'ചെയർമാൻ ദിലീപിന്റെ സിനിമയ്ക്ക് മാറ്റമില്ല; ഫിയോക് സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം'
ഫിയോക് സമരം കാരണം പുതിയ റിലീസുകൾ തടസപ്പെടാൻ സാധ്യതയില്ലെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി
ലിസ്റ്റിന്‍ സ്റ്റീഫന്‍
കൊച്ചി: തിയറ്റർ ഉടമകളുടെ സംഘടന ഫിയോക് പ്രഖ്യാപിച്ച സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ട്രഷറർ. സമരത്തിനിടയിലും ഫിയോക് ചെയർമാൻ ദിലീപിന്റെ റിലീസിനു മാറ്റമില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ ആരോപിച്ചു. ഫിയോക് സമരം കാരണം പുതിയ റിലീസുകൾ തടസപ്പെടാൻ സാധ്യതയില്ലെന്നും സമരത്തോട് ഫിയോക്കിനകത്തുതന്നെ എതിർപ്പുണ്ടെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ഫിയോക്കിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ലിസ്റ്റിൻ വ്യക്തമാക്കി.
ഒരു മാധ്യമത്തിലൂടെയാണു സമരത്തെക്കുറിച്ച് അറിഞ്ഞതെന്ന് ലിസ്റ്റിൻ പറഞ്ഞു. ഫിയോക് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങൾ നിലവിൽ ഞങ്ങളെ ബാധിക്കുന്നില്ല. എല്ലാ ഫിയോക് അംഗങ്ങളുടെയും അനുവാദത്തോടെ പറഞ്ഞതല്ല ഇതെന്നാണു ബന്ധപ്പെട്ടപ്പോൾ അറിയാനായത്. പല അംഗങ്ങളും ഇതിനെതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''നാല് ചിത്രങ്ങളും ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനിമുതൽ റിലീസ് ചെയ്യില്ലെന്നാണു പറയുന്നത്. അഥവാ റിലീസ് പ്ലാൻ ചെയ്താലും നടക്കാത്ത സാഹചര്യമാണ്. കേരളത്തിലെ മുഴുവൻ സ്‌ക്രീനും ഹൗസ്ഫുൾ ഷോകളോടെ സിനിമകൾ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏതു വലിയ നടന്റെ സിനിമ വന്നാലും റിലീസ് ചെയ്യാൻ പറ്റില്ലെന്നതാണു വാസ്തവം.''
ഫിയോക് പ്രസിഡന്റ് പറഞ്ഞ പല കാര്യങ്ങളും സാധ്യമല്ലെന്നും ലിസ്റ്റിൻ വ്യക്തമാക്കി. 42 ദിവസത്തിനുശേഷം മാത്രമേ ഒ.ടി.ടിക്കു നൽകാവൂവെന്നു പറഞ്ഞത് സാധ്യമല്ല. ഫിലിം ചേംബറിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഫിയോക്കിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ ഒരുക്കമല്ല. ഇതിലൊന്നും ഒറ്റയ്ക്കു തീരുമാനമെടുക്കാനാകില്ല.
ഫിയോക്കിന്റെ ചെയർമാൻ ദിലീപാണ്. അദ്ദേഹമാണ് ഏഴാം തിയതി അദ്ദേഹത്തിന്റെ ചിത്രത്തിന്റെ റിലീസ് വച്ചിരിക്കുന്നത്. ഫിയോക് സിനിമ പ്രദർശിപ്പിക്കില്ലെന്നും പറയുന്നു. അതിൽ തന്നെ അവ്യക്തതയുണ്ട്. ഇക്കാര്യം അവർ പരിഹരിക്കുമെന്നാണു കരുതുന്നതെന്നും ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫിയോക് പ്രഖ്യാപിച്ച സമരം ആരംഭിച്ചത്. പുതിയ മലയാളം സിനിമകൾ ഫിയോക്കിനു കീഴിലുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യില്ലെന്നാണു നേതാക്കൾ വ്യക്തമാക്കിയത്. സിനിമകളുടെ ഒ.ടി.ടി റിലീസിങ്, കണ്ടന്റ് മാസ്റ്ററിങ് തുടങ്ങിയ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് ഫിയോക് സമരം പ്രഖ്യാപിച്ചത്.
Summary: Producers' Association treasurer Listin Stephen told MediaOne that he doubts the intention of the strike announced by theater owners' association FEUOK
Adjust Story Font
16