ലാപതാ ലേഡീസ് ഓസ്‌കറിൽ നിന്ന് പുറത്ത്, ഇനി ഇന്ത്യയുടെ പ്രതീക്ഷ 'അനൂജ'യില്‍
ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിൽ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്ന ലാപതാ ലേഡീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓസ്‌കർ ചുരുക്കപ്പട്ടികയിൽ ഇടംനേടിയില്ല.
97-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ലാപതാ ലേഡീസ് ചുരുക്കപ്പെട്ടികയിൽനിന്ന് പുറത്ത്. കിരൺ റാവു സംവിധാനം ചെയ്‌ത ചിത്രം 'ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിൽ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ ഇടംനേടിയില്ല.
അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്സ് ആൻഡ് സയൻസസ് (AMPAS) പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ നിർമാതാവായ ആമിർ ഖാൻ രംഗത്തെത്തിയിരുന്നു. നിരാശയുണ്ടെന്നും എന്നാൽ, ഈ യാത്രയിലുടനീളം ലഭിച്ച അവിശ്വസനീയമായ പിന്തുണയ്ക്കും വിശ്വാസത്തിനും വളരെയധികം നന്ദിയുണ്ടെന്നും ആമിർ ഖാൻ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ചില മികച്ച സിനിമകൾക്കൊപ്പം ഈ അഭിമാനകരമായ പ്രക്രിയയിൽ ഉൾപ്പെടുന്നത് ഒരു ബഹുമതിയാണ്. ഇത് അവസാനമല്ല, ഒരു പടി മുന്നിലാണ്. കൂടുതൽ ശക്തമായ കഥകൾ ജീവിതത്തിലേക്ക് കൊണ്ടുവരാനും അവ ലോകവുമായി പങ്കിടാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ആമിർ ഖാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'ലാപത ലേഡീസ്' ചുരുക്കപ്പെട്ടികയിൽനിന്ന് പുറത്തായെങ്കിലും ഇന്ത്യക്ക് പ്രതീക്ഷ ബാക്കിയാണ്. ഗുനീത് മോങ്ക നിര്‍മിച്ച 'അനൂജ' ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയേപ്പറ്റി പറയുന്ന ഹ്രസ്വ ചിത്രമാണ് അനുജ. ഇതിനോടകം നിരവധി അവാർഡുകളും ഈ ഷോർട് ഫിലിം കരസ്ഥമാക്കിയിട്ടുണ്ട്. ആദം ജെ ഗ്രേവസ്, സുചിത്ര മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം.
ഐആം സ്റ്റില്‍ ഹീയര്‍ - ബ്രസീല്‍, യൂണിവേഴ്‌സല്‍ ലംഗ്വേജ് - കാനഡ, വേവ്സ് -ചെക്ക് റിപ്പബ്ലിക്, ദ ഗേള്‍ വിത്ത് നീഡില്‍ - ഡെന്‍മാര്‍ക്ക്, എമിലിയ പെരെസ് - ഫ്രാന്‍സ്, ദ സീഡ് ഓഫ് സെക്രട്ട് ഫിഗ് -ജര്‍മ്മനി, ടെച്ച് - ഐസ്‌ലാൻഡ്, ക്‌നക്യാപ് - അയര്‍ലാന്‍റ്, വെർമിലിയൻ - ഇറ്റലി, ഫ്ലോ -ലാത്വിയ, അർമാൻഡ് - നോര്‍വേ, ഫ്രം ഗ്രൗണ്ട് സീറോ - പാലസ്‌തീന്‍, ഡഹോമി- സെനഗള്‍, ഹൗടു മേയ്ക്ക് മില്ല്യണ്‍ ബിഫോര്‍ ഗ്രാന്‍റ്മാ ഡൈസ് - തായ്‌ലൻഡ്, സന്തോഷ് - യുകെ എന്നിവയാണ് ഓസ്‌കാർ ഷോർട് ലിസ്റ്റിൽ ഇടംനേടിയ മറ്റുചിത്രങ്ങൾ.
Adjust Story Font
16