മദ്യപിക്കുമ്പോള്‍ അയാള്‍ ഒരു രാക്ഷസനായി മാറും, സ്വയം മുറിവുണ്ടാക്കും; ജോണി ഡെപ്പിനെതിരെ വീണ്ടും ആംബര്‍ ഹേര്‍ഡ്
ഹണിമൂണിനിടെ ഡെപ്പ് തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും അയാള്‍ക്ക് തന്നെ കൊല്ലാമായിരുന്നുവെന്നും ആംബര്‍ ഹേര്‍ഡ് പറഞ്ഞു
ഹോളിവുഡ് നടന്‍ ജോണി ഡെപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി നടിയും മുന്‍ഭാര്യയുമായ ആംബര്‍ ഹേര്‍ഡ്. ഇരുവരും തമ്മിലുള്ള മാനനഷ്ടക്കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ജോണി ഡെപ്പിന്‍റെ ക്രൂരതകള്‍ ആംബര്‍ കോടതിക്കു മുന്നില്‍ വെളിപ്പെടുത്തിയത്. ഹണിമൂണിനിടെ ഡെപ്പ് തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും അയാള്‍ക്ക് തന്നെ കൊല്ലാമായിരുന്നുവെന്നും ആംബര്‍ ഹേര്‍ഡ് പറഞ്ഞു.
വിര്‍ജിനിയയില്‍ നടക്കുന്ന കേസ് ഇടവേളക്ക് ശേഷം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഗാര്‍ഹിക പീഡനത്തിന്‍റെ ഇരയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹേര്‍ഡ് ഡെപ്പിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഡെപ്പ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ഹേര്‍ഡിന്‍റെ ക്രൂരതകളെക്കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്. താൻ അവനെ സ്നേഹിക്കുന്നുണ്ടെന്നും അതിനാൽ ആ സമയത്ത് ക്രിമിനൽ കുറ്റം ചുമത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.
''ഞാന്‍ അദ്ദേഹത്തെ കഠിനമായി സ്നേഹിക്കുന്നുണ്ട്. എന്നാല്‍ ഇതു വളരെ മോശമായി അവസാനിക്കുമെന്ന് എനിക്കു തോന്നി. അതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ ഞാന്‍ വളരെയധികം ശ്രമിച്ചു. എനിക്ക് അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ താല്‍പര്യമില്ലായിരുന്നു'' ഹേര്‍ഡ് തിങ്കളാഴ്ച കോടതിയില്‍ കണ്ണീരോടെ പറഞ്ഞു. ജോണി ഡെപ്പ് തന്നെ ശാരീരികമായി ഉപദ്രവിച്ചതായി ആംബർ ഹേർഡ് പല തവണ പറഞ്ഞിരുന്നു. ഹണിമൂണ്‍ സമയത്ത് പോലും ഡെപ്പ് ക്രൂരമായി ആക്രമിച്ചു. 2015 ഫെബ്രുവരിയില്‍ വിവാഹശേഷം മുൻ ദമ്പതികൾ ഓറിയന്‍റ് എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് ഇത് സംഭവിച്ചത്.സ്ലീപ്പർ കമ്പാർട്ട്‌മെന്‍റില്‍ വച്ച് ഡെപ്പ് തന്നെ അടിക്കുകയും കഴുത്തിൽ പിടിക്കുകയും ചെയ്തുവെന്ന് ആംബർ ആരോപിച്ചു.
''ട്രയിനിലെ ചുവരിനോട് ചേര്‍ത്തു വച്ച് അയാള്‍ കുറെയധികം സമയം എന്‍റെ കഴുത്ത് ഞെക്കിപ്പിടിച്ചു. അയാള്‍ക്ക് എന്നെ കൊല്ലാന്‍ സാധിക്കുമായിരുന്നു. മറ്റൊരു ദിവസം ജെയിംസ് ഫ്രോങ്കോക്കൊപ്പം ഒരു വേഷം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ അദ്ദേഹത്തിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഫര്‍ണിച്ചറുകള്‍ ഉപയോഗിച്ച് എന്നെ അടിച്ചു'' ആംബര്‍ പറയുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ഡെപ്പ് സ്നേഹത്തോടെ പെരുമാറിയിരുന്നതായും ഹേര്‍ഡ് പറഞ്ഞു. വഴക്കുണ്ടാകുമ്പോള്‍ കത്തി കൊണ്ട് കൈ മുറിക്കുകയോ നെഞ്ചില്‍ മുറിവുണ്ടാക്കുയോ ചെയ്യുമായിരുന്നു. മദ്യപിക്കുമ്പോൾ ഡെപ്പ് ഒരു രാക്ഷസനായി മാറുമെന്നും മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും ഉപയോഗം കുറയ്ക്കാനുള്ള തന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ഹേര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16