Quantcast

'കപ്പ് മുഖ്യം ബിഗിലേ'; വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് ആരാധകർ, ലിയോ വിജയാഘോഷത്തിനിടെ താരത്തിന്റെ മറുപടി

ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഏറ്റവും അത്യാവശ്യമെന്നും വിജയ്ക്ക് അതുണ്ടെന്നും നടൻ അർജുൻ സർജയും ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Updated:

    2023-11-02 14:51:39.0

Published:

2 Nov 2023 2:39 PM GMT

കപ്പ് മുഖ്യം ബിഗിലേ; വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് ആരാധകർ, ലിയോ വിജയാഘോഷത്തിനിടെ താരത്തിന്റെ മറുപടി
X

ദളപതി വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ കുറച്ചുകാലങ്ങളായി ചർച്ചാവിഷയമാണ്. വിജയ് അധികം വൈകാതെ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചനകൾ പലയിടത്തുനിന്നും ഉയർന്നിരുന്നു. 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ വിജയ് ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇപ്പോഴിതാ 'ലിയോ' സിനിമയുടെ വിജയാഘോഷ ചടങ്ങിനിടെ താരം നടത്തിയ പരാമർശമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വേദിയിലെത്തിയ വിജയ്‍യോട് പരിപാടിയുടെ അവതാരകരിലൊരാള്‍ പല ചോദ്യങ്ങള്‍ ചോദിച്ചതില്‍ ഒന്ന് 2026 നെക്കുറിച്ചായിരുന്നു. എന്നാൽ, "2025 ന് അപ്പുറം വേറെ വര്‍ഷം ഇല്ലെ" എന്നുപറഞ്ഞ് വിജയ് ഒഴിഞ്ഞുമാറി. വിട്ടുകൊടുക്കാതെ അവതാരകൻ വീണ്ടും ചോദിച്ചപ്പോൾ "ഫുട്ബോള്‍ വേള്‍ഡ് കപ്പ്. അത് ഏത് വര്‍ഷമാണ്? നീ ചെക്ക് പണ്ണ് ബ്രോ. 2026 ലാണ് വേള്‍ഡ് കപ്പ്" എന്നായിരുന്നു വിജയ്‍യുടെ മറുപടി.

കൊഞ്ചം സീരിയസാവണ്ണേ.. പുറം നാട്ടിലെ കാര്യമല്ല, തമിഴ്നാട്ടിലെ കാര്യമാണ് ചോദിച്ചതെന്ന് അവതാരകന്‍. ഈ ചോദ്യത്തിന് "കപ്പ് മുഖ്യം ബി​ഗിലേ" എന്ന സ്വന്തം ചിത്രത്തിലെ ഡയലോഗ് കടമെടുത്തായിരുന്നു വിജയ്‍യുടെ മറുപടി. ഇപ്പോഴാണ് ആ വേള്‍ഡ് കപ്പ് ഫുട്ബോള്‍ എവിടെയാണ് നടക്കുന്നതെന്ന് തനിക്ക് മനസിലായതെന്ന് അവതാരകനും പറഞ്ഞു. ഇതോടെയാണ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളാണ് താരം നൽകിയതെന്ന് ആരാധകർ ഉറപ്പിക്കുന്നത്.

അതേസമയം, വിജയ് ഉടനെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് നടനും സംവിധായകനുമായ അർജുൻ സർജയും പരാമർശിച്ചിരുന്നു. പ്രതികരിക്കേണ്ട സമയങ്ങളിലെല്ലാം വിജയ് പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടൻ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നുമായിരുന്നു ലിയോ വിജയാഘോഷ ചടങ്ങിൽ അർജുൻ പറഞ്ഞത്. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഏറ്റവും അത്യാവശ്യമെന്നും വിജയ്ക്ക് അതുണ്ടെന്നും അർജുൻ സർജ ചൂണ്ടിക്കാട്ടി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിൽ ലിയോയുടെ മറ്റെല്ലാ അണിയറ പ്രവര്‍ത്തകരും താരങ്ങളും പങ്കെടുത്തിരുന്നു.

TAGS :

Next Story