'ഇഎംഐ അടയ്ക്കാത്തതിനാല്‍ ഷാരൂഖ് ഖാന്‍റെ ജിപ്സി എടുത്തുകൊണ്ടുപോയി, സ്വന്തമായി വീടുപോലും ഉണ്ടായിരുന്നില്ല'; കിംഗ് ഖാന്‍ പഴയകാല ജീവിതം പങ്കുവച്ച് ജൂഹി
ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ജൂഹി തന്‍റെ സുഹൃത്ത് കടന്നുവഴികളെക്കുറിച്ച് പറഞ്ഞത്
മുംബൈ: പ്രശസ്തിയുടെയും ആഡംബരത്തിന്‍റെയും നടുവില്‍ ജീവിക്കുന്ന ഇന്നത്തെ താരരാജാവില്‍ നിന്നും കഷ്ടപ്പാടുകളും ഇല്ലായ്മകളും നിറഞ്ഞ ഒരു ഭൂതകാലമുണ്ട് ബോളിവുഡിന്‍റെ സൂപ്പര്‍താരം ഷാരൂഖ് ഖാന്. സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന കാലം. ആ പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ആരാധകരോട് പങ്കുവയ്ക്കുകയാണ് നടിയും സുഹൃത്തുമായ ജൂഹി ചാവ്ല. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമകള്‍ കൂടിയാണ് ഇരുവരും.
ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ജൂഹി തന്‍റെ സുഹൃത്ത് കടന്നുവഴികളെക്കുറിച്ച് പറഞ്ഞത്.'' അന്ന് ഷാരൂഖിന് മുംബൈയിൽ സ്വന്തമായി വീടുണ്ടായിരുന്നില്ല.അതുകൊണ്ട് അദ്ദേഹം ഡല്‍ഹിയില്‍ നിന്നാണ് മുംബൈയിലെത്തിയിരുന്നത്. അക്കാലത്തെ മുംബൈയില്‍ എവിടെയാണ് അദ്ദേഹം താമസിച്ചിരുന്നതെന്ന് എനിക്ക് അറിയില്ല. സിനിമാ യൂണിറ്റിനൊപ്പമാണ് ചായവും ഭക്ഷണവും കഴിച്ചിരുന്നത്. രണ്ടോ മൂന്നോ ഷിഫ്റ്റുകളില്‍ ജോലി ചെയ്തു. എന്നോടൊപ്പം രാജു ബൻ ഗയാ ജെൻ്റിൽമാൻ (1992), ദിൽ ആഷ്‌ന ഹേ (1992), ദിവ്യയ്‌ക്കൊപ്പം (ഭാരതി, ദീവാന, 1992) എന്നീ ചിത്രങ്ങളാണ് ചെയ്തത്. മുന്നേറണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ഷാരൂഖിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു. ഇഎംഐ അടയ്ക്കാത്തതിന്‍റെ പേരില്‍ ഒരു ദിവസം ആ ജിപ്സി എടുത്തുകൊണ്ടുപോയി. അതിനു ശേഷം വളരെ നിരാശയോടെയാണ് അദ്ദേഹം സെറ്റില്‍ വന്നത്. 'വിഷമിക്കണ്ട, ഒരിക്കല്‍ നിങ്ങള്‍ ഇതുപോലെ ഒരുപാട് കാറുകളുടെ ഉടമയാകുമെന്ന് ഞാന്‍ പറഞ്ഞു. അതിപ്പോഴും ഓര്‍ക്കുന്നു. കാരണം അതിപ്പോള്‍ സത്യമായി'' ജൂഹി കൂട്ടിച്ചേര്‍ത്തു.
ഇന്ന് നിരവധി ആഡംബര കാറുകളുടെ ഉടമയാണ് ഷാരൂഖ്. കൂടാതെ മുംബൈയിലെ ബാന്ദ്രയില്‍ കോടികള്‍ വിലമതിക്കുന്ന മന്നത്ത് എന്ന വീടുമുണ്ട്. ഷാരൂഖും ജൂഹിയും ഒരുമിച്ച അഭിനയിച്ച യെസ് ബോസ് എന്ന ചിത്രത്തിലെ ചാന്ദ് താരേ എന്ന ഗാനത്തിൽ ഈ വീടും പ്രത്യക്ഷപ്പെടുന്നുണ്ട്. യാഷ് ചോപ്രയുടെ ദർ (1993), മഹേഷ് ഭട്ടിൻ്റെ ഡ്യൂപ്ലിക്കേറ്റ് (1998), രാജീവ് മെഹ്‌റയുടെ റാം ജാനെ (1995), അസീസ് മിർസയുടെ ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി (2000), ശശിലാൽ കെ നായേഴ്സ് വൺ 2 കാ4(2001) തുടങ്ങിയ ചിത്രങ്ങളിലും ഷാരൂഖും ജൂഹിയും ഒരുമിച്ചിട്ടുണ്ട്. 2000-കളുടെ തുടക്കത്തിൽ അസീസ് മിർസയ്‌ക്കൊപ്പം ഡ്രീംസ് അൺലിമിറ്റഡ് എന്ന പ്രൊഡക്ഷൻ ഹൗസും ഇരുവരും ചേര്‍ന്ന് സ്ഥാപിച്ചു. പിന്നീടാണ് ഷാരൂഖ് റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ് എന്ന സ്വന്തം സ്റ്റുഡിയോ ആരംഭിച്ചത്.
സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗ് ആണ് ഷാരൂഖിന്‍റെ പുതിയ ചിത്രം. താരത്തിനൊപ്പം മകള്‍ സുഹാന ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദി റെയിൽവേ മെൻ എന്ന ചിത്രത്തിലാണ് ജൂഹി അവസാനമായി അഭിനയിച്ചത്.
Adjust Story Font
16