'ജോജുവിന് ഭീഷണി, കുട്ടികൾക്ക് സ്കൂളിൽ പോകാൻ വയ്യ'; ജോജു വിഷയം സഭയില്‍ ഉന്നയിച്ച് മുകേഷ് എം.എല്‍.എ
ജോജു ജോർജിനെതിരായ ഭീഷണി അതീവഗൗരവമായ പ്രശ്നമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍
നടന്‍ ജോജു ജോര്‍ജുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ സഭയില്‍ അവതരിപ്പിച്ച് നടനും എം.എല്‍.എയുമായ മുകേഷ്. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചാണ് മുകേഷ് വിഷയം അവതരിപ്പിച്ചത്. നിർമാതാക്കളെന്ന് പറഞ്ഞ് ആളുകൾ ജോജുവിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും ജോജുവിന്‍റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും മുകേഷ് സഭയെ അറിയിച്ചു.
അതെ സമയം ജോജു ജോർജിനെതിരായ ഭീഷണി അതീവഗൗരവമായ പ്രശ്നമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിയമപ്രകാരമുള്ള നടപടിയുണ്ടാകുമെന്നും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുകേഷ് സഭയില്‍ സംസാരിച്ചത്:
ഇന്ധനവില വർധനവിനെതിരെ നടന്ന സമരത്തെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മലയാളസിനിമയിലെ തൊഴിൽ അന്തരീക്ഷം കലുഷിതമാക്കുവാനും ഷൂട്ടിങ് തടസപ്പെടുത്തുവാനും നടത്തുന്ന നീക്കങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കാനാണ് ഈ സബ്മിഷൻ ഞാൻ അവതരിപ്പിക്കുന്നത്.
ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോ സമരം ചെയ്യുന്നതിനോ നമ്മളാരും എതിരല്ല. എന്നാല്‍ കുറച്ച് കാലമായി കലാകരന്മാരെ തേടിപ്പിടിച്ച് അവരെ തേജോവധം ചെയ്യുന്ന പ്രവണത വർധിച്ചു വരികയാണ്. അക്കൂട്ടത്തിൽ ജ്ഞാനപീഠം അവാർഡ് നേടിയ എം.ടി. വാസുദേവൻ നായർ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ അടൂർ ഗോപാലകൃഷ്ണൻ, എന്‍റെ നാട്ടുകാരനായ കവി കുരീപ്പുഴ ശ്രീകുമാർ അങ്ങനെ നീണ്ടുപോകുന്ന ലിസ്റ്റ് അവസാനം ചെന്നെത്തി നിൽക്കുന്നത് സിനിമാ നടന്‍ ജോജു ജോർജിലാണ്. ജോജു ആദ്യം തന്നെ പറഞ്ഞു, 'ഞാനൊരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ല. പ്രതികരിക്കുന്നതും അഭിപ്രായം പറയുന്നതും ഒരു പൗരൻ എന്ന നിലയിലാണ്. ആ അവകാശം വെച്ചുകൊണ്ടാണ്. എനിക്കു വേണ്ടി മാത്രമല്ല , കീമോ തെറാപ്പിക്കു പോകുന്ന ഒരു കാൻസർ രോഗിക്കും വേണ്ടിയാണ് പ്രതിഷേധം.'
അദ്ദേഹം സിനിമാ നടനായതിനാൽ ആ പ്രതിഷേധത്തിനൊരു മാധ്യമശ്രദ്ധ വന്നു. അതിൽ ഹാലിളകിയ കുറേ ആളുകൾ അവിടെനിന്നു വിളിച്ചു പറഞ്ഞു, അയാൾ മദ്യപാനിയാണ്. മദ്യം കഴിച്ചിട്ടില്ലെന്നു തെളിഞ്ഞപ്പോൾ പറഞ്ഞു, എങ്കിൽ മയക്കുമരുന്നിന് അടിമയാണ്. ഇവൻ തറ ഗുണ്ടയാണ്, സ്ത്രീകളോട് മോശമായി പെരുമാറുന്നു, സ്ത്രീ ലംബടനാണ് എന്നിങ്ങനെ പോകുന്നു ആരോപണങ്ങൾ.
പിന്നീട് അയാളുടെ കാറടിച്ച് തകർക്കുന്നു. അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നു. അദ്ദേഹത്തിന്റെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റാതാകുന്നു. മാതാപിതാക്കൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. ഇതൊന്നും പോരാഞ്ഞ് ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത പൃഥ്വിരാജിന്‍റെ സെറ്റിലേക്ക് ഘോഷയാത്രയായി പോയി ഷൂട്ടിങ് മുടക്കുന്നു. മിനിഞ്ഞാന്ന് എറണാകുളം പുത്തന്‍കുരിശിലെ ശ്രീനിവാസന്‍റെ സെറ്റിൽപോയി അവിടെയും ഷൂട്ടിങ് മുടക്കുന്നു.
എന്നെ ഞെട്ടിച്ച മറ്റൊരു കാര്യമുണ്ട്, ഇപ്പോൾ പല സ്ഥലത്തുനിന്നും ആളുകൾ ജോജുവിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു. ഞങ്ങൾ സിനിമ തുടങ്ങാനിരുന്ന പുതിയ നിർമാതാക്കളാണ്, താൻ കാരണമാണ് ഷൂട്ടിങ് തുടങ്ങാൻ പറ്റാത്തത്. അതുകൊണ്ട് ഉടൻ തന്നെ മാപ്പ് പറഞ്ഞ് കേസ് പിൻവലിക്കുക. ഇതിന്‍റെ പിന്നിലാരാണെന്ന് എല്ലാവർക്കും മനസിലാകും.
ജോജു എന്നോട് പറഞ്ഞത്, 'ഞാൻ മാപ്പ് പറയില്ല ചേട്ടാ, കാരണം ഞാൻ തെറ്റ് ചെയ്തിട്ടില്ല. കേസ് പിൻവലിച്ചാൽ ഇവർ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ ഏൽക്കുന്നതുപോലെയാകും. അതുകൊണ്ട് കേസ് പിൻവലിക്കില്ല.'
കോവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായിരുന്ന മലയാളസിനിമാലോകം ഇപ്പോൾ തിരിച്ചുവരവിന്‍റെ പാതയിലാണ്. കലാകാരന്മാരെ അപമാനിച്ചും ഷൂട്ടിങ് തടസപ്പെടുത്തിയും സിനിമാ രംഗത്ത് കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനാണ് സമരക്കാര്‍ പരിശ്രമിക്കുന്നത്. കലാകാരന്മാരെ ഡിമോറലൈസ് ചെയ്ത് മലയാള സിനിമാ തൊഴിൽ മേഖലയിൽ സംഘർഷം സൃഷ്ടിക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ സർക്കാർ ശക്മായ നടപടി സ്വീകരിക്കുവാൻ തയാറാകണം.
Adjust Story Font
16