'പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയിട്ട് നാലു വർഷം'; കുറിപ്പുമായി ലാൽ
"ആരാണ് കുറ്റക്കാരൻ, ആരാണ് നിരപരാധിയെന്നൊക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പോലീസുണ്ട്, നിയമമുണ്ട്, കോടതിയുണ്ട്"
നടി ആക്രമിക്കപ്പെട്ട കേസിൽ തന്റെ പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി നടനും സംവിധായകനുമായ ലാൽ. പുതിയ പ്രസ്താവനകളുമായി താൻ ഒരിക്കലും വരില്ലെന്നും കുറ്റക്കാരനും നിരപരാധിയും ആരൊക്കെയെന്ന് നിയമം തീരുമാനിക്കട്ടെയെന്നും ലാൽ കുറിച്ചു. തനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ടെന്നും എന്നാൽ അതൊന്നും മറ്റുള്ളവരിൽ കെട്ടിയേൽപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ലാലിന്റെ കുറിപ്പ്
പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാലു വർഷത്തോളമാകുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവർത്തകരോട് അന്നേ ദിവസം വീട്ടിൽ സംഭവിച്ച കാര്യങ്ങൾ ഞാൻ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളിൽ ഞാൻ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല; കാരണം നിങ്ങൾക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാൻ സാധിച്ചിട്ടുള്ളു എന്നതു തന്നെയാണ്. എന്നാൽ നാലുവർഷം മുമ്പുള്ള ആ ദിവസങ്ങളിൽ ദിലീപിനെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളിൽ ഞാൻ പ്രതികരിച്ചിട്ടുണ്ടായിരുന്നു.
ഇപ്പോൾ ഈ കുറിപ്പെഴുതാൻ കാരണം അന്ന് ഞാൻ പ്രതികരിച്ച കാര്യങ്ങൾ വിഷ്വലില്ലാതെ എന്റെ ശബ്ദം മാത്രമായി ഇന്നു ഞാൻ പറയുന്ന അഭിപ്രായമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഒരുപാടു പേർ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലർ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലർ അസഭ്യ വർഷങ്ങളും എന്റെ മേൽ ചൊരിയുന്നതിൽ ഞാൻ അസ്വസ്ഥനായതുകൊണ്ടുമാണ്.
ആരാണ് കുറ്റക്കാരൻ, ആരാണ് നിരപരാധിയെന്നൊക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പോലീസുണ്ട്, നിയമമുണ്ട്, കോടതിയുണ്ട്; അവരുടെ ജോലി അവർ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്; പക്ഷെ അതൊന്നും മറ്റുള്ളവരിൽ കെട്ടിയേൽപ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ട് തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാൻ വരികയുമില്ല.
എന്റെ ഈ കുറിപ്പ് കണ്ടതിനു ശേഷം 'അന്ന് സത്യം തിരിച്ചറിയാതെ പോയ ലാൽ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു' എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാർത്തകളിൽ കുത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊണ്ട്, യഥാർത്ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടേ.... ഇരയ്ക്ക് നീതി ലഭിക്കട്ടെ.. പ്രാർത്ഥനകളുമായി. -
Adjust Story Font
16