Quantcast

ലോകേഷിന് ക്രിമിനൽ മൈൻഡ്, മാനസികനില പരിശോധിക്കണം; മധുരെ കോടതിയിൽ ഹരജി

'ലിയോ' കണ്ട് മാനസികസംഘർഷം ഉണ്ടായെന്നും 1000 രൂപ നഷ്ടപരിഹാരം വേണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.

MediaOne Logo

Web Desk

  • Published:

    3 Jan 2024 12:54 PM GMT

lokesh kanagaraj
X

ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജിനെതിരെ കോടതിയിൽ ഹരജി. ലോകേഷിനെ മനഃശാസ്ത്രപരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മധുരെ ഒതക്കട സ്വദേശി രാജമുരുകൻ എന്നയാളാണ് മധുരെ ജില്ലാ കോടതിയെ സമീപിച്ചത്.

ലോകേഷ് തന്റെ സിനിമകളിലൂടെ അക്രമം പ്രോത്സാപ്പിക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു. 'ലിയോ' സിനിമയിലൂടെ അക്രമവും ലഹരി ഉപയോഗവും മഹത്വവത്കരിച്ചുകൊണ്ട് സമൂഹത്തിന് തെറ്റായ മാതൃക നൽകുന്നുവെന്നും രാജമുരുകൻ ആരോപിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങൾ പോലീസിന്റെ പിന്തുണയോടെ കുറ്റകൃത്യം ചെയ്യുന്നത് സിനിമ പ്രേക്ഷകർക്കിടയിൽ മോശം മാതൃക സൃഷ്ടിക്കുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സിനിമകൾക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകുമ്പോൾ സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പ്രത്യേകം ശ്രദ്ധിക്കണമെന്നും രാജമുരുകൻ ഹരജിയിൽ ആവശ്യപ്പെട്ടു.

കുട്ടികൾക്കിടയിൽ തെറ്റായ സന്ദേശം നൽകാനിടയുള്ളതിനാൽ ലിയോയുടെ ടെലിവിഷൻ സംപ്രേഷണം തടയണമെന്നും ലോകേഷ് കനകരാജിനെ മനഃശാസ്ത്ര പരിശോധനക്ക് വിധേയമാക്കണമെന്നും രാജമുരുകൻ ഹരജിയിൽ പറയുന്നു. ലിയോ കണ്ടശേഷം മാനസികസംഘർഷം ഉണ്ടായെന്നും അതിനാൽ 1000 രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുണ്ട്. ലോകേഷിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിക്കാരന്റെ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് ഹരജി പരിഗണിക്കാൻ മാറ്റി.

'മാസ്റ്റർ' എന്ന ചിത്രത്തിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രമാണ് ലിയോ. ലോകേഷ്, രത്‌നകുമാർ, ദീരജ് വൈദി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ്‌യെ കൂടാതെ, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, മിഷ്‌കിൻ, സാൻഡി, ഗൗതം മേനോൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം 600 കോടിയിലധികം രൂപയാണ് നേടിയത്.

TAGS :

Next Story