മലയാളികള്‍ തഴഞ്ഞ സിനിമയെ തമിഴകം ഏറ്റെടുത്തു; യുട്യൂബില്‍ കണ്ടത് 10 ലക്ഷം പേര്‍
ചിത്രത്തെയും ജയറാമിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്‍റ് ചെയ്യുന്നത്
ചെന്നൈ: ജയറാം നായകനായി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത 'പട്ടാഭിരാമന്‍' എന്ന ചിത്രം തമിഴ്നാട്ടില്‍ തരംഗമാവുകയാണ്. ചിത്രം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പട്ടാഭിരാമനെ തമിഴ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ യുട്യൂബില്‍ അപ്‍ലോഡ് ചെയ്ത സിനിമയുടെ തമിഴ് പതിപ്പ് ഇതുവരെ കണ്ടത് 10 ലക്ഷത്തിനു മുകളില്‍ പേരാണ്. ചിത്രത്തെയും ജയറാമിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്‍റ് ചെയ്യുന്നത്.
ജയറാം പട്ടാഭിരാമന്‍ എന്ന ഫുഡ് ഇന്‍സ്പെക്ടറുടെ വേഷത്തിലെത്തിയ ചിത്രം പഴകിയ ഭക്ഷണം വിളമ്പുന്ന ചെറുകിട ഹോട്ടലുകൾ മുതൽ കൊള്ളലാഭത്തിനായി ഭക്ഷണത്തിൽ മായം ചേർക്കുന്ന വമ്പൻ സംഘങ്ങൾ വരെ നീളുന്ന കേരളത്തിലെ ഭക്ഷണ വ്യവസായത്തിന്‍റെ ദുർഗന്ധം വമിക്കുന്ന മുഖം തുറന്നുകാട്ടുന്നു. ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്‍.ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഹരീഷ് കണാരന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,രമേഷ് പിഷാരടി,നന്ദു,സായികുമാര്‍,മഹീന്ദ്രന്‍,മിയ,ഷീലു അബ്രഹാം,ഷംന കാസിം,ലെന,പ്രജോദ് കലാഭവന്‍, തെസ്‌നിഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം.അബാം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കുറിപ്പ്
പട്ടാഭിരാമൻ എന്ന മലയാള സിനിമ ഒരു നല്ല കഥയായിരുന്നു സമൂഹത്തിൽ വെളിപ്പെടുത്തേണ്ട ഒരു കഥയായിരുന്നു തിരക്കഥാകൃത്ത് ദിനേശേട്ടൻ രചിച്ചത് അത് വളരെ ഭംഗിയായി കണ്ണൻ താമരക്കുളം അഭ്രപാളികളിൽ എത്തിക്കുകയും ചെയ്തു.
ഞാൻ അതിൽ വെറുമൊരു ചെറിയ അഭിനേതാവാണ്. ജയറാമേട്ടനാണ് അതിലെ നായകൻ. നമ്മുടെ മലയാളികൾ സമൂഹം അതികം കാണാതെ പോയ സിനിമയാണ് കേണേണ്ട സിനിമയായിരുന്നു. പക്ഷെ അത് നാളുകൾക്ക് ശേഷം തമിഴ് ജനത ഏറ്റെടുത്ത് അവിടെ വലിയ സംഭവമാക്കി തീർത്തു അതിൽ വലിയ സന്തോഷമുണ്ട്. മലയാളികൾ ഇന്നെങ്കിലും ഈ സിനിമ ടീവിയിൽ വന്നാലെങ്കിലും കണ്ടിട്ട് അഭിപ്രായങ്ങൾ അറിയിക്കണം നന്ദി. പട്ടാഭിരാമന്റെ ഫുൾ ടീമിന് ആശംസകൾ.
Adjust Story Font
16