെ വീക്ഷണങ്ങൾക്ക് പരിണാമങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ ജാതിയുടെ പ്രശ്‌നങ്ങളുണ്ട്. അതേക്കുറിച്ച് മൂന്നാമതൊരാളിൽനിന്ന് അറിയുന്നതും അതിൽ ജീവിക്കുന്ന ഒരാളിൽനിന്ന് മനസ്സിലാക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്' - അവർ പറഞ്ഞു.
തന്റെ വീട്ടിലോ സ്‌കൂളിലോ ജാതിയെ കുറിച്ചുള്ള സംസാരങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജാൻവി കൂട്ടിച്ചേർത്തു.
ക്രിക്കറ്റ് ഇതിവൃത്തമായ ജാൻവിയുടെ മിസ്റ്റർ ആന്റ് മിസിസ് മഹി മെയ് 31ന് തിയേറ്ററുകളിലെത്തും. ശരൺ ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജ് കുമാർ റാവുവാണ് നായകൻ. ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന വീഡിയോ ജാൻവി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
Adjust Story Font
16