Quantcast

അബായ ധരിക്കുമ്പോൾ രാജ്ഞിയെ​പ്പോലെ, അല്ലാഹുവിന് വിധേയപ്പെടാനാണ് സിനിമ ഉപേക്ഷിച്ചത്: മുംതാസ്

തെറ്റുകളിൽ നിന്ന് പുറത്തുവരാൻ ആഗ്രഹമുണ്ടെന്നും അടുത്ത തവണ ഒരുമിച്ച് മക്കയിലേക്ക് പോകാമെന്നും ഷക്കീല

MediaOne Logo

Web Desk

  • Updated:

    2024-04-06 14:43:37.0

Published:

6 April 2024 2:32 PM GMT

mumtaz_mumo
X

ചെന്നൈ: അല്ലാഹുവിന് പൂർണമായും വിധേയപ്പെടാൻ വേണ്ടിയാണ് സിനിമ ഉപേക്ഷിച്ചതെന്ന് മുൻ ചലച്ചിത്ര താരം മുംതാസ്. തമിഴ് ചാനലിൽ നടി ഷക്കീലയുമായുള്ള അഭിമുഖത്തിലായിരുന്നു മുംതാസിന്റെ തുറന്നുപറച്ചിൽ. നമുക്ക് എന്തും അല്ലാഹുവിനോട് ആവശ്യപ്പെടാം. എന്നാൽ, അത് നൽകണോ വേണ്ടയോ എന്നത് അല്ലാഹുവിന്റെ ഇഷ്ടമാണ്. അതേസമയം, ഹിദായത്ത് (മാർഗനിർദേശം) ചോദിച്ചാൽ അല്ലാഹു നൽകുക തന്നെ ചെയ്യും. ഞാൻ ഇപ്പോഴും അത് തേടുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്നെ അവന്റെ പാതയിലലേക്ക് തെരഞ്ഞെടുത്തിരിക്കുന്നുവെന്നും മുംതാസ് പറഞ്ഞു.

ഈ മാറ്റത്തിന് നിരവധി കാരണങ്ങളുണ്ട്. പല സമയത്തും നമസ്കാരം പോലും ഇല്ലായിരുന്നു. പിന്നീട് ഖുർആനും അതിന്റെ വ്യാഖ്യാനങ്ങളിലൂടെയും കടന്നുപോയി. അപ്പോഴും ഞാൻ സിനിമയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. പിന്നീട് സിനിമയിൽ വലിയ വിജയങ്ങൾ വന്നു. ഈ സമയത്തും ആത്മീയമായ പാതകൾ പിന്തുടർന്നു.

മൗലാന താരീഖ് ജമീലാണ് എന്നിൽ വലിയ സ്വാധീനം ചെലുത്തിയത്. ഈ പരിവർത്തനത്തിന് അല്ലാഹു അദ്ദേഹത്തെയാണ് നിയോഗിച്ചത്. തെറ്റുകൾ ഓർത്ത് ഞാൻ ഒരുപാട് കരയാറുണ്ട്. അതിൽ നിന്ന് മോചനം നേടാനായി പ്രാർഥനകൾ ആരംഭിച്ചുവെന്നും മുംതാസ് വ്യക്തമാക്കി.

ഇത്തവണ ഹജ്ജിന് പോകുന്നുണ്ട്. ഈ ലോകത്ത് എനിക്ക് ഒരേയൊരു ഇടത്തേക്ക് പോകാൻ ​മാത്രമാണ് ഇഷ്ടം. അത് മക്കയും മദീനയുമാണ്. അബായ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇപ്പോൾ അത് മാത്രമാണ് ധരിക്കാറ്. ലോകത്തിലെ ഏറ്റവും മുന്തിയ ഇനം വസ്ത്രങ്ങളെല്ലാം താൻ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ, അബായ ധരിക്കുമ്പോൾ കൂടുതൽ ഭംഗിയുള്ളതായി അനുഭവപ്പെടുന്നു. അബായ ധരിക്കുമ്പോൾ ഞാനൊരു രാജ്ഞിയെപ്പോലെയാണ്.

ഇൻസ്റ്റാഗ്രാമിൽ ഇപ്പോഴും പഴയ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുതുതായി എ​ന്നെക്കുറിച്ച് അറിയുന്ന ആളുകൾ എന്റെ ഈ പരിവർത്തനം മനസ്സിലാക്കണം എന്ന് ഉദ്ദേശിച്ചാണ്. അവർ ഒരിക്കലും ഗൂഗിളിൽ പോയി എന്റെ ചിത്രങ്ങൾ തിരയരുത്. എന്റെ കൈയിൽ ഒരുപാട് പണം വന്നാൽ താൻ അഭിനയിച്ച സിനിമകളുടെയെല്ലാം അവകാശം വാങ്ങി എല്ലാം നശിപ്പിക്കും. ഞാൻ നാളെ മരിച്ചുപോകുമ്പോൾ എന്റെ മോശം പടങ്ങൾ പങ്കുവെക്കരുത് എന്ന് മാത്രമാണ് എല്ലാവരോടുമുള്ള അഭ്യർഥനയെന്നും മുംതാസ് വ്യക്താമക്കി.

കുട്ടികളും കുടുംബവുമെല്ലാം ആഗ്രഹമുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം അതിന് സാധ്യമല്ലെന്നും അതിനാലാണ് കല്യാണം കഴിക്കാ​ത്തതെന്നും ഷക്കീലയുടെ ചോദ്യത്തിന് മുംതാസ് മറുപടി പറഞ്ഞു. എല്ലാവർക്കും അല്ലാഹു എല്ലാം നൽകില്ല. ആരുടെയും ബാധ്യതയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

താനും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ടെന്നും അതിൽനിന്ന് എങ്ങനെ പുറത്തുവരാൻ കഴിയുമെന്നും ഷക്കീല മുംതാസിനോട് ചോദിച്ചു. ‘അല്ലാഹു തീർച്ചയായും തെറ്റുകളിൽ നിന്ന് പുറത്തുകൊണ്ടുവരും. അതിന് വേണ്ടി നിങ്ങൾ പ്രാർഥിക്കൂ. ആളുകൾ എന്ത് വിചാരിക്കും എന്ന് കരുതേണ്ട. ദൈവം എല്ലാം പൊറുക്കുന്നുവനാണ്’ -എന്നായിരുന്നു മുംതാസിന്റെ മറുപടി. മാറ്റത്തിനായി പ്രാർഥിക്കാമെന്നും അടുത്തവർഷം നമുക്ക് ഒരുമിച്ച് മക്കയിലേക്ക് പോകണമെന്നും ഷക്കീല പറഞ്ഞു.

മുംബൈ സ്വദേശിനിയായ മുംതാസിന്റെ യഥാർഥ നാമം നഗ്മ ഖാൻ എന്നാണ്. 1999ൽ പുറത്തിറങ്ങിയ മോനിഷ എൻ മോനിഷ എന്ന തമിഴ്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അതിനുശേഷം മലയളാമടക്കമുള്ള നിരവധി സിനിമകളിൽ വേഷമിട്ടു. 2015ഓടെ സിനിമ മേഖലയോട് വിടപറഞ്ഞു. 2018ലെ ബിഗ്ബോസ് തമിഴിലും മുംതാസുണ്ടായിരുന്നു. പിന്നീട് പൂർണമായും ആത്മീയ മേഖലയിലേക്ക് മാറുകയായിരുന്നു. 2022ൽ മുംതാസ് ഉംറ നിർവഹിച്ചതും ഏറെ വാർത്തയായിരുന്നു.

TAGS :

Next Story