കന്നഡ നടിയും അവതാരകയുമായ അപര്‍ണ വസ്തരെ ശ്വാസകോശ അർബുദത്തെ തുടർന്ന് മരിച്ചു
ഡിഡി ചന്ദനയിലെയും നിരവധി സർക്കാർ പരിപാടികളുടെയും അവതാരകയായി തിളങ്ങിയിട്ടുള്ള അപര്‍ണക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു
ബെംഗളൂരു: മുതിർന്ന കന്നഡ നടിയും ടെലിവിഷൻ അവതാരകയും മുൻ റേഡിയോ ജോക്കിയുമായ അപർണ വസ്തരെ അന്തരിച്ചു. 57 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ചികിത്സയിലായിരുന്നു.
ഡിഡി ചന്ദനയിലെയും നിരവധി സർക്കാർ പരിപാടികളുടെയും അവതാരകയായി തിളങ്ങിയിട്ടുള്ള അപര്‍ണക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. 1998-ൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എട്ട് മണിക്കൂർ തുടർച്ചയായി ഷോകൾ അവതരിപ്പിച്ച് അവർ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 1984-ൽ പുട്ടണ്ണ കനഗലിൻ്റെ അവസാന ചിത്രമായ ‘മസനദ ഹൂവു’വിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച അവർ നിരവധി കന്നഡ ടിവി ഷോകളിൽ അഭിനയിച്ചിട്ടുണ്ട്. ബെംഗളൂരു മെട്രോയുടെ അനൗണ്‍സ്മെന്‍റുകള്‍ക്ക് പിന്നിലും അപര്‍ണയുടെ ശബ്ദമായിരുന്നു.
ബിഗ് ബോസ് കന്നഡയിലും മത്സരാര്‍ഥിയായിരുന്നു. ജനപ്രിയ കോമഡി ഷോയായ 'മജാ ടാക്കീസ്' ലെ അപര്‍ണ അവതരിപ്പിച്ച വരലക്ഷ്മി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടി. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം നിരവധി സിനിമ, ടെലിവിഷൻ, സാഹിത്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ വസ്തരെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. "നടിയും പ്രശസ്ത അവതാരകയുമായ അപർണയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. പ്രമുഖ കന്നഡ ചാനലുകളിലെ പരിപാടികളിലും സർക്കാർ പരിപാടികളിലും കന്നഡ ഭാഷയിൽ വളരെ ഗംഭീരമായി അവതരിപ്പിച്ച് സംസ്ഥാനത്ത് മുഴുവൻ പേരുകേട്ട ബഹുമുഖ പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞു'' സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.
Adjust Story Font
16