ഇടവേളക്ക് വീണ്ടും എസ്.പി വെങ്കിടേഷിന്‍റെ സംഗീതം; പറന്നു പോകാം ആ വിന്‍റേജ് കാലത്തേക്ക്
കിട്ടിയാൽ ഊട്ടി സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോസഫാണ്
കിട്ടിയാല്‍ ഊട്ടി മ്യൂസിക് വീഡിയോയില്‍ നിന്ന്
എണ്‍പതുകളുടെയും തൊണ്ണൂറുകളുടെയും ക്ലാസ്സിക് സോംഗ്സ് എന്നു വിശേഷിപ്പിക്കാവുന്ന എണ്ണമറ്റ മലയാളചലച്ചിത്ര ഗാനങ്ങൾക്കു ഈണം പകർന്ന എസ്.പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. 'കിട്ടിയാൽ ഊട്ടി' എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയിൽ വിന്‍റേജ് അനുഭൂതി ഉണർത്തുന്ന ഒരു പാട്ടുമായാണ് അദ്ദേഹം എത്തുന്നത്. കഴിഞ്ഞ 30 വർഷത്തിൽ, മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങൾക്കു സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ എസ് പി വെങ്കിടേഷിന്‍റെ പിറന്നാൾ ദിന (മാർച്ച് 5) ത്തിലാണ് വീഡിയോ റിലീസായത്.
കിട്ടിയാൽ ഊട്ടി സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോസഫാണ്. സ്റ്റുഡന്‍റ് വിസയിലും മറ്റും നാടുവിടുന്ന എണ്ണമറ്റ മലയാളി യുവതലമുറയുടെ വിഷയം ചർച്ച ചെയ്ത ഒടിടി ചിത്രം 'ദി പ്രൊപ്പോസലി'ന്‍റെ സംവിധായകനാണ് ജോ.മൺമറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്‍റെ മകൾ എലിസബത്ത് ഡെന്നീസാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഒരു വിന്‍റേജ് കാലത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങൾക്കു സംഗീതമൊരുക്കിയ എസ്.പി വെങ്കിടേഷ് തന്നെയാണ് പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.
ഏഴു മിനിറ്റ് ദൈർഘ്യ വീഡിയോ ഊട്ടിയിലും വിദേശത്തുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകനായ ജോ ജോസഫ് തന്നെയാണ് നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്. അമര രാജ , ക്ലെയർ സാറ മാർട്ടിൻ ,അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബ്രിട്ടീഷ് സിനിമകളിലൂടെ ശ്രദ്ധേയയായ സൂസൻ ലൂംസഡൻ ആണ് ദൃശ്യാവിഷ്ക്കാരമൊരുക്കിയിരിക്കുന്നത്. പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഗാനമാലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനുമാണ്.മലയാളത്തിനു പുറമെ തമിഴിലും ഇറങ്ങുന്ന വീഡിയോയുടെ പകർപ്പവകാശം സൈന മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 'മാണിക്ക മാട്ടരം ' എന്നാണ് തമിഴ് പതിപ്പിന്റെ പേര്. പി.ആർ.ഒ- അജയ് തുണ്ടത്തിൽ.
Adjust Story Font
16