ദുരൂഹതകളുടെ ചുരുളുകളുമായി കുറുപ്പ് നാളെയെത്തും; റിലീസ് 450 തിയറ്ററുകളില്‍
തിയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 450ലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. വേൾഡ് വൈഡ് 1500 തിയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ്.
മലയാള സിനിമ ഇതുവരെ കാണാത്ത രീതിയില്‍ വ്യത്യസ്തമായിട്ടാണ് ചിത്രത്തിന്‍റെ പ്രൊമോഷൻ വർക്കുകൾ നടത്തുന്നത്. കുറുപ്പിന്‍റെ ട്രയ്‌ലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫയിൽ ഇന്നലെ രാത്രി പ്രദർശിപ്പിച്ചിരുന്നു. ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചലച്ചിത്രമാണ് കുറുപ്പ്. ബുർജ് ഖലീഫയിൽ ട്രയിലർ പ്രദർശനം നടന്നപ്പോൾ, ദുൽഖറും ഭാര്യയും മകളും അവിടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിൽ അങ്ങോളമിങ്ങോളം കുറുപ്പ് അനൌൺസ്‌മെന്‍റിനൊപ്പം 'വാണ്ടഡ്' പോസ്റ്ററുകളും വിതരണം ചെയ്‌ത് റോഡ് ഷോയും മറ്റും നടത്തി കുറുപ്പ് ടീം ശ്രദ്ധ നേടിയിരുന്നു.
ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചെലവഴിച്ചു.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ്.
Adjust Story Font
16