Quantcast

'ഒരു കയ്യിൽ പോതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്നവരുണ്ട്'; തനിക്കെതിരായ വ്യാജവാർത്തയിൽ പ്രതികരിച്ച് ജോയ് മാത്യു

ഇടത് വിരോധിയായ ജോയ് മാത്യുവിന് അപകടം സംഭവിച്ചെന്നും ചാവക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെന്നും വാർത്തകള്‍ പ്രചരിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-17 16:10:19.0

Published:

17 Sep 2023 4:09 PM GMT

Joy Mathew reacts to fake news against him, fake news, dyfi, joy mathew car accident, latest malayalam news,ജോയ് മാത്യു തനിക്കെതിരായ വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ചു, വ്യാജ വാർത്ത, ജോയ് മാത്യുവിന് അപകടം,
X

കൊച്ചി: കഴിഞ്ഞയാഴ്ച തനിക്ക് സംഭവിച്ച വാഹനാപകടത്തിന് പിന്നാലെ സി.പി.എം സൈബർ പേജുകള്‍ പ്രചരിപ്പിച്ച വ്യാജവാർത്തകള്‍ക്കെതിരെ നടൻ ജോയ് മാത്യു രംഗത്ത്. കഴിഞ്ഞയാഴ്ച നടൻ ജോയ് മാത്യുവിന്‍റെ കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഇതിന് പിന്നാലെ ഇടത് വിരോധിയായ ജോയ് മാത്യുവിന് അപകടം സംഭവിച്ചെന്നും ചാവക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെന്ന തരത്തിൽ സി.പി.എം അനുകൂല സോഷ്യൽ മീഡിയ അക്കൌണ്ടുകള്‍ വ്യാജ വാർത്ത പ്രചരിപ്പിച്ചു.

എന്നാൽ തന്നെ ആശുപത്രിയിൽ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരല്ലെന്ന് പറഞ്ഞ ജോയ് മാത്യൂ അപകട ദിവസം നടന്ന സംഭവങ്ങളും തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നുണ്ട്. തന്നെ ആശുപത്രിയിൽ എത്തിച്ച സുഹൈൽ എന്ന യുവാവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് അടക്കം പങ്കുവെച്ചാണ് ജോയ് മാത്യു ഇക്കാര്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പൊതിച്ചോറും സൈബർ കഠാരയും

---------------------------------

ഒരാഴ്ചമുമ്പ് എനിക്ക് ഒരു വാഹനാപകടത്തിൽ പരിക്ക് പറ്റാനും ആശുപത്രിവാസം അനുഭവിക്കാനുമുള്ള യോഗമുണ്ടായി. ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ പരിചയമില്ലാത്തവർ പോലും എനിക്ക് സംഭവിച്ച അപകടത്തിൽ വേദനിക്കുകയും ആശ്വസിപ്പിക്കുവാനുമുണ്ടായത് എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഊർജ്ജമായി. എന്നാൽ ഒരു കയ്യിൽ പോതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അവരുടെ സങ്കടം "ഞാൻ മയ്യത്തായില്ലല്ലോ "എന്നതായിരുന്നു.

വെറുപ്പിന്റെ രാഷ്ട്രീയം മനസ്സിൽ കൊണ്ടുനടക്കുന്ന സൈബർ കൃമികൾക്ക് മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണല്ലോ !

നവനാസികളുടെ മനോനിലയിലേക്ക് അധഃപ്പതിച്ച ഇവറ്റകളുടെ തള്ളൽ പരാക്രമമാണെങ്കിലോ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കും. അപകടസ്ഥലത്ത് നിന്നും എന്നെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിച്ചത് ഇവന്മാരാണെന്നും ഇനി പൊതിച്ചോറുമായി വരുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ തള്ളിമറിക്കുന്നത് കണ്ടു -

എന്നാൽ സത്യാവസ്ഥ എന്താണെന്ന് എന്നെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയ സുഹൈൽ എന്ന മനുഷ്യസ്‌നേഹി എഴുതുന്നു :

സെപ്റ്റംബർ 4ആം തിയ്യതി രാത്രി 11മണിയോടെ മന്ദലാംകുന്ന് സെന്ററിൽ അപകടം ഉണ്ടായ വിവരം അറിയിക്കുന്നത് കൂട്ടുകാരനായ എന്റെ ക്ലബ്ബിലെ (സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ്) അസ്‌ലം ആയിരുന്നു. അണ്ടത്തോട് ഡ്രൈവേഴ്സ് യൂണിയൻ ആംബുലൻസ് ഡ്രൈവർ ഡ്യൂട്ടിയിൽ അസ്‌ലം ഒറ്റയ്ക്ക് ആയിരുന്നു. അസ്‌ലം വിളിച്ചപ്പോൾ അണ്ടത്തോട് നിന്നും 2കിലോമീറ്റർ അകലെയുള്ള അപകട സ്ഥലത്തേക്ക് ബൈക്കിൽ വേഗത്തിൽ എത്തിയതായിരുന്നു. കാറും പിക്കപ്പ് വാനും തമ്മിൽ ഉണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന നടൻ ജോയ് മാത്യു സാർ മൂക്കിൽ പരിക്കേറ്റതിനെ തുടർന്ന് അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസിൽ സ്വയം കയറി ഇരുന്നു. പിക്കപ്പ് ഡ്രൈവർ കോഴിക്കോട് താമരശ്ശേരി സ്വദേശി മുജീബിന്റെ കാൽ പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനം സമയം എടുക്കുന്നതിനാൽ ഞാനും അസ്ലമും ജോയ് മാത്യു സാറുമായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആംബുലൻസിൽ ഡ്രൈവർ അസ്‌ലമും ജോയ് മാത്യു സാറുമായി പിറകിൽ ഞാനും മാത്രമാണ് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഉണ്ടായിരുന്നത്. പിക്കപ്പ് ഡ്രൈവറെ നാട്ടുകാരുടെയും ഗുരുവായൂർ ഫയർഫോഴ്‌സിന്റെയും സഹായത്തോടെ മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനത്തിൽ നിന്നും പുറത്തെടുത്ത് വിന്നേഴ്സ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പിറ്റേദിവസം ഇടതുപക്ഷ പ്രവർത്തകർ 'ഇടതുപക്ഷ വിരോധിയായ ജോയ് മാത്യുവിന് അപകടം; ചാവക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു' എന്നുള്ള തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതായി കണ്ടു. ജോയ് മാത്യു സാറിനെ ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായിരുന്ന ഞാനും ആംബുലൻസ് ഡ്രൈവർ അസ്‌ലമും ഡിവൈഎഫ്ഐ പ്രവർത്തകർ അല്ല. അപകടങ്ങളിൽ ഓടിയെത്തുന്നത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല. മന്ദലാംകുന്ന് അപകട സമയത്ത് ഓടിക്കൂടിയ നല്ലവരായ നാട്ടുകാർ വ്യത്യസ്ത രാഷ്ട്രീയ ആശയ ചിന്താഗതികൾ ഉള്ള ആളുകളാണ്. മാത്രമല്ല ഡിവൈഎഫ്ഐ നേതൃത്വം നൽകിയ ഒരു രക്ഷാപ്രവർത്തനവും അവിടെ നടന്നിട്ടുമില്ല. ഇടതുപക്ഷ പ്രവർത്തകരുടെ വ്യാജ പ്രചരണത്തിൽ എന്നെയും കൂട്ടുകാരൻ അസ്ലമിനെയും തെറ്റിദ്ധരിക്കരുത്, ഞങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ അല്ല'.അപകടത്തിൽ പരിക്കേറ്റ എന്നെ ആശുപത്രിയിൽ എത്തിച്ച സാമൂഹ്യ മാധ്യമങ്ങളിലെ ആ ഡിവൈഎഫ്ഐ പ്രവർത്തകരെ കണ്ടെത്തുന്നവർ അറിയിക്കുക. അവർക്ക് ഇനാം പ്രഖ്യാപിക്കേണ്ടിവരും.

(നവനാസികളെ തിരിച്ചറിയണമെങ്കിൽ കമന്റ് ബോക്സിൽ തിരഞ്ഞാൽ കിട്ടും )

TAGS :

Next Story