അന്ന് ലോൺ അടക്കാനും വാടക കൊടുക്കാനും പണയം വെച്ച സ്വർണ്ണം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചില്ല; മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഉറക്കമില്ലാതെ രാത്രികൾ: നടന്‍ ജിഷിന്‍ മോഹന്‍
ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാർ
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സിനിമ-സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ലോക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാൻ അനുവാദം നൽകണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ലെന്നും ജിഷിന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
ജിഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇത് ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അയച്ച ഇ-മെയില്‍ ആണ്. ഒട്ടനവധി കലാകാരന്മാർ അഭിമുഖീകരിക്കുന്ന, പുറത്ത് പറയാൻ മടി കാണിക്കുന്ന പ്രശ്നങ്ങൾ. എല്ലാ വിഭാഗക്കാരും അവരവരുടെ തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന വിഷമം അറിയാതെ അല്ല. ഞാനും എന്നെപ്പോലുള്ള പലരും അനുഭവിക്കുന്ന അവസ്ഥ ശ്രദ്ധയിൽ പെടുത്തുന്നു എന്ന് മാത്രം. കത്തിന്‍റെ ഉള്ളടക്കം താഴെ കൊടുത്തിരിക്കുന്നു :
Dear Sir,
ഞാനൊരു സീരിയൽ ആർട്ടിസ്റ്റ് ആണ്. പേര് ജിഷിൻ മോഹൻ. എറണാകുളം ആണ് താമസം. എന്‍റെ ഭാര്യയും ഒരു സീരിയൽ ആർട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാർഗ്ഗം സീരിയൽ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല . ദിവസവേതനം എന്ന് തന്നെ പറയാം. ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാർ. ഒരു മാസം ഷൂട്ടിനു പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്‍റെ തവണകൾ, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല. ഒരു ലോക്ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോൺ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വർണ്ണം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചില്ല. മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഉറക്കമില്ലാതെ കുറേ രാത്രികൾ..
ഒരു സീരിയൽ കുടുംബം എന്ന് പറഞ്ഞാൽ ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമല്ല. പ്രൊഡ്യൂസർ, ഡയറക്ടർ, ക്യാമറാമാൻ തുടങ്ങി പ്രോഡക്ഷനിൽ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷൻ ബോയ് വരെയുള്ളവരുടെ ജീവിതമാർഗ്ഗമാണ്. എല്ലാ തൊഴിൽ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്ത്. ലോക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം എന്ന് അപേക്ഷിക്കുന്നു.
എന്ന് വിനയപൂർവ്വം,
ജിഷിന്‍ മോഹന്‍
Adjust Story Font
16