Quantcast

കുഞ്ചാക്കോ ബോബന്‍ നായകനായ 'അറിയിപ്പ്' തിയറ്ററുകളിലേക്കില്ല, നെറ്റ്ഫ്ലിക്സ് റിലീസിന് ഒരുങ്ങുന്നു

17 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലൊക്കാര്‍നോ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ ചിത്രമാണ് 'അറിയിപ്പ്'

MediaOne Logo

ijas

  • Updated:

    2022-10-13 02:34:05.0

Published:

13 Oct 2022 2:32 AM GMT

കുഞ്ചാക്കോ ബോബന്‍ നായകനായ അറിയിപ്പ് തിയറ്ററുകളിലേക്കില്ല, നെറ്റ്ഫ്ലിക്സ് റിലീസിന് ഒരുങ്ങുന്നു
X

കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിലെത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയ 'അറിയിപ്പ്' നെറ്റ്ഫ്ലിക്സ് റിലീസിന് ഒരുങ്ങുന്നു. 17 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലൊക്കാര്‍നോ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ ചിത്രമാണ് 'അറിയിപ്പ്'. ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ പ്രീമിയറായാകും ചിത്രം പ്രദര്‍ശിപ്പിക്കുക. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുത്തിട്ടുണ്ട്. മഹേഷ് നാരായണനാണ് 'അറിയിപ്പ്' തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മാലിക്കിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് അറിയിപ്പ്. ഫെസ്റ്റിവലുകളിലെ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമായിരിക്കും ചിത്രം നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശിപ്പിക്കുക.

ദൽഹിക്കടുത്തുള്ള ഒരു മെഡിക്കൽ ഗ്ലൗസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള കുടിയേറ്റ ദമ്പതികളായ ഹരീഷും (കുഞ്ചാക്കോ ബോബന്‍) രശ്മിയും (ദിവ്യ പ്രഭ) മെച്ചപ്പെട്ട ജീവിതത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു. കോവിഡ് ലോക്ക്ഡൗൺ സമയത്ത്, ഫാക്ടറി തൊഴിലാളികൾക്കിടയിൽ ഇവര്‍ തമ്മിലുള്ള ഒരു പഴയ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെടുന്നതും അത് ദമ്പതികളുടെ ജോലിക്കും വിവാഹത്തിനും ഭീഷണിയാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. തുടര്‍ന്നുനടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാകും 'അറിയിപ്പ്' പറയുന്നത്.

ഷെബിൻ ബക്കറും മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സാനു വർഗീസ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സുഷിൻ ശ്യാമിന്‍റേതാണ് സംഗീത സംവിധാനം. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രം കൂടിയാണ് അറിയിപ്പ്. ടേക്ക് ഓഫ്, സീ യൂ സൂണ്‍, മാലിക് എന്നിവയാണ് മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മുന്‍ ചിത്രങ്ങള്‍.

TAGS :

Next Story