അന്ന് മഞ്ജുവിനൊപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഇന്ന് നായകന്‍; അഭിമാന നിമിഷമെന്ന് ജയസൂര്യ
വർഷങ്ങൾക്ക് മുൻപ് മഞ്ജു വാര്യർ പ്രധാന കഥാപാത്രമായ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട താൻ ഇന്ന് അതേ താരത്തിനൊപ്പം നായകനായി എത്തിയതിനെക്കുറിച്ചാണ് ജയസൂര്യ വേദിയിൽ പങ്കുവെച്ചത്
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ജയസൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് മഞ്ജു വാര്യർ പ്രധാന കഥാപാത്രമായ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട താൻ ഇന്ന് അതേ താരത്തിനൊപ്പം നായകനായി എത്തിയതിനെക്കുറിച്ചാണ് ജയസൂര്യ വേദിയിൽ പങ്കുവെച്ചത്. ''വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്രം എന്ന സിനിമയിലെ നായിക മഞ്ജു വാര്യര്‍, അതിലൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെയെങ്കിലും വേഷം കിട്ടാന്‍ പല ദിവസങ്ങളിലായി നടന്ന ഞാന്‍ ഒരു ദിവസം ദൂരെ നിന്നും മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. പിന്നീട് പത്രക്കാരുടെ കൂട്ടത്തില്‍ രണ്ടാമത്തെ നിരയില്‍ ഇരിക്കാനുള്ള ഒരു ഭാഗ്യം കിട്ടി. പത്രം എന്ന സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഞാന്‍ ഇന്നു മഞ്ജു വാര്യര്‍ എന്ന ബ്രില്യന്‍റ് ആയ നടിക്കൊപ്പം അഭിനയിച്ചുവെന്ന് പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമാണ്. ഞാന്‍ ഒരുപാട് ആരാധിക്കുന്ന നായികയാണ്. സിനിമയെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ച വ്യക്തിത്വങ്ങളില്‍ ഒരാളാണ് മഞ്ജു. ഇത്ര സീനിയറായിട്ടും ഒരു വിദ്യാര്‍ഥിയെപ്പോലെ പെരുമാറുന്നതാണ് മഞ്ജു ഇപ്പോഴും സൂപ്പര്‍സ്റ്റാറായി നില്‍ക്കാന്‍ കാരണമെന്നും ജയസൂര്യ പറഞ്ഞു. അതേസമയം ആത്മാർത്ഥ സുഹൃത്തായ പ്രജേഷ് സെന്നിനൊപ്പം ചിത്രം ചെയ്യുന്നതിൽ ഒരു പ്രത്യേക സുഖമാണെന്നും ജയസൂര്യ പറഞ്ഞു. സു സുധീ വാത്മീകം തൊട്ടുള്ള സൗഹൃദമാണ് ശിവദമായെന്നും നല്ലൊരു നടിയാണെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
മേയ് 13നാണ് മേരി ആവാസ് സുനോ തിയറ്ററുകളിലെത്തുന്നത്. റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം.ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം.
Adjust Story Font
16