Quantcast

'രാജ്യം സുരക്ഷിത കരങ്ങളിലാണ്, ആശങ്കപ്പെടേണ്ടതില്ല'; സൽമാൻ ഖാനെതിരായ വധഭീഷണിയിൽ കങ്കണ റണാവത്ത്

തനിക്കെതിരെ മുമ്പ് ഭീഷണിയുണ്ടായപ്പോൾ സർക്കാർ സുരക്ഷ നൽകിയിരുന്നെന്ന് കങ്കണ

MediaOne Logo

Web Desk

  • Updated:

    2023-05-01 06:13:26.0

Published:

1 May 2023 6:04 AM GMT

രാജ്യം സുരക്ഷിത കരങ്ങളിലാണ്, ആശങ്കപ്പെടേണ്ടതില്ല; സൽമാൻ ഖാനെതിരായ വധഭീഷണിയിൽ കങ്കണ റണാവത്ത്
X

ബോളിവുഡ് താരം സൽമാൻ ഖാനെതിരായ വധഭീഷണിയിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷിത കരങ്ങളിലാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും കങ്കണ റണാവത്ത് പറഞ്ഞു. വധഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യ ടിവിയുടെ 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ സൽമാൻ തന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ റണാവത്ത്.

'ഇപ്പോൾ റോഡിൽ സൈക്കിൾ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനും പറ്റുന്നില്ല. ഞാൻ ട്രാഫിക്കിലായിരിക്കുമ്പോൾ എനിക്ക് വളരെയധികം സുരക്ഷ ലഭിക്കുന്നു, മറ്റ് ആളുകൾക്കും വാഹനങ്ങൾക്കും അത് അസൗകര്യമുണ്ടാക്കുന്നു, ഗുരുതരമായ ഭീഷണിയുണ്ട്. അതിനാലാണ് സുരക്ഷ ശക്തമാക്കിയത്'' - ടെലിവിഷൻ പരിപാടിയിൽ സൽമാൻ ഖാൻ പറഞ്ഞു. ഞങ്ങൾ അഭിനേതാക്കളാണ്. സൽമാൻ ഖാന് കേന്ദ്ര സർക്കാർ സുരക്ഷയൊരുക്കിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. തനിക്കെതിരെ മുമ്പ് ഭീഷണിയുണ്ടായപ്പോൾ സർക്കാർ സുരക്ഷ നൽകിയിരുന്നെന്നും രാജ്യം സുരക്ഷിതമായ കരങ്ങളിലായതിനാൽ വിഷമിക്കേണ്ട കാര്യമില്ലെന്നും കങ്കണ പ്രതികരിച്ചു.

പൂർണ്ണ സുരക്ഷയോടെയാണ് താൻ എല്ലായിടത്തും പോകുന്നതെന്നും സൽമാൻ ഖാൻ വ്യക്തമാക്കി. ഞാൻ വിദേശത്ത് ആയിരിക്കുമ്പോൾ ഇതൊന്നും ആവശ്യമില്ല, പൂർണ്ണമായും സുരക്ഷിതനാണ്. ഇന്ത്യക്കകത്ത് ചെറിയ പ്രശ്‌നമുണ്ട്. എന്ത് ചെയ്താലും സംഭവിക്കാൻ പോകുന്നതെല്ലാം സംഭവിക്കുമെന്ന് എനിക്കറിയാം. ദൈവമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ടി.വി പരിപാടിയിൽ മുകളിലേക്ക് കൈചൂണ്ടി സൽമാൻ ഖാൻ പറഞ്ഞു. അതിനർത്ഥം സ്വതന്ത്രമായി കറങ്ങി നടക്കുമെന്നല്ലെന്നും താരം കൂട്ടിച്ചേർത്തു.

സൽമാൻ ഖാനെതിരായ വധഭീഷണിയിൽ ദിവസങ്ങൾക്ക് മുമ്പ് പ്രായപൂർത്തിയാകാത്ത ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏപ്രിൽ 10 നാണ് സൽമാൻ ഖാനെ വധിക്കുമെന്ന ഭീഷണി സന്ദേശമെത്തിയത്. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയയാളാണ് ഫോൺ വിളിച്ചത്. താൻ ഗോ രക്ഷകനാണെന്നും ഏപ്രിൽ 30 ന് സൽമാൻ ഖാനെ വധിക്കുമെന്നുമായിരുന്നു ഭീഷണി.

വിളിച്ചയാൾ പ്രായപൂർത്തിയാകാത്തയാളാണെന്ന് കണ്ടെത്തിയതായി മുംബൈ പോലീസ് അറിയിച്ചു. എന്നാൽ ഭീഷണി സന്ദേശം ഗൗരവമായി എടുക്കേണ്ടതില്ലെന്നും ഇയാള്‍ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സൽമാൻ ഖാന് ഭീഷണി സന്ദേശമയച്ചതിന് ധഖദ് റാം എന്നയാളെ മാർച്ച് 26 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിദ്ധു മൂസ്വാലയുടെ അതേ ഗതി സൂപ്പർ താരത്തിനും നേരിടേണ്ടിവരുമെന്ന് പ്രതി അയച്ച ഇ-മെയിൽ സന്ദേശത്തിലുണ്ടായിരുന്നു.

TAGS :

Next Story