Quantcast

വീട്ടുജോലിക്കാരിയായി എത്തി, പിന്നെ സഹോദരിയായി, ഇപ്പോള്‍ അമ്മയും; ഹൃദയം തൊടുന്ന കുറിപ്പുമായി നടന്‍ മോഹിത് മല്‍ഹോത്ര

വീട്ടുജോലിക്കാരിയായി ഭാരതി എത്തിയതോടെ എല്ലാം മാറിമറിഞ്ഞു. എന്‍റെ ജീവിതം തന്നെ അടുക്കും ചിട്ടയുമുള്ളതായി മാറി

MediaOne Logo

Web Desk

  • Published:

    3 Jun 2021 3:43 AM GMT

വീട്ടുജോലിക്കാരിയായി എത്തി, പിന്നെ സഹോദരിയായി, ഇപ്പോള്‍ അമ്മയും; ഹൃദയം തൊടുന്ന കുറിപ്പുമായി നടന്‍ മോഹിത് മല്‍ഹോത്ര
X

കൂടെപ്പിറപ്പാവണമെങ്കില്‍ ഒരമ്മയുടെ വയറ്റില്‍ തന്നെ പിറക്കണമെന്നില്ല എന്ന് പറയാറില്ലേ..രക്തബന്ധത്തെക്കാള്‍ വലുതൊന്നുമില്ല എന്ന് പലരും പറയുമ്പോഴും അതിനെക്കാള്‍ ആഴത്തിലുള്ള പല ബന്ധങ്ങളുമുണ്ടെന്ന് കാലങ്ങളും ആളുകളും തെളിയിച്ചിട്ടുണ്ട്. നമ്മളില്‍ പലര്‍ക്കും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ട്. നടന്‍ മോഹിത് മല്‍ഹോത്രക്ക് ഈ ലോക്ഡൌണ്‍ കാലത്ത് കരുതലായത് വീട്ടുജോലിക്കാരിയായിരുന്നു. വീട്ടുജോലിക്കാരിയായി എത്തിയ ഭാരതിക്ക് പിന്നെ മോഹിതിന്‍റെ അമ്മയായിട്ടായിരുന്നു 'സ്ഥാനക്കയറ്റം' ലഭിച്ചത്. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഹൃദ്യമായ ജീവിതാനുഭവം പങ്കുവയ്ക്കപ്പെട്ടത്.

മോഹിതിന്‍റെ വാക്കുകള്‍

കഴിഞ്ഞ 12 വര്‍ഷമായി മുംബൈയിലാണ് ഞാന്‍ താമസിക്കുന്നത്. തിരക്ക് നിറഞ്ഞ വര്‍ക്ക് ഷെഡ്യൂള്‍, രാത്രികാല ഷൂട്ടിംഗുകള്‍ എല്ലാം കൈകാര്യം ചെയ്യുക ബുദ്ധിമുട്ടായിരുന്ന നാളുകള്‍. വീട്ടുജോലിക്കാരിയായി ഭാരതി എത്തിയതോടെ എല്ലാം മാറിമറിഞ്ഞു. എന്‍റെ ജീവിതം തന്നെ അടുക്കും ചിട്ടയുമുള്ളതായി മാറി. 2013 മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ അവളെന്‍റെ അടുക്കളയും വീടും ഏറ്റെടുക്കുകയായിരുന്നു. അവളെന്‍റെ അമ്മയെ വിളിച്ച് എനിക്ക് ഇഷ്ടമുള്ള ഭക്ഷണമേതെന്ന് തിരക്കി അവ എനിക്ക് ഉണ്ടാക്കി തന്നു. അമ്മയുണ്ടാക്കുന്ന അതേ രുചിയില്‍ ദാല്‍ ഉണ്ടാക്കി.

ഗൂഗിള്‍ നോക്കി തായ് കറി ഉണ്ടാക്കാന്‍ അവളെനിക്ക് വേണ്ടി പറഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ ഞങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമായി മാറി. ഞാന്‍ മൂഡോഫായി ഇരിക്കുമ്പോള്‍ അവള്‍ രുചികരമായ രാജ്മ ചാവല്‍ ഉണ്ടാക്കിത്തന്നു. രാത്രി വൈകിയെത്തുന്ന ദിവസങ്ങളില്‍ പുറത്തു നിന്നും ഭക്ഷണം വാങ്ങുന്ന ശീലം എനിക്കുണ്ടായിരുന്നു. ആരോഗ്യത്തിന് നല്ലതല്ലെന്ന് പറഞ്ഞ് അവളത് വിലക്കി. ഞാന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലോ സങ്കടപ്പെട്ടിരുന്നാലോ അവളെന്‍റെ അമ്മയെ വിളിച്ച് എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെടും. ഒരു സഹോദരിയെപ്പോലെയാണ് എനിക്ക് തോന്നിയത്. ഭാരതിയുടെ മകന്‍ രോഹിതുമായും എനിക്ക് അടുപ്പമുണ്ട്. ഉപരിപഠനത്തിന് പോകാന്‍ അവന് താല്‍പര്യമുണ്ടായിരുന്നു. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് അവനെ പിന്നിലേക്ക് വലിച്ചു. ഞാന്‍ രോഹിതിന്‍റെ പഠനച്ചെലവുകള്‍ ഏറ്റെടുത്തു. എന്‍റെ മരുമകനാണ് അവന്‍.

2020ല്‍ ലോക്ഡൌണ്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഡല്‍ഹിയില്‍ കുടുങ്ങിപ്പോയി. എന്‍റെ വീട്ടില്‍ മാത്രമാണ് ഭാരതി ജോലി ചെയ്തിരുന്നത് എന്നറിയാവുന്നതുകൊണ്ട് ഞാനവളുടെ ശമ്പളം മുടക്കിയിരുന്നില്ല. രണ്ടിടത്തായിരുന്നെങ്കിലും ഞങ്ങള്‍ പരസ്പരം വിളിക്കും, സുഖ വിവരങ്ങള്‍ അന്വേഷിക്കും. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ മംബൈയില്‍ തിരിച്ചെത്തി. എനിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കി കാത്തിരിക്കുകയായിരുന്നു അവര്‍.ബോളിവുഡ് പാട്ടുകള്‍ കേട്ടുകൊണ്ട് വളരെ വേഗത്തില്‍ വീട്ടുജോലികള്‍ തീര്‍ക്കാറുണ്ട് ഭാരതി. ഞാനവളെ ലോക്ഡൌണ്‍ അമ്മയെന്നാണ് ഇപ്പോള്‍ തമാശയായി വിളിക്കുന്നത്. അതു കേള്‍ക്കുമ്പോള്‍ ഭാരതി ചിരിക്കും.

TAGS :

Next Story