'40 കോടി': ബാന്ദ്രയിലെ വിവാദ വീട് വിൽക്കാനൊരുങ്ങി കങ്കണ റണാവത്ത്
സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ബാധ്യതകൾ തീർക്കാനാണ് വീട് വിൽക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്
മുംബൈ: അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തി ബൃഹാൻ മുംബൈ കോർപറേഷൻ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ബാന്ദ്രയിലെ വസതി വിൽക്കാനൊരുങ്ങി ബി.ജെ.പി എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത്
40 കോടി രൂപയാണ് വസതിക്ക് വിലയിട്ടിരിക്കുന്നത്. ഈ വീട്ടിലാണ് കങ്കണയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണക്കമ്പനിയായ മണികർണിക ഫിലിംസിന്‍റെ ഓഫിസും പ്രവർത്തിക്കുന്നത്.
അതേസമയം സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ബാധ്യതകൾ തീർക്കാനാണ് വീട് വിൽക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വാർത്തകളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
19 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ട കങ്കണ, 17 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാര്‍ത്തകളോട് കങ്കണയോ ഓഫീസോ പ്രതികരിച്ചിട്ടില്ല.
ഡല്‍ഹിയിലും മാണ്ഡ്യയിലും വീടുകള്‍ ഉള്ളതിനാല്‍ ബാന്ദ്രയിലെ വീട് ആവശ്യമില്ലെന്ന് അടുത്ത സുഹൃത്തുകളോട് പറഞ്ഞതായും വാര്‍ത്തകളുണ്ട്. 2020ൽ നിയമവിരുദ്ധ നിർമാണ പ്രവർത്തനങ്ങളുടെ പേരിലാണ് ബി.എം.സി വീടിന്റെ കുറച്ചുഭാഗം പൊളിച്ചത്. നടി ബോംബെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി നടപടി ഒഴിവാക്കി. ബി.എം.സിക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തെങ്കിലും പിൻവലിച്ചു.
‘എമർജൻസി’യാണ് കങ്കണയുടെ അടുത്ത ചിത്രം. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് ഈ സിനിമയിൽ കങ്കണ വേഷമിടുന്നത്. ഈ സിനിമ സംവിധാനം ചെയ്യുന്നതും കങ്കണ തന്നെയാണ്. 2023ൽ പുറത്തിറങ്ങിയ തേജസ് ആയിരുന്നു കങ്കണയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ബോക്സോഫിസിൽ സിനിമ വൻപരാജയമായിരുന്നു. ചന്ദ്രമുഖി, തലൈവി, പങ്ക, ജഡ്ജ്മെന്റൽ, സിമ്രൻ തുടങ്ങി സമീപകാലത്ത് ഇറങ്ങിയ കങ്കണയുടെ ചിത്രങ്ങളെല്ലാം വൻ പരാജയമായിരുന്നു.
Adjust Story Font
16