'മുഗളന്മാർ ചെയ്തതെല്ലാം മോശമാണെങ്കില്‍ എന്തുകൊണ്ട് താജ്മഹലും ചെങ്കോട്ടയും തകർക്കുന്നില്ല': നസീറുദ്ദീന്‍ ഷാ
അടുത്തിടെ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനിന്‍റെ പേര് അമൃത് ഉദ്യാന്‍ എന്ന് മാറ്റിയിരുന്നു
മുഗളന്മാർ ചെയ്തതെല്ലാം മോശമാണെങ്കില്‍ താജ്മഹലും ചെങ്കോട്ടയും തകർക്കൂവെന്ന് ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ. മുഗള്‍ ചിഹ്നങ്ങള്‍ എല്ലാം മായ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍, ബി.ജെ.പി ശ്രമങ്ങള്‍ക്കിടെയാണ് രൂക്ഷ വിമര്‍ശനവുമായി നസീറുദ്ദീന്‍ ഷാ രംഗത്തുവന്നത്. അടുത്തിടെ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനിന്‍റെ പേര് അമൃത് ഉദ്യാന്‍ എന്ന് മാറ്റിയിരുന്നു. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് നസീറുദ്ദീന്‍ ഷാ വിമര്‍ശനമുന്നയിച്ചത്.
എല്ലാ തിന്മകളുടെയും ആൾരൂപമാണ് മുഗളന്മാർ എന്ന ആശയം രാജ്യത്തിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് നസീറുദ്ദീന്‍ ഷാ പറഞ്ഞു. മുഗളന്മാരെ ചരിത്ര പുസ്തകങ്ങള്‍ ഒരു പരിധി വരെ മഹത്വവത്കരിച്ചിട്ടുണ്ടായിരിക്കും എന്നാല്‍ ചരിത്രത്തിലെ അവരുടെ സമയം ദുരന്തമായി തള്ളിക്കളയാന്‍ സാധിക്കില്ലെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു.
മുഗൾ സാമ്രാജ്യം ഇത്ര പൈശാചികമായിരുന്നെങ്കിൽ അതിനെ എതിർക്കുന്നവർ എന്തുകൊണ്ട് അവർ നിർമിച്ച സ്മാരകങ്ങൾ ഇടിച്ചുവീഴ്ത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു."അവർ ചെയ്തതെല്ലാം ഭീകരമാണെങ്കിൽ, താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും ഇടിച്ചുതകര്‍ക്കട്ടെ. എന്തുകൊണ്ടാണ് നമ്മൾ ചെങ്കോട്ടയെ പവിത്രമായി കണക്കാക്കുന്നത്, ഇത് ഒരു മുഗളൻ നിർമിച്ചതാണ്. നമ്മൾ അവരെ മഹത്വപ്പെടുത്തേണ്ടതില്ല, പക്ഷേ അവരെയും അപകീർത്തിപ്പെടുത്തേണ്ട ആവശ്യമില്ല", നസീറുദ്ദീന്‍ ഷാ പറഞ്ഞു.
"ഇംഗ്ലീഷുകാരെ തുരത്താൻ ജീവൻ നൽകിയ മനുഷ്യനാണ് ടിപ്പു സുൽത്താൻ, അദ്ദേഹം ഇവിടെ അപമാനിക്കപ്പെട്ടു!. നിങ്ങൾക്ക് ടിപ്പു സുൽത്താനെ വേണോ അതോ രാമക്ഷേത്രം വേണേയെന്നാണ് ചോദിക്കുന്നത്?' ഇത് എന്ത് യുക്തിയാണ്? ഇവിടെ സംവാദത്തിന് ഇടമുണ്ടെന്ന് ഞാൻ കരുതുന്നില്ല, കാരണം അവർക്ക് ഒരിക്കലും എന്‍റെ കാഴ്ചപ്പാട് കാണാൻ കഴിയില്ല, എനിക്ക് അവരുടെ കാഴ്ചപ്പാട് ഒരിക്കലും കാണാൻ കഴിയില്ല", നസീറുദ്ദീന്‍ ഷാ കൂട്ടിച്ചേർത്തു. രാജ്യത്ത് ഒരു ബൗദ്ധിക സംഭാഷണത്തിന് ഇടമുണ്ടോ എന്ന ചോദ്യത്തിന് തീര്‍ത്തും ഇല്ലായെന്നും നസീറുദ്ദീന്‍ ഷാ മറുപടി നല്‍കി.
Adjust Story Font
16