Quantcast

19ാം വയസിൽ തുടങ്ങിയ അമ്മ വേഷം; 20ാം വയസിൽ മക്കളായി സത്യനും പ്രേം നസീറും; പൊന്നമ്മയെന്ന ആറ് പതിറ്റാണ്ട് നീണ്ട അനശ്വര മാതൃഭാവം

20ാം വയസിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ നിറഞ്ഞാടി. അന്ന് തന്റെ അച്ഛനേക്കാൾ പ്രായമുണ്ടായിരുന്നു സത്യനെന്ന് പൊന്നമ്മ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2024-09-20 14:28:44.0

Published:

20 Sep 2024 2:25 PM GMT

19ാം വയസിൽ തുടങ്ങിയ അമ്മ വേഷം; 20ാം വയസിൽ മക്കളായി സത്യനും പ്രേം നസീറും; പൊന്നമ്മയെന്ന ആറ് പതിറ്റാണ്ട് നീണ്ട അനശ്വര മാതൃഭാവം
X

കിരീടം, കുടുംബവിശേഷം, ചെങ്കോൽ, തനിയാവർത്തനം, വാത്സല്യം, സന്ദേശം, ഇൻ ഹരിഹർന​ഗർ, തേൻമാവിൻ കൊമ്പത്ത്, ആയുഷ്കാലം, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, മാന്നാർ മത്തായി സ്പീക്കിങ്, ഹിസ് ഹൈനസ് അബ്ദുല്ല, ബാബാ കല്യാണി... ഇങ്ങനെ മലയാളത്തിലെ എണ്ണമറ്റ അമ്മ വേഷങ്ങൾ. മലയാളികളെ ലാളിക്കുകയും കരയിക്കുകയും ഞെട്ടിക്കുകയും ചെയ്ത നിരവധി അമ്മ വേഷങ്ങളിലൂടെ അതുല്യമായ മാതൃസ്നേഹം വരച്ചിട്ട കവിയൂർ പൊന്നമ്മ. അതിലേറെയും മോഹൻലാലിന്റെ അമ്മവേഷം. എല്ലാ അമ്മവേഷങ്ങളിലും തന്റേതായ കൈയൊപ്പു ചാർത്തിയ അപൂർവ നടി. ഒടുവിൽ, മലയാള സിനിമയുടെ ആ വാത്സല്യഭാവം അരങ്ങൊഴിഞ്ഞിരിക്കുന്നു.

ഗായികയായാണ് പൊന്നമ്മയുടെ കലാപ്രവേശനം. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ അഭിനയ ലോകത്തേക്ക് കടന്നുവന്നത്. തുടർന്ന് വെള്ളിത്തിരയിലെത്തിയ അവർ മികച്ച അമ്മ വേഷങ്ങളിലൂടെയായിരുന്നു മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അമ്മയായി മാറിയത്. നാല് തലമുറയിലെ നായകനടന്മാരുടെ അമ്മ വേഷത്തിലെത്തിയെന്ന പ്രത്യേകതയും കവിയൂര്‍ പൊന്നമ്മയ്ക്കുണ്ട്. സത്യൻ, മധു, പ്രേംനസീർ തുടങ്ങി സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെയെല്ലാം അമ്മവേഷങ്ങളിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. അതിൽ ആദ്യകാലത്ത് സത്യന്റെ നായികയായും അമ്മയായും അവർ വേഷമിട്ടു.

1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ തന്റെ തേരോട്ടം ആരംഭിക്കുന്നത്. രാമായണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരി ആയാണ് കവിയൂര്‍ പൊന്നമ്മ വേഷമിട്ടത്. പിന്നീട് കെപിഎസിയുടെ പ്രധാന നടിയായി മാറിയ പൊന്നമ്മ സംഗീതപഠനവും ആലാപനവും മുടക്കിയില്ല. അക്കാലത്തെ പ്രശസ്ത ഗായിക കവിയൂർ രേവമ്മയുടെ പിൻഗാമിയായി മാറട്ടെ എന്ന ആശംസയോടെ അരങ്ങേറ്റച്ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന നാട്ടുപ്രമാണി‍ പ്രവർത്യാരാണ് പൊന്നമ്മയ്ക്ക് കവിയൂർ പൊന്നമ്മ എന്ന പേര് നൽകിയത്.

19ാം വയസില്‍, 1964ൽ 'കുടുംബിനി' എന്ന ചിത്രത്തിലൂടെയാണ് കവിയൂർ പൊന്നമ്മ അമ്മ റോളിലേക്ക് രം​ഗപ്രവേശം ചെയ്തത്. തലയിൽ വെള്ളച്ചായം പൂശിയായിരുന്നു ആദ്യ അമ്മ വേഷം. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ 'തൊമ്മന്റെ മക്കൾ' എന്ന സിനിമയിൽ, 20ാം വയസിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ നിറഞ്ഞാടി. അന്ന് തന്റെ അച്ഛനേക്കാൾ പ്രായമുണ്ടായിരുന്നു സത്യനെന്ന് പൊന്നമ്മ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളുടെ കുത്തൊഴുക്കായിരുന്നു. അതിൽ മലയാളിക്ക് മറക്കാനാവാത്ത, ഓരോ പ്രേക്ഷകന്റേയും മനസിൽ മായാത്ത മുഖമായി നിറഞ്ഞുനിൽക്കുന്ന നിരവധി വേഷങ്ങൾ. അമ്മ വേഷങ്ങളാണെങ്കിലും ഓരോന്നിലും ഓരോ താളവും ഭാവവും മലയാളി കണ്ടു. ചിലതിൽ പാവമാണെങ്കിൽ മറ്റു ചിലതിൽ ശക്തയായ കഥാപാത്രങ്ങളായി അവർ ഞെട്ടിച്ചു.

എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി നിര്‍മിച്ച് സംവിധാനം ചെയ്ത 1973ൽ പുറത്തിറങ്ങിയ നിര്‍മാല്യം കവിയൂര്‍ പൊന്നമ്മയുടെ ആദ്യകാലത്തെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നായിരുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിന്റെ ഭാര്യയായി വേഷമിട്ട പൊന്നമ്മയുടെ കഥാപാത്രം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. തൊട്ടടുത്തവര്‍ഷം പുറത്തിറങ്ങിയ നെല്ല് ആയിരുന്നു പൊന്നമ്മയുടെ കരിയറിലെ നാഴികക്കല്ലായി മാറിയത്.

1980കളില്‍ മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി പൊന്നമ്മമാറി. 1989ല്‍ ഇറങ്ങിയ 'ദേവദാസ്' ഏറെ ശ്രദ്ധിക്കപ്പെട്ടു. നാടകീയത നിറഞ്ഞ കഥാപാത്രങ്ങള്‍ മുതല്‍ ഹാസ്യ കഥാപാത്രങ്ങള്‍ വരെ പൊന്നമ്മ ഇക്കാലയളവില്‍ അനായാസം വെള്ളിത്തരയില്‍ അവതരിപ്പിച്ചു. സുകുമാരി, കെപിഎസി ലളിത തുടങ്ങിയ അമ്മ നടിമാർക്കൊപ്പം കവിയൂർ പൊന്നമ്മ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. സ്നേഹവും വാത്സല്യവും നിറഞ്ഞവയായിരുന്നു കവിയൂർ പൊന്നമ്മ അഭിനയിച്ച അമ്മവേഷങ്ങളിൽ ഭൂരിപക്ഷവും.

നാലു തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച പൊന്നമ്മ നല്ലൊരു ഗായിക കൂടിയാണ്. വെച്ചൂർ എസ് സുബ്രഹ്മണ്യയ്യർ, എൽ.പി.ആർ വർമ എന്നിവരുടെ കീഴിൽ നിന്നാണ് അവർ സംഗീതം പഠിച്ചത്. ഡോക്ടർ എന്ന നാടകത്തിലാണ് ആദ്യമായി പാടുന്നത്. തീർഥയാത്ര എന്ന സിനിമയിലെ "അംബികേ ജഗദംബികേ... എന്ന ഭക്തി ഗാനമാണ് കവിയൂർ പൊന്നമ്മയുടെ ആദ്യ സിനിമാഗാനം. നാടകത്തിലും സിനിമയിലുമായി 12ലേറെ ഗാനങ്ങൾ അവർ പാടിയിട്ടുണ്ട്. എം.എസ്. സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ച് ഒടുവിൽ നടിയായി, പിന്നെ മലയാള സിനിമയുടെ തന്നെ അമ്മയായി മാറുകയായിരുന്നു കവിയൂര്‍ പൊന്നമ്മ.

2022ൽ പുറത്തിറങ്ങിയ കണ്ണാടിയായിരുന്നു അഭിനയിച്ച അവസാന ചിത്രം. ഒടുവിൽ 79ാം വയസിൽ മലയാള സിനിമയുടെ അരങ്ങൊഴിയുമ്പോഴും മലയാളിയുടെ മനസിന്റെ അരങ്ങിൽ എന്നും അനശ്വര മാതൃത്വമായി അവരുണ്ടാവും.



TAGS :

Next Story